3/31/14

ദൈവത്തിന്റെ അല്പത്തരങ്ങൾ

കോളേജുകാലത്തിലേതോ പ്രണയദിനങ്ങൾ ദൈവമേ,
മുപ്പത് വയസ്സാവും വരെ പരസ്യജീവിതം നയിക്കാതിരുന്ന നമ്മുടെ കർത്താവ്,
എന്തൊക്കെ സുവിശേഷസത്യങ്ങൾ നമുക്ക് ആ കാലം നൽകിയില്ല ഓ! നഷ്ടമേ-
നിന്റെ പേര് ഈശോയെന്നാവുന്നു.

ജയവർദ്ധൻ സാറിന്റെ മൂത്രത്തിന്റെ ഷുഗറുമാത്രം നോക്കി നാം
ബെനഡിക്ട് റീയേജന്റ് തളിച്ച് മാമോദീസമുങ്ങി
ഓമനക്കുഞ്ഞിന്റെ പേരുവരെയിട്ടുകളഞ്ഞു;
ഈശോ! പറവട്ടാനിപ്പള്ളിയിലെ മാതാവ് -
ദിവ്യഗർഭത്തെ അബോർട്ട് ചെയ്യാനൊരുങ്ങി.

നടത്തറ വരെ പോവുന്ന ബസ്സിൽ,
ചെന്നിറങ്ങിയാൽ കാണുന്നതമ്പലത്തിനുമുന്നിലെ ഹോസ്റ്റൽഗേറ്റിൽ,
സെക്യൂരിറ്റിച്ചേട്ടാ, ഒരു ഫുള്ള് സമർപ്പിക്കാനുണ്ടങ്ങേത്തിരുമുമ്പിൽ; അപ്പോൾ
സകലപ്രാർത്ഥനകളും കേട്ട് കരിപിടിച്ച കുടുസ്സുമുറിയുള്ള പ്രതിഷ്ഠയ്ക്കുതോന്നി,
ഇനിമുതൽ വാങ്കുവിളികേട്ടാൽ കമിഴ്ന്നുകിടന്നു നിസ്കരിക്കണം,
വിശുദ്ധവാരം തുടങ്ങുമ്പോൾ ഓശാനയിലയെടുത്ത് കത്തിച്ചു
കുമ്പസാരിച്ച് അനുതപിച്ച് ഇരുമ്പുകടയിൽ‌പ്പോയി മൂന്നാണികൾ വാങ്ങിവെക്കണമെന്ന്.
എപ്പോഴാണ് ഓരോ കുരിശുകൾ വരുന്നതെന്നറിയില്ലല്ലോ.

 നീ വന്നാലും വന്നില്ലെങ്കിലും,
എല്ലാ മരച്ചുവട്ടിലും ഞാൻ ചെന്നിരുന്നു,
'വരാ ശരത്തിങ്കലതൊന്നുപോലുമേ';
ഋതുക്കൾ വന്നു മുഖക്കുരുവായി പൊട്ടിക്കൊണ്ടിരുന്നു,
കാലം മഷിയില്ലാതെ ആത്മഹത്യാക്കുറിപ്പുകളെഴുതി,
പരീക്ഷകളിൽ ചോദ്യങ്ങളുണ്ടായി,
ആദിയിൽ വചനമുണ്ടായി ( എന്താടോ വാര്യരേ താൻ നന്നാവാത്തത് )

 ക്ലാസ്മുറികളിൽ പാഠവും പാഠാന്തരങ്ങളും പാഠഭേദങ്ങളും ഹോ!
പിന്നെ ദേ!
സെമിനാർ ഹാളിൽ നീ പ്രസന്റ് ചെയ്യുമ്പോൾ
ഞാനെല്ലാം കേട്ടിരുന്ന് തലയാട്ടുമ്പോൾ
നിന്റെ പുഞ്ചിരി കാണുമ്പോൾ
ഹൈഡ്രജനും ഓക്സിജനും തമ്മിൽ ചുംബിക്കും
മഴ പെയ്തൊലിക്കുന്ന ആകാശത്തിൽ 
കുട കൊണ്ടു മറച്ച നാണത്താൽ 
മഴ നനയാതെ നമ്മൾ നടന്നുപോവും.


ഓ! പിന്നെയും ഹൈഡ്രജനും ഓക്സിജനും
ചുംബിച്ചുപതയ്ക്കുന്ന കടൽ കടൽ
കെട്ടിപ്പിടിച്ചു മലർന്നുകിടക്കുന്നു 
പുളകത്താൽ പുളയ്ക്കുന്നു.
വെള്ളം വീഞ്ഞായത് ഈ ലഹരിമൂത്തിട്ടാണെന്ന് 
മൊബൈൽ ഫോണിൽ ഒരു മെസേജ് വന്നു.

അനന്തരം പരസ്യജീവിതമാരംഭിച്ച യേശു
മറിയത്തെ സ്ത്രീയേ എന്നുവിളിക്കാൻ തുടങ്ങി.
ആദ്യരാത്രിയിൽ യേശു ആദ്യമായി ഒരു സ്ത്രീയുടെ മുഖത്തുനോക്കി,
എന്നിട്ട് അവിടുന്ന് സുവിശേഷം പ്രസംഗിക്കാൻ തുടങ്ങി.
അന്നാദ്യമായ് സുവിശേഷം ബോറടിക്കുന്നു ഗുരോ എന്ന് -
സ്നാപകൻ ചെരുപ്പഴിച്ചു;ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുമ്പോലെ-
താക്കോൽ‌പ്പഴുതുകളുടെ പ്രലോഭനത്തെ അതിജീവിക്കാൻ -
നിരന്തരം പ്രാർത്ഥിച്ചു; ഒളിക്യാമറകളുടെ ഭാഗ്യമേ സ്തോത്രം സ്തോത്രം.
യേശു പിതാവിനെ സ്തുതിച്ചു, ഞാനും എന്റെ പിതാവും ഒന്നാകുന്നു എന്നു ദീർഘിച്ചു.
രാത്രിയിൽ പഴച്ചാറുമാത്രം കുടിക്കുന്ന നിന്നെ,
എത്രയും വേഗം ഏദൻ തോട്ടത്തിൽനിന്ന് പുറത്താക്കിയ ദൈവമേ,
ഏതു തോട്ടക്കാരനാണിത്രയും പഴച്ചാറു നൽകാനാവുക പെണ്ണേ;
അനന്തരം അവളുടെ നെറ്റിയിൽ കുരിശുവരച്ചു,
പ്രലോഭനങ്ങളിൽ അകപ്പെടാതിരിക്കാൻ നിരന്തരമായ് പ്രാർത്ഥിക്കുക.
കുരിശുകണ്ടാൽ കേറിക്കിടക്കാൻ തോന്നരുതേ എന്നുപ്രാർത്ഥിച്ചുകൊണ്ട്-
യേശു ഒരു പഞ്ചാരച്ചിരി ചിരിച്ചു,
ആ ചിരിയിൽ ബനഡിക്ട്  റീയേജന്റ് ചുവന്നു തുടുത്തു.
പരീക്ഷയിൽ പാസായ യേശുവിനെ 
മാതാവ് പിടിച്ചു മടിയിൽ കിടത്തി;
ദൈവം കടന്നുവന്ന് അവളെ കല്ലെറിഞ്ഞു,
അങ്ങോര് പാപം ചെയ്തിട്ടില്ല പോലും.
അപ്പോഴും അവളുടെ കണ്ണുകളിൽ 
ഹൈഡ്രജനും ഓക്സിജനും ചുംബിച്ചു,
അപ്പോൾ രൂപം കൊണ്ട സാൾട്ട് എവിടുന്നുവന്നു എന്നറിയാത്തതിനാൽ
യേശു വൈവാപരീക്ഷയിൽ തോറ്റുപോയി.

രഹസ്യജീവിതത്തെക്കുറിച്ച് സുവിശേഷത്തിൽ ഇല്ലാത്തതിനാൽ

അമ്മയും മകനും ആശ്വാസത്തോടെ  രൂപക്കൂടുകളിലേക്ക് മടങ്ങി,
അവർ മെഴുകുതിരികൾ എരിയുന്നതു കണ്ടു പുളകം പൂണ്ടു.
മൂന്നാണികൾ ദൂരെയെറിഞ്ഞ് ഭഗവതി,
ഉത്സവത്തിന് മാലയും വളയുമണിയാമെന്ന് സന്തോഷിച്ചു. 
വാങ്കുവിളികേട്ട പോത്തുകൾ ജീവനും കൊണ്ടുപരക്കം പാഞ്ഞു.
അങ്ങനെ കേരളത്തിൽ മതേതരത്വം പുനസ്ഥാപിക്കപ്പെട്ടു.


3/26/14

പിറ്റേന്ന്

ഈ നഗരം ഒരു ശരീരമാണ്.
ഈ കടൽ അതിന്റെ ഹൃദയമാണ്.
നാം ഈ നഗരത്തെ ഒളിപ്പിച്ചുകടത്തുന്നുണ്ട്,
കപ്പലുകളുപേക്ഷിച്ച ഏകാന്തതയുടെ തുറമുഖത്തുനിന്നും.
പുളഞ്ഞുകൊണ്ടിരിക്കുന്ന പകലുകളെമുഴുവൻ ഉറക്കി-
പ്പിഴിഞ്ഞെടുത്ത വിയർപ്പുകുപ്പായം,
കുടുക്കിട്ടു പരസ്പരം പ്രണയത്താൽ പുണർന്ന്,
അപായത്തിന്റെ സന്ധ്യകൾ താണ്ടി,
മഹാമൌനങ്ങളുടെ അപാരസാധ്യതകൾനിറഞ്ഞ രാത്രി,
നീ തുറന്നുവച്ച ഇരുളിന്റെ വാതിലിലൂടെ,
അകലങ്ങളിലേക്ക്-
നഗരമേ,
നാം നടക്കുക.
ഈ കടലിനെ മറക്കുക.
ചിലപ്പോൾ ഇതുതന്നെയാവും,
ഈരാത്രിപുലരും മുമ്പേ,
നമുക്ക് ചെയ്യാനാവുക.

സസന്ദേഹം

 യാത്രികരുപേക്ഷിച്ച വഴികളിൽ
വീണുപോയ നിഴലുകൾ
രക്ഷപെടാനരുതാതെ.
വെളിച്ചം മായ്ക്കുന്നതിനാലും
പിന്നെയുമെഴുതുന്നതിനാലും
നിഴലിന്റെ നിഴലേ, 
നീ എവിടെപ്പോയൊളിക്കുന്നു.

ഒരേവഴിയിൽ പലവഴികളുണ്ട്
വഴിയിലേക്കിറങ്ങിനിന്ന തണലുപറഞ്ഞത്
ഞാൻ മരത്തിൽനിന്നും വന്നുവെന്നാണ്,
എങ്ങോട്ടേക്കു പോകുന്നു?
വഴിയിൽ നിന്നാൽ ഒരിടത്തേക്കും പോകണമെന്നില്ല,
ഒരു വഴിയായി എന്നുപറഞ്ഞാലിതാണ്.

വേരുകൾ നഷ്ടമാവുന്ന-
സഞ്ചാരിയുടെ മഷിപ്പേനപോലെ,
ചുംബനങ്ങളുടെ വിനിമയഭാഷകൾ
കണ്ണീരുവീണു മഷിപടർന്നുപോവുന്നു;
ചുണ്ടുകൾകൊണ്ടുപൊതിഞ്ഞുവെക്കുന്ന
മുറിവാണു ചുംബനം.

ഓർമ്മകളുടെ അധരങ്ങളെപ്പാനം ചെയ്യുമ്പോൾ,
മഴയുടെ കോലായിൽ രാത്രിയുടെ മഹാമൌനങ്ങൾ 
ക്ഷമയോടെയിരിക്കുന്നു; ഇനിയും വിചാരണകൾ കഴിയാനുണ്ട്.

ആകാശം ഭൂമിയോടു സംസാരിക്കുന്നതാണ് മഴ.
പ്രണയിച്ചും തിരസ്കരിച്ചും വെറും മണ്ണിലൂടെ ,
നനഞ്ഞ പാദങ്ങളോടെ നടന്നകലുമ്പോൾ
ഇപ്പോഴും എനിക്കു വിഷമമാണ്,
ഈ സംസാരം അവസാനിക്കുന്നതെനിക്കു വിഷമമാണ്.

പകൽക്കാടുകളുടെ ചില്ലകളിൽനിന്നും -
പകലന്തിക്കുപറന്നുപോം പക്ഷികളെപ്പോൽ,
ചില നേരങ്ങളിൽ ചിലതെല്ലാം നിശ്ചിതമെന്നതാശ്ചര്യം.
നിദ്ര അജ്ഞാതനായ സഞ്ചാരിയും 
മഴ അതിന്റെ കുതിരക്കാരനുമാണ്.

ചിലപ്പോൾ ഒച്ചിനോടും ആമയോടും ആദരം തോന്നണം.
വീട്ടിലേക്കുള്ള വഴിയിലെത്തുമ്പോൾ,
വീട് കാണുമ്പോൾ-
പുറന്തോടുകളാലില്ലാതാവുന്ന അനാഥത്വവുമായി നമ്മൾ.



3/23/14

ഫ്ലാഷ് ബാക്കിലെ നായിക

ഹോസ്റ്റൽ മുറികളിൽ
കറന്റുപോയാലോരിയിടുന്ന കുറുക്കന്മാരേ,
ഈ സീനിൽ-
കുറുകാൻ മാത്രമറിയുന്ന ലവന്മാർക്ക്,
മൊഞ്ചുപിടിച്ചേക്കാം....
പക്ഷെ പ്രണയമെന്നത്
മുഷിഞ്ഞാൽ മാറിയിടാവുന്ന കുപ്പായമാവണം,
ഷീല മിണ്ടിയില്ലെങ്കിൽ ജയഭാരതി മിണ്ടും.
അതിനാലെന്റെ പഴയ മരക്കുറ്റീ,
നിന്നെക്കാണുമ്പോൾ
ചെറുതായിപ്പോയ ഒന്നാംക്ലാസ്സിലെ-
ജൂണിഫോമോർമ്മവരുന്നു.
ഞാനെന്റെ ‘റ’യ്ക്ക് ഒരു കൊളുത്തു തൂക്കി
‘ക’ എന്നെഴുതിയ കാലം പോലെ,  so simple
എല്ലാം പണ്ടൊരു കാടായിരുന്നു,
ഏതു കസ്തൂരിരംഗനും ഒന്നു സൂക്ഷിച്ചുവെച്ചോ,
തീപിടിച്ചാലോ
എന്നു പറയാൻ തോന്നുന്ന കാട്;
ഇപ്പോ ബ്രോ! ഫീലിംഗ് മരക്കുറ്റി.
( തീപിടിക്കാനിനി കാടെവിടെ മക്കളേ, ഹും)

3/21/14

രൂപാന്തരം


Ctrl+Alt+delete
No more

അങ്ങവസാനിപ്പിച്ചേക്കാം എന്ന് പലപ്പോഴും തോന്നുന്നു,
മൊബൈൽ ഫോണിന്റെ ചുവന്ന ബട്ടണിൽ ആഞ്ഞമർത്തി കിടക്കയിലേക്ക് വലിച്ചെറിയുമ്പോൾ,
 ഇരുട്ടുനിറഞ്ഞ കൂസലില്ലാത്ത രാത്രിയുടെ ആകാശമേ
മെഴുകുതിരികളാൽ, മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തിന്നറകളിൽ
പരതുന്നുണ്ട്, നേരുകൾ പിഴച്ചെഴുതിയ ഉത്തരക്കടലാസുകളെ,
വീടുമാറിപ്പോയനേരം  ഉപേക്ഷിച്ചുപോയ പൊട്ടക്കവിതകൾ,
നമുക്ക് നഷ്ടമായ പഴയകാലത്തെ കൊച്ചുവർത്തമാനങ്ങൾ,
അവസാനിപ്പിച്ചുകളഞ്ഞു അവസാനിപ്പിച്ചുകളഞ്ഞു.
നിസ്സംഗമായി, സ്ലൈഡ് ചെയ്യുന്ന ചില്ലുജനാലയിലെ ബ്ലൈൻഡുകൾക്കപ്പുറം,
നിലാവ് ചിതറിക്കിടപ്പുണ്ട്, ചോരയും ഒലിപ്പിച്ച്,
ഒപ്പാനായി പൂവാങ്കുരുന്നിലകളിൽ കനിവില്ല,
ആർദ്രഹിമകണങ്ങളില്ല,
കരിഞ്ഞുണങ്ങിയ ഇൻഡോർപ്ലാന്റിന്റെ നിർവ്വികാരത മാത്രം.
സ്ഫടികപാത്രത്തിൽ, സ്വർണ്ണമത്സ്യം ഗർഭിണിയായി,
പേറ്റുനോവിനാൽ പിടച്ചുറങ്ങാതെയായി.
കുരയ്ക്കാനറിയാത്ത അരുമപ്പട്ടി,
ബെഡ്ഡിൽ മുഖം പൂഴ്ത്തി പെഡിഗ്രിമണക്കുന്ന കോട്ടുവായിട്ടു.
അപ്പോഴും, മേഘങ്ങൾ നിറഞ്ഞ മാനമേ
പലമഴകൾ പെയ്തുവീഴുന്നതെന്തിനൊരേ നെഞ്ചിൽ,
പഴയനൂലാൽ പിഞ്ഞിത്തുന്നിയ ഹൃദയത്തെയടർത്താൻ.
റേഞ്ചുകളുടെ പരിധിക്കപ്പുറം, ടോക്ക്ടൈമുകളവസാനിച്ച്,
പിറുപിറുക്കലുകൾ, ആരും മനസ്സിലാക്കുന്നില്ലെന്നവ്യഥകളൊഴിഞ്ഞ്,
ഈ വിരലുകൾ തുമ്പികളായ് പറന്നുപോകണം,
ഒരു ടെക്സ്റ്റുമയക്കാനില്ലാതെ.
മഴകൾ നനഞ്ഞഴുക്കാകാതെ ഇന്റർലോക്ക് ചെയ്ത,
മുറ്റത്ത് പിറന്നാൾത്തലേന്ന് വാങ്ങിയ കുട്ടിഫിഗോ;
എന്തും വാങ്ങാമെന്നുധരിച്ച ജാഗോ ഗ്രാഹക് ജാഗോ.
 മെമ്മറികൾ ജിബികൾ മാത്രമായ നമുക്ക്
 ഡൌൺലോഡിന്റെ ഡാറ്റാലിമിറ്റുകളില്ലാതെ
വിതുമ്പുന്ന ഒരു മഴപെയ്യുമ്പോൾ രാത്രിയുടെ ഒറ്റപ്പെടലിൽ,
ഒരിക്കലെങ്കിലും തോന്നും
Ctrl+Alt+delete
No more

3/17/14

ജീവിതം എന്നെ എന്തുപഠിപ്പിച്ചു

 നിന്റെ മനസ്സിന്റെ നേർക്ക്,
എന്റെ മനസ്സിലൊരു കണ്ണാടിയുണ്ട്.
ഒരുവാക്കുമാത്രം എനിക്കു നേരേ വായിക്കാനാവും-
ആംബുലൻസ്.
തീർത്തും അത്യാസന്നനിലയിലാണ് ഞാൻ.
പ്രണയമേ നിന്റെ സൈറൺ മുഴങ്ങുന്ന പാച്ചിലിനുപിറകേ
വലിച്ചെടുത്തകാലുമായി ഞാൻ പായുകയാണ്;
ഒരു തെരുവുനായക്ക് കഴിയുന്നരീതിയിൽ,
അവളുടെ വീടിനുചുറ്റും-
ഓടിനടക്കാൻ എനിക്കുതോന്നുന്നു.
അടഞ്ഞുപോയ വാതിലിനെയും,
അകലങ്ങളിലേക്കലച്ചുപോയ കടലിനെയും,
നിഴലുകളെല്ലാം വീണുപോയ മഴമരത്തെയും നോക്കി,
വിളറിപ്പോയ വിഷാദചന്ദ്രനേ നിന്നെനോക്കി,
എനിക്ക് കരയാനോ കവിതയെഴുതാനോ തോന്നുന്നില്ല.
ഐ ഐ എമ്മിലെ ലിവ്-ഇൻ ജീവിതങ്ങളെപ്പറ്റി,
എന്തിന് ചേതൻ ഭഗത്ത്, നിന്റെ നോവലുവായിച്ച്
ഉള്ളുപൊളിഞ്ഞുപോയ  കേരളത്തിന്റെ ഒരു കോണർലവ്സ്റ്റോറി മാത്രമുള്ള ഞാൻ;
ഹോ! വിഷാദകാമുകൻ പിന്നെയും വിഷാദകാമുകനായി.
കോഴിക്കോട് കടപ്പുറത്ത്,
കടലിലെങ്ങനെയോ പോസ്റ്റായിപ്പോയ കുറച്ചുതൂണുകൾ കണ്ട്
കോയിൽഡ് കോയിൽ മുടിയുള്ള പെണ്ണേ,
ഈ കടൽ കോരിക്കൊണ്ടുപോവുന്ന നമ്മുടെ കാൽ‌പ്പാടുകൾക്കായ്,
എന്തിനുവേണ്ടി വീണ്ടും നാം കടൽത്തീരങ്ങളിലെത്തുന്നു;
ക്ഷണനേരത്താൽ പിണങ്ങുന്ന നീ, നിന്റെ മനസ്സിലുള്ള വേവ് ലെങ്തിന്റെ ഒരു വലിയ ട്രഫ്
അത്രയും പിണങ്ങിയാൽ മാത്രമത്രയും കടലുള്ളിൽ തിരയിളക്കിയാൽ,
അളന്നെടുക്കാം അമ്മേ കടലമ്മേ, ഈ വേവ് ലെങ്ത്
ജീവിതമെന്നെ എന്തുപഠിപ്പിക്കാൻ,
പെണ്ണോളം വരുമോ പെണ്ണിലിട്ടത്.

3/16/14

നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ

കടൽകടന്നുവരുന്ന കാറ്റ് 
സ്ഥിരമായി വന്നിരിക്കുന്ന ഒരു മരമുണ്ട്
തലചായ്ച്ചുവെക്കുന്ന ശിഖരമുണ്ട്
ഉമ്മ കൊടുക്കുന്ന ഒരിലയുണ്ട്, 
പിരിഞ്ഞുപോവുമ്പോഴെല്ലാം,
ഇല പിടയ്ക്കുന്നു, അതിലോലലോലം
കാറ്റിലിളകുന്ന കടലേ,
എന്തിനു നീ വീണ്ടും വരുന്നു.

നീലേശ്വരം റെയിൽവ സ്റ്റേഷനിലേക്ക് പിന്നെയും
വർഷങ്ങൾ ഏറെക്കടന്നുപോയ്, ഏറേനാൾക്കഴിഞ്ഞിവിടെഞാൻ
ഓർമ്മമഴകൾ പിന്നിട്ടേതോനെടുവേനൽ മരുഭൂവുകൾ താണ്ടി
വന്നെത്തിയിവിടെ കിതച്ചെത്തും തീവണ്ടിയിൽ
നീലേശ്വരം സ്റ്റേഷനിൽ,
അന്നു നിന്റെ കണ്ണുകൾ എന്റെ ചുമലിനെ നനച്ചുപൊള്ളിച്ചു
അന്നു ഒരു സിമന്റ് ബെഞ്ചിൽ, 
ഒരു ട്രെയിൻ പ്രതീക്ഷിച്ചുനാമിരുന്നു, 
നിന്റെ കൈകൾ എന്റെ കൈകൾക്കുള്ളിലും,
നിന്റെ മുഖം എന്റെ ചുമലിലുമായിരുന്നു.
ഞാൻ മാത്രം കയറിയ ട്രെയിൻ,
ഏറെ ദൂരം കടന്നുപോയി
നീലേശ്വരം സ്റ്റേഷൻ കടന്നുപോയി,
പല പല ട്രെയിനുകൾ പിന്നെയും പിന്നെയും
നീ പിന്നെയും അനേകം പ്രാവശ്യം വന്നിട്ടുണ്ടാവണം,
പല ദിക്കുകളിലേക്കലയാൻ,
മഴകൾ മറന്ന് വെയിലിൽ വിയർത്ത്,
നീലേശ്വരം റെയിൽവേ സ്റ്റേഷൻ , നീലേശ്വരം റെയിൽവേ സ്റ്റേഷൻ
നീയാരെക്കാത്തിങ്ങനെ ഉരുകാതെ  ഉറച്ചുപോയ് കല്ലഹല്യപോൽ

നീയെഴുതിയ കവിത:

നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഒന്നും മാറിയിട്ടില്ല
നാമിരുന്ന സിമന്റ് ബെഞ്ചുകൾ,
വേലിക്കപ്പുറം ചെറുതലപ്പുകൾ
പച്ചകൾ കൊഴിഞ്ഞടർന്നിട്ടുണ്ടാവും,
മഴകൾ അനേകം പെയ്തിട്ടും
വേനലുകൾ കണ്ണീരൊപ്പിയ
ഹാ! നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഒന്നും മാറിയിട്ടില്ല.

 ഞാനും നീയുമെഴുതിയ കവിതകൾ മാത്രം
ഏറേ മാറിപ്പോയിട്ടുണ്ട്,
അതിലെ ധ്വനികൾ, ബിംബങ്ങൾ
താളം, വാക്കുകളുടെ പരിചയം പോലും.
അന്നെഴുതിയ കവിതകൾ 
നമ്മെക്കാണുമ്പോൾ ഇന്ന് ജനഗണമന ചൊല്ലും

ഈ നീലേശ്വരം സ്റ്റേഷനിൽ 
നമ്മെയാരും കാത്തുനിൽക്കാനില്ലാത്ത ഈ സ്റ്റേഷനിൽ,
നീയും ഞാനുമൊരേ തീവണ്ടിയിൽ
മറ്റെവിടേക്കോ പോന്ന നീയും ഞാനും
നീലേശ്വരം സ്റ്റേഷൻ, നാമിരുപേരും കാണുമ്പോൾ
തമ്മിൽ സൌഖ്യമെന്നാരായുമ്പോൾ
നീലേശ്വരം സ്റ്റേഷൻ, നാമിരുപേരും കാണുമ്പോൾ
ആരാരിതെങ്ങോട്ടെന്നറിയാതെ പരിചിതരാവുമ്പോൾ
നീലേശ്വരം സ്റ്റേഷൻ, നാം പുതിയ സ്റ്റേഷനുകളിലേക്ക്
തീവണ്ടിയേറിപ്പായുമ്പോൾ,
നീലേശ്വരം സ്റ്റേഷൻ, ഒരിരമ്പം, ഒരു നിശ്വാസം,


ഞാനെഴുതിയ കവിത:

നിന്റെ കണ്ണുകളിലീത്തിളക്കം,
നീ കൈപൂട്ടിയുറങ്ങുന്നുണ്ടേറെയാത്രാക്ഷീണമുണ്ട്,
ഇങ്ങനെയാത്രയ്ക്കിടയിൽ,
നീലേശ്വരം സ്റ്റേഷൻ കാണുമ്പോൾ
ഓർമ്മകളുടെ പാളങ്ങളിൽ,
ഇനിയേതു സ്റ്റേഷനെത്തിയാൽ 
നീയിറങ്ങുമെന്നോ, ഞാനിറങ്ങുമെന്നോ അറിയില്ല;
നീലേശ്വരം സ്റ്റേഷൻ അപ്പോഴും
കാത്തിരിപ്പൂ
നീലേശ്വരം സ്റ്റേഷൻ പിന്നിടുമ്പോൾ
 പ്രിയേ, നാമിരുവരും മിഴിനീർത്തുടച്ച കാലം,
മാറിനിന്നുതേങ്ങുന്നതെനിക്കു കാണാം.
ഒരുചിറകിനാൽ തേടുന്നുനിന്നെ
മറുചിറകുമായ്,
ഒരേഹൃത്തിൽ നിന്നുമിടിക്കുന്നു,
ദൂരെയൊരുകടൽ സ്പന്ദിക്കുന്നു,
അവിടെ ഞാനും നീയും,
ആ കാറ്റും ഇലയുമുള്ള മരത്തിൽ, 
കടൽ പിടച്ചുണരുന്ന, ഇലഞെട്ടടരുന്ന കാറ്റിൽ
നാമീയാത്രികർ എവിടേക്കറിയാതെയലയുന്നുവെങ്കിലും
ഈ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഒന്നും മാറിയിട്ടില്ല.



3/14/14

കടൽക്കരയിലെ രാത്രി

പ്രണയത്താൽ:-

8 PM:          വിലോലചന്ദ്രൻ നീ വിരൽമുട്ടിയാൽ
                    മാഞ്ഞുപോമതിനെ ഞാൻ 
                   പിടിച്ചുവെച്ചിട്ടുണ്ട് .

9 PM:          നീ പൂമരം, ഞാനുലയും കാറ്റുനിൻ ചില്ലകളിൽ
                    പൂ ചൊരിഞ്ഞ വഴികളിലെത്ര സന്ധ്യകൾ
                    നടന്നകന്നു, നടന്നകന്നു യാത്രികർ നാം.

വിരഹത്താൽ:-

10 PM:      കടൽ കടൽ നിറഞ്ഞുവോ കൺകളിൽ
                  ഘനശ്യാമം പെയ്യാമഴകളുലയുന്നോ 
                  വാനിലക്ഷികളിൽ .

11 PM:      ഇന്നലെകൾ, പിന്നെ നീണ്ട ഇന്നും
                  ഏതുവഴികളിൽ കാറ്റലഞ്ഞതും
                  നീയലഞ്ഞുപരതുന്നതും തേടുന്നതുമെന്തേ?

12 PM:     ഒരു പാട്ടിൻ മറുപാട്ടുപോലെയൊരുവാക്കിൻ
                 മറുവാക്കുപോലെ-
                 ചെറുനാളങ്ങളാൽ നിഴൽ തെളിഞ്ഞെന്തേ
                 ഇരുളും വെളിച്ചവുമാവുന്നതെങ്ങനെ.

മറുതിരകൾ:-

1 AM:      നിലാവിനാലല്ലാതെ കടൽ കവിതകളെഴുതുവതെങ്ങനെ
                 എഴുതിമായ്ച്ചിട്ടും കടൽത്തിരകളെനോക്കി
                  മറുതിരകൾ കടന്നാകാശങ്ങൾ കരയുന്നു
                 നിലാവേ മായരുതേ മായരുതേ....


2 AM:      ഋതുക്കൾ കൈവിടും നമ്മെ
                പേർത്തണയ്ക്കും തിരകളിൽ
                 ഇന്ദുകലശമേ
                 കടലിൽ മുങ്ങുന്നവരിലാർക്ക് ശാന്തി?


3 AM:    അനുരാഗികൾ നമുക്കശാന്തം
               ശ്രുതികളിമ്പത്താൽ രവം
               മുഴങ്ങുന്നു ദിക്കകലങ്ങളിൽ,
               ധ്വനികളാൽ വിഭിന്നഭേരി


4 AM:     മുമ്പേ പറഞ്ഞതെല്ലാം 
               മൌനത്താൽ മറുതിരകൾ
               ചിറകേറിപ്പറക്കുന്നു ചക്രവാളങ്ങൾ കടന്ന്
               മറുതിരകൾ, മറുതിരകൾ.....


6 AM:    തിരകളും ഞാനുമുറങ്ങുമ്പോഴും
               മറുതിരകളാൽ,
              കവിതയാൽ,
              കടൽ കലങ്ങിമറിഞ്ഞു, കലങ്ങിമറിഞ്ഞു.

3/12/14

അങ്ങനെയൊരു പഞ്ചാരക്കാലത്ത്, സോറി പപ്പാ

ജോണീ ജോണീ
പപ്പ വിളിച്ചു
ഞാൻ ജോണി

പഞ്ചാരപ്പാട്ട തുറന്നു ലേശം പഞ്ചാരയടിക്കുമ്പോൾ,
ജോണീ ജോണീ പപ്പ വിളിച്ചു
പത്രം, കണ്ണട കാണ്മാനില്ല.
നറുക്കിട്ടുനോക്കി പത്രത്തിലെ,
ചരമക്കോളത്തിൽ മരിച്ചവരാരൊക്കെ-
യാരെല്ലാം സ്വർഗത്തിലാരെല്ലാം നരകത്തിൽ,
പോവുന്നു, ഇവരെയെല്ലാം ആരോർക്കുന്നു;
ജോണിയല്ലാതെ.
മീശവരച്ചും, കണ്ണാട വരച്ചും, മുടി ബോബ് ചെയ്യിച്ചും,
ജോണീ, ജോണീ
പത്രമെന്തിനു വെട്ടിമുറിച്ചു;
പപ്പ എന്നെയടിച്ചു വള്ളിച്ചൂരൽ,
ഒടിച്ചെറിഞ്ഞേറെച്ചൂരലുകൾ പപ്പ കാണാതെ ഹോ!
ക്രിക്കറ്റിൽത്തോറ്റ രണതുംഗ ബാറ്റു തല്ലിയൊടിച്ചു.

പഞ്ചാരപ്പാട്ട പണ്ടേ തുറന്നവൻ
എങ്കിലും 7 ബിയിലെ ശാലിനീ,
നിനക്കാമധുരം ഇഷ്ടപ്പെട്ടില്ല
നിന്റെയച്ഛൻ ഗൾഫുചോക്ലേറ്റുകൊണ്ടുവരുമല്ലോ;
ഈ പെമ്പിള്ളേരുടെ അച്ഛന്മാർ സുന്ദരന്മാരും മഹാപാരകളുമാകുന്നു.

പന്നിവാൽ മുടികെട്ടിയ പാർവ്വതി വിളിക്കുന്നു,
sums എല്ലാം ചെയ്തോ ജോണീ;
window എന്ന word മിസ്സു പഠിപ്പിച്ചു,
sentence making ചെയ്യാനുണ്ട്;

പപ്പായുടെ ചാർമിനാർ ഒരെണ്ണം പൊക്കുക,
 ക്രിസ്മസ് കഴിഞ്ഞ നാളിൽ വൈനുമായി സ്ക്കൂളിൽ പോവുക,
അതിൽ പച്ചവെള്ളം ചേർത്തുമദ്യപിക്കുക
സ്കൂളിന്റെ മതിലുചാടുക,
ക്രിക്കറ്റ് പന്തു തിരഞ്ഞുചാടിയെന്ന്
സിസ്റ്റർ സ്റ്റാൻസിലാവോസ് മേരിക്കു മൊഴികൊടുത്ത് കുറ്റസമ്മതം നടത്തുക,
പപ്പയുടെ ഒപ്പിട്ട് ചേട്ടൻ റോണീ , നീയനിയന്റെ മാനം കാത്തു.
പപ്പായ്ക്ക് കോളറയാണത്രെ,
( ഇത് പിന്നീട് കോളറക്കാലത്തെപ്രണയമെന്ന്
ചേട്ടൻ മാർക്കേസ് നോവലെഴുതി)

നിധീഷേ, ആ ബബിൾ ഗം ഡെസ്കിലൊട്ടിച്ചതു നീയല്ലേ,
സുബാബോസിന്റെ ഇടികൊള്ളുമ്പോഴെങ്കിലും, ശ്രീനാഥേ, ടാ ഇന്ദ്രൻസേ
നിനക്കെന്റെ പേരെങ്ങനെപറയാൻ തോന്നി.
അജിമോൻ അലക്സേ, നീ എഴുതിയ പ്രേമലേഖനം,
ആ എമിലിട്ടീച്ചറെന്റെ കയ്യിൽ നിന്നുപൊക്കിയപ്പോൾ
അതിലെഴുതിയ സെക്ഷ്വൽ റീപ്രൊഡക്ഷനെക്കുറിച്ച്
ഞാനറിയില്ല എന്നുകരഞ്ഞുപറഞ്ഞപ്പോൾ
സിസ്റ്റർ സ്റ്റാൻസിലാവോസ് മേരിക്കുതോന്നി
ജോണി പറഞ്ഞുകൊടുത്തത്, അജിമോൻ എഴുതി;
അല്ലെങ്കിലും എന്റെ പപ്പ ബാങ്കുമാനേജരല്ലല്ലോ.

ലിസിമോളേ നീയറിഞ്ഞോ ഹവ്വ സ്വർഗ്ഗത്തിൽനിന്നോടിപ്പോയതാണ്
ഒരാപ്പിളുതിന്നതിന് ശിക്ഷിക്കാമെങ്കിൽ ദൈവമേ,
ഓ ജോണീ, eating sugar, telling lies
നീ ചിണുങ്ങുന്നു; ആദിപാപത്തിന്റെ സിനിമാപോസ്റ്റർ,
സ്റ്റാർവേൾഡിലെ ചുരണ്ടിയ പേരുള്ള കാസെറ്റ്,
ലിസീ, അവരു രണ്ടാളും ആപ്പിളുതിന്നുന്നത് ഞാൻ കണ്ടില്ല,
ആപ്പിൾ തിന്നതിന് ശിക്ഷിക്കാൻ,
ദൈവം എന്റപ്പനല്ല, eating sugar, no papa
എന്നിട്ടു പറയൂ, എടീ ലിസി മോളേ
ക്യാറ്റികിസം ക്ലാസ്സിൽ എനിക്കിട്ട് എട്ടിന്റെ പണിതന്ന്
ബൈബിൾ പഴയ നിയമം എന്നെക്കൊണ്ടുവായിപ്പിച്ച്
ആമേൻ ആമേൻ എന്നു നീ പുഞ്ചിരിക്കുന്നതും,
മമ്മി ഹാലേലൂയ എന്നു കണ്ണുതുടയ്ക്കുന്നതും കണ്ടു,
എന്നിട്ടും എല്ലാം മറന്നുനീ, 
മച്ചുനൻ ചന്തൂ, എന്റെ കസിനായ മെൽവിനേ
ജോണിയെ നീ ആരോമലാക്കിയല്ലോ.
 
ആര്യമോളെന്നെ മഴവെള്ളത്തിൽ തള്ളിയിട്ടു,
ജോവിക്കുട്ടി എന്നെ ഓടിത്തോപ്പിച്ചു,
ദീപ്തി തന്ന ചളുങ്ങിയ ചെമ്പുകുടം ഇപ്പോഴും നനഞ്ഞിരിപ്പുണ്ട്,
പാർവ്വതിയുടെ മഷിപ്പേന; ആ ഷർട്ടിലിപ്പോഴും മഷിക്കവിതയുണ്ട്
ചോക്ലേറ്റുതിന്നാൻ പറ്റാത്ത നമ്മൾക്ക് പഞ്ചാരയടിക്കാം പാറൂ
മിസ് ഒരു doubt ക്ഷമയുടെ ഫലം ചോക്ലേറ്റാണോ മിസ്,
എന്നാലും പഞ്ചാരയോളം മധുരമുണ്ടോ ജോണീ,
open your mouth ha ha ha
Miss, Johny is speaking malayalam


3/10/14

ഓളോട് പറഞ്ഞിനാ

It happens only in my life
തീരയും തീരവും പോലെ പിടിവിട്ടുപോയ
ഓരോപ്രേമത്തിലും
കുറച്ചുകൂടി വെറൈറ്റിയാവട്ടെയെന്നുനിനച്ച്
ഇത്തവണ കോമ്പിനേഷന്റെ കളിയാണു മച്ചൂ,
Can't screw me this time, damn it
മീൻ കറിയും ജ്യൂസും പോലെ
ചായയും മുന്തിരിയും പോലെ
പായസവും പച്ചവെള്ളവും പോലെ,


നമുക്കിടയിൽ മൌനത്തിനോട് ഒരു ഘോഷയാത്ര നടത്താൻ പറഞ്ഞിട്ടുണ്ടോ
ബാനറുകളോ പ്ലക്കാർഡുകളോ ഇല്ലാതെ,
മുദ്രാവാക്യമോ മുറവിളിയോ ഇല്ലാതെ,
എങ്ങോട്ടേക്കെന്നോ എവിടെനിന്നെന്നോ അറിയാതെ,
നിങ്ങളില്ലാതെ എന്താഘോഷം എന്നാണോ മൌനമേ.

മിണ്ടാട്ടമേ, നീയീപ്പെണ്ണിന്റെ ആട്ടക്കഥയാണ്;
ഉറങ്ങുമ്പോൾ കഥമാറിപ്പോന്നൊരുകഥകളി
നളചരിതം നാലുദിവസം കൊണ്ടുതീരുമെന്നാരുപറഞ്ഞു.
 

അവളോടതുപറയാനൊരുമ്പെടുന്നു:

വാക്കുകളെല്ലാം കുളിച്ചൊരുങ്ങുന്നു
പരിമളം പൂശുന്നു,
ആരെങ്കിലും കണ്ടാലുമൊട്ടിഷ്ടം തോന്നണമല്ലോ.
നാളെ വ്യാഴാഴ്ച്ച,
പിന്നെ വെള്ളിയാഴ്ച്ച,
ഈ ആഴ്ച്ച അവസാനിച്ചാലും,
നാളെയും കണ്ടാൽ നീ ആഴ്ച്ചയായിത്തന്നെവരണേ;
ഞാനിതുവരെ അതുപറഞ്ഞില്ലെന്റെ വേണൂനാഗവള്ളീ

ഞാനൊരു തമാശ പറഞ്ഞതാണെന്നേ,
കേൾക്കുന്നവർക്ക് തമാശയാണെന്നു തോന്നാത്ത തമാശ.
എന്താ, അങ്ങനെയൊരു തമാശയില്ലേ,
എന്റെ പേര് തളത്തിൽ ദിനേശൻ എന്നല്ല പിന്നെ.


ഞാൻ അരി
നീ ഉഴുന്നും,
നമുക്ക് വെള്ളത്തിൽച്ചാടാം,
എന്നിട്ട് അമ്മിക്കല്ലിൽ ചുറ്റി സിനിമാപ്പാട്ടുമൂളാം
അപ്പോളൊരു ഫാസ്റ്റ് നമ്പർ വരും,
നമ്മളരഞ്ഞില്ലാതാവും,
ഓരോ ദോശയിലും ഒരു സിനിമാപ്പാട്ടും പ്രണയവും ത്യാഗവുമുണ്ട്
അവൾക്ക് മസാലദോശ വലിയ ഇഷ്ടമാണ്,
മസാലയും ദോശയും തമ്മിൽ കെട്ടിപിടിച്ചിരിക്കുന്നത് കൊണ്ട്,
ഒരു വിവാഹേതരം മാത്രമിതിൽ കാണരുതനിയാ കാണരുത്
( നിനക്കൊക്കെ അമ്മേം പെങ്ങന്മാരുമില്ലേ)

പുരുഷുവേട്ടന്റെ ദോശതിന്ന്,
എട്ടുമണിയുടെ റാണിറോഡ് വേയ്സ് പാഞ്ഞുപോവുമ്പോൾ,
തിങ്ങിനിറയുന്ന ബസ്സിലാക്കിളി കേറിയെന്നു വിസിലിട്ട കിളീ,
പച്ചവെള്ളത്തിൽ സ്റ്റാർട്ടാവുന്ന എൻജിനുണ്ടോ രാമർപിള്ളേ,
ഈ ബൈക്കിതെന്താ സ്റ്റാർട്ടാവാത്തത്.

പോസ്റ്റായിപ്പോയ ആ ബസ് സ്റ്റോപ്പിൽ,
ലൌ ഗുരു പൾസറിൽ പാഞ്ഞെത്തി,
ബസ്സിറങ്ങിനടക്കുന്ന മൌനമേ,
നിന്റെ ഘോഷയാത്രയെ എനിക്കു ഘരാവോ ചെയ്യണം.
അതിനുമുമ്പേ,
ഒരു വെള്ളിരൂപായിട്ട്,
അഞ്ചുരൂപാടെ മെഴുകുതിരി കത്തിച്ച്
ഒന്നുമുട്ടിന്മേൽ കുരിശുവരച്ചോട്ടെ

മിശിഹായുടേ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാശ്ലീഹായേ (പ്രേമിക്കാനായും പ്രേമം മൂലവും) ഏറ്റവും കഷ്ടപ്പെടുന്ന എനിക്കു വേണ്ടി അപേക്ഷിക്കേണമേ. യാതൊരു സഹായവും ഫലസിദ്ധിയുമില്ലാതെ വരുന്ന സന്ദർഭത്തിലും ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേയ്ക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമേ. എന്റെ എല്ലാ ആവശ്യങ്ങളും വിശിഷ്യാ ( ഫേസ്ബുക്കും വാട്സാപ്പുമില്ലാത്ത ഒരു ലോകത്തിൽ ) അങ്ങേ സഹായം അപേക്ഷിക്കുന്നു.
എന്നിട്ടെല്ലാർക്കുമറിയണം;

dude, നിന്റെ മനസ്സിലും പൊട്ടിയോ ആ ലഡു

രാഷ്ട്രീയം പറയരുത്

 മീൻ കറി പോലെ സ്വാദുണ്ടാവില്ലെന്ന്,
ഹോ! പ്രാചീനമായ രുചിമുകുളങ്ങളേ നിങ്ങളെന്തിനു നിർബന്ധം പിടിക്കുന്നു,
പിടിവാശിപാടില്ല പിടിവാശിപാടില്ല,
എല്ലാം പിടിവിട്ടുപോവുമ്പോൾ പ്രത്യേകിച്ചും പാടില്ല.
ചട്ടിയിലെ അരപ്പിന് എണ്ണവറ്റിക്കരിഞ്ഞുപോവാനുള്ള അവകാശം പോലെ
മീൻ കറിതിളയ്ക്കുമ്പോൾ ഉള്ളിക്കും തക്കാളിക്കും ചാടിവീഴാൻ തോന്നും,
ഉപ്പ് സർവ്വ ജലജീവിതങ്ങളിലും ഒന്നു ടൂറടിച്ചുവരും
ജീവിതത്തിന്റെ രുചി ഞാനാണെന്ന് ഉപ്പ് പരസ്യപ്രസ്താവനയിറക്കി,
എരുവ് ശ്വാസമടക്കി പ്രതിഷേധിച്ചു
മഞ്ഞളും മല്ലിയും വിങ്ങിപ്പൊട്ടി
മുളകിന് പോയിച്ചാവെടോ എന്ന് പറയാൻ തോന്നി,
മീൻ തന്റെ ശവത്തിനേ മാത്രമേ 51 വെട്ടിൽ കഷണങ്ങളാക്കാൻ കഴിയൂ എന്നാശ്വസിച്ചു.
അപ്പോൾ കൂട്ടുകൃഷിയിലൂടെ വിളഞ്ഞ നെന്മണികൾ
കമ്മ്യൂണിസത്തെക്കുറിച്ചെന്തറിയാമെന്നഹങ്കരിച്ചു,
ജീവിതം കൊണ്ട് ഒരു മീൻ കറിയെക്കാൾ ഈ രാജ്യത്തിനുവേണ്ടി നൽകേണമെന്ന് പ്രതീക്ഷിച്ചു.
പുരുഷുവേട്ടൻ, കപ്പ വേണോ കഞ്ഞി വേണോ എന്ന് ചോദിക്കുമ്പോഴാണ്,
പൌരൻ തന്റെ വോട്ടവകാശത്തിന്റെ സാധ്യതകളെക്കുറിച്ചാലോചിച്ചത്.
മീൻ ഒരു രക്തസാക്ഷിയുടെ ശവത്തിനെത്ര അവകാശികളും അന്നനാളങ്ങളും എന്ന് നെടുവീർപ്പിട്ടു,
പാകമായോയെന്ന്, ഒരിറ്റ് നാവിലേക്കിറക്കി,
ആദ്യനിർവൃതിയൊഴിഞ്ഞപ്പോൾ, ഒന്നൂടെ കഷണിക്കാമായിരുന്നു-എന്നുപുരുഷുവേട്ടനുതോന്നിയാൽ തെറ്റുപറയാനാവില്ല;
രാഷ്ട്രീയമോ, മനുഷ്യന്റെ വിശപ്പോ ഒറ്റദിവസം കൊണ്ടവസാനിക്കില്ല.
കപ്പയായാലും കഞ്ഞിയായാലും
മീൻ കറിയുടെ രുചി ഒന്നുവേറെ തന്നെ.
ഇടിവെട്ട് മീൻകറി,
കഴിക്കും മുമ്പ് എല്ലാരും ആൾദൈവത്തോട് പ്രാർത്ഥിക്കുക.


3/7/14

പ്രണയാവശേഷൻ


മണിയണ്ണനെ നിനക്കറിയില്ല, 
ഈ കടപ്പുറത്തെതിരകൾ കാണാമറയത്താക്കി
തൂങ്ങിയാടുന്ന പേശികളെയും എല്ലുകളെയും
നുറുക്കി നുറുക്കി തൂക്കി പൊതിഞ്ഞു കൊടുത്ത മണിയണ്ണൻ.

ഉച്ചത്തിൽ കവിത ചൊല്ലുന്നവനേ
നിനക്ക് ലേശം കഞ്ചാവടിച്ചുകൂടേ,
അവൾ ചോദിച്ചു;
ബോബ് മാർലിയുടെ സംഗീതം കേട്ട്,
നിലാവ് നുരയുന്ന സിരകളിൽ

ഒരു നേർത്ത കുമിള പോലെ തെന്നുന്ന വിഷാദചന്ദ്രനേ,
എന്നെ വന്നു തൊടാതിരിക്കൂ, എന്നെ വന്നു തൊടാതിരിക്കൂ.

നിന്റെ ഇക്കിളിപ്രണയത്തിന്-
കടലോരത്തെത്തിരകളെപ്പോലെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന
ഫോൺ വിളികളും പുന്നാരങ്ങളും,
ശരീരങ്ങളുലച്ചുകൊണ്ടു നീ നൽകുന്ന ഉമ്മകളും,
നിനക്ക് വെറുതേ ഇരുന്ന് ഈ തിരകളിലേക്കല്ലാതെ
അതിന്നകലങ്ങളിൽ പ്രശാന്തമായ ആകാശമൌനങ്ങളെനോക്കി,
പതിയെ പങ്കിടാമോ നിന്റെ വിചാരങ്ങൾ, വിലോലതകൾ.

ഒരു ചിത്രശലഭത്തിന്റെ ചിറകിനെക്കാളും നേർത്ത വിങ്ങലാൽ
നീ എന്റെ ഹൃദയത്തിന് ഒരു പുതപ്പ് നൽകുക,
ആ സുഷുപ്തിയിൽ ഞാൻ കാണുന്ന കിനാവിൽ,
ഞെട്ടിപ്പിക്കുന്ന അഴിമതിക്കഥകളോ, അവിഹിതങ്ങളോ,
ബോംബുസ്ഫോടനങ്ങളോ, യുദ്ധങ്ങളോ, കലാപങ്ങളോ
ദാരിദ്ര്യത്താൽ ഞെരിഞ്ഞുപോയ ചേരികളിലെ ജീവിതങ്ങളോ ഉണ്ടാവില്ല.
രാത്രി പങ്കിട്ടെടുക്കാൻ ഞാനും വന്നോട്ടെയെന്നു നീ ചോദിച്ചാൽ,
ഇല്ല ഈ നിശബ്ദതയിൽ, ഈ രാത്രി എന്റെ ഒറ്റമുറി, ഒറ്റക്കിടക്കയിൽ,
ഞാനെന്നോടുതന്നെ ഒന്നു സല്ലപിച്ചോട്ടെ എന്നു പറയണം,
നിന്റെ കാമത്തെക്കാളും , എന്റെ ശരീരത്തിന്
അതിന്റെ എല്ലുകളും പേശികളും വിലനൽകുന്ന ഒന്നുണ്ട്;
അതെന്താണെന്നു ചിലപ്പോൾ കവിതയെഴുതിത്തെളിയിക്കാനാവില്ല,
ബോബ് മാർലിയെപ്പോലെ പാടിയാൽ നിലാവുരുകിത്തീപിടിക്കില്ല.

പലഭാര്യമാരുള്ള മണിയണ്ണൻ ഇന്നലെമരിച്ചുപോയി.
ഉച്ചത്തിൽ കവിതചൊല്ലാനറിയില്ലെങ്കിലും
മണിയണ്ണനെ ഞാൻ മറക്കില്ല,
തങ്കശേരിക്കടപ്പുറത്തെ ആട്ടിറച്ചി കച്ചോടമല്ലാതെ,
പൊതിഞ്ഞു പതിവുകാർക്കുമാത്രമായുള്ള
പൊതിക്കവിത പൊതിഞ്ഞു നൽകുന്നുണ്ടാവും,
അതു വാങ്ങിയതു വായിച്ചിട്ട്,
ഇതിനേക്കാൾ നന്നായെഴുതാനാവും,
ഇതിനേക്കാൾ നന്നായെഴുതാനാവും.
മണിയണ്ണൻ മരിച്ചതിന്റന്ന്
കവിത കേൾക്കാതെ പലർക്കും ഭ്രാന്തുപിടിച്ചപ്പോഴാണ്
പ്രേമം പൈങ്കിളിയാണെന്നും
നിന്നെപ്പോലുള്ള പെണ്ണുങ്ങളെ ഭോഗിക്കണമെന്നും
കടൽക്കരയിൽ കമിഴ്ത്തിക്കിടത്തി
തിരകളാൽ തുടുപ്പിക്കണമെന്നും തോന്നിയത്;
പാഴായിപ്പോയ രാത്രികളുടെ ഓർമ്മയ്ക്കായി
ഈ ഒറ്റക്കട്ടിൽ തല്ലിത്തകർത്തെരിച്ച്,
ഈ ഒറ്റമുറിക്ക് തീകൊളുത്തി,
നിലാവിന്റെ ഒത്തചില്ലമേൽ കയറിയിരുന്ന്
നോക്കുക,
എപ്പോഴാണ്
ഈ രാത്രിയെ ഒരു പേപ്പർ പോലെ ചുരുട്ടിയെറിഞ്ഞ്,
ഒരു പുതിയ കവിത എഴുതാനാവുകയെന്ന്
എഴുതാനാവുകയെന്ന്....


3/4/14

ചോക്ലേറ്റ്ഗിരിഗിരി

എന്തെന്നാൽ ക്ഷമയുടെ ഫലം ചോക്ലേറ്റാവുന്നു,
കാത്തുകാത്ത് നിന്നേറെനേരം,
എക്സാം ഹാളിന്റെ പുറത്ത്,
എക്സാമെഴുതിയാദ്യമേ ഹാൾ വിട്ടൊഴിഞ്ഞ്,

നീ വരുന്നതും കാത്ത് നിമിഷങ്ങൾ എണ്ണിയെണ്ണി,
ആദ്യം നോക്കുന്നതും, ആദ്യം ചിരിക്കുന്നതും,
ആദ്യം എക്സാം എങ്ങനെയെന്നു ചോദിക്കുന്നതും
എന്നോടാവുമെന്ന് കരുതി.

നീ പരിസരത്തെത്തുമ്പോൾ നിന്റെ ശ്രദ്ധ കവരാൻ
ഉറക്കെ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്തിരുന്നു.
നീ ഉള്ള കലോത്സവങ്ങളിൽ
ഏതെങ്കിലുമൊരു സമ്മാനം ഞാനും വാങ്ങിയിരുന്നു,
നീ അഭിനന്ദനത്താൽ കൈതന്ന കൈ
എന്റേതു തന്നെയോ എന്നു ഞാൻ സംശയിച്ചു വീണ്ടും തൊട്ടു.

എന്റെ നമ്പർ എപ്പോ വരും എന്നല്ല,
വന്നാലും എനിക്കും നിനക്കുമിടയില്ലുള്ള ലവൻ
നല്ലൊന്നാന്തരം ചുള്ളനെങ്കിലും,
ഇടയ്ക്കിടെ എന്നെനോക്കി ഒരു കണ്ണുമിന്നിച്ചിരി,
ഞാൻ, നിർവൃതിക്കൊള്ളാൻ, ഹോ ക്ഷമയുടെ ഫലം എന്തു നല്ല ചോക്ലേറ്റാണ്.

ലാബുകളിൽ മൈക്രോസ്കോപ്പിൽ നോക്കിയാൽ
കാണാതെപോയ എത്ര രോഗാണുക്കൾ കോശബിന്ദുക്കൾ ,
നീ നിൽക്കും മൈക്രോസ്കോപ്പ്
നിശ്ചയമായും ഫോക്കസ്സിൽ ത്തന്നെയുണ്ട്.
പിന്നെ ഗ്രൂപ്പ് വൈവകളിൽ ഉത്തരത്തേക്കാൾ
നിന്റെ ചുവന്നമുഖത്തെ ഞാൻ സ്നേഹിച്ചുപോയ്
എന്തെന്നാൽ ക്ഷമയുടെ ഫലം ചോക്ലേറ്റാവുന്നു.

ബസ് സ്റ്റോപ്പിൽ കാത്തുനിന്നതോ
ചാറ്റിങ്ങിൽ ബ്ലോക്ക് ചെയ്തതോ
അറിഞ്ഞിട്ടുമറിയാത്ത മട്ടിൽ ഞാൻ,
അന്യനെപ്പോലെ ഞാൻ.
നിന്റെയൊരു സ്കൂൾ മേറ്റ് ഗുലാൻ,
നിന്നെക്കാണാനെത്തിയതും നിങ്ങൾ നഗരത്തിൽ ചുറ്റിനടന്നതും
എനിക്ക് ഒരു ചോക്ലേറ്റ് വേണം വേണം.

 കൂടെപ്പഠിച്ചകാലമൊക്കെ കടന്ന്
എം ബി എ കോളേജിൽ  നീ പോയ നാളേറെവിരഹത്താൽ ഞാൻ
എന്തെന്നാൽ ക്ഷമയുടെ ഫലം ചോക്ലേറ്റാവുന്നു
നിന്റെ ഫോണിൽ വിളിച്ചാൽ നീ തിരക്കിലായിരിക്കും,
മെസേജയച്ചാൽ മറുപടി കിട്ടില്ല,
ബെല്ലടിച്ചാലും നിന്റെ കരണത്തടിക്കാൻ തോന്നിപ്പോവും,
ക്ഷമ തരൂ, ക്ഷമ പെരിയവനുക്ക് ( പേരറിവാളനും)

നിന്റെ പിറന്നാൾ ദിനത്തിൽ,
നിന്റെ റാങ്ക് നേട്ടത്തിൽ,
നിന്റെ ക്യാറ്റ് എൻട്രൻസിൽ,
നിന്റെ എം ബി എ യിൽ,
ഉന്നതജോലിനേട്ടത്തിൽ,
എല്ലാത്തിലും ഞാൻ സന്തോഷിച്ചു,
നിന്റെ കല്യാണത്തിലും ഞാൻ സന്തോഷിച്ചു.
എന്റെ മനസ്സ് നീ കണ്ടില്ല
എന്നാലും ക്ഷമയുടെ ഫലം ചോക്ലേറ്റാവുന്നു.
ലാലേട്ടാ,
തിരിച്ചുകിട്ടാത്ത സ്നേഹം ചോക്ലേറ്റാണെന്ന് സവാരിഗിരിഗിരി

കടൽത്തീരമുള്ള നഗരങ്ങൾ

പറഞ്ഞുവോ പ്രണയമെന്തെന്നവൾ
പ്രണയം വരുന്നു, പോവുന്നു,
തിരകൾ പോലെ,
ചിന്നിവരും വെളിച്ചത്തിൻ മീനുകൾ
ഏതുടലുകൾ തേടിയവർ,
ഈ തിരകളിൽ പരതുന്നു,
പ്രണയം വരുന്നു, പോവുന്നു,
പറഞ്ഞുവോ പാതിയെങ്കിലും
( പാതി പതിരായെന്നു കേട്ടുവോ,
അറിയാതെപോയത് പോവട്ടെ പോവട്ടെ)
അല്ല, മരങ്ങൾ, കാത്തുനിന്നേറെപ്പൂക്കൾ ചൂടി,
കാറ്റെങ്ങാനും ഉലച്ചെത്തിയോ ഉല്ലാസത്താൽ,
മദ്ധ്യാഹ്നങ്ങളിൽ അവൾ ഉലാത്തുമ്പോൾ,
നീ കൂടെ നടന്നുവോ,
അവളുടെ നിഴലിനെക്കാളും
കടുപ്പത്തിൽ,
ഒരു രാത്രിയായ് അവളുടെ ജാലകത്തിൽ നിന്നുവോ,
എങ്കിലും,
ആ ചന്ദ്രനെ അവൾ നോക്കി,
മങ്ങിയും, മാഞ്ഞും,
പ്രണയം വരുന്നു പോവുന്നു

മൂടിനിന്ന മേഘങ്ങൾ പെയ്ത മഴകൾ,
വിയർപ്പാറ്റിയേറെ വേനലുകൾ,
പൂക്കൾ കായ്കളിലകൾ, മരങ്ങൾ,
നീണ്ട റോഡുകൾ,
പല വഴിയോരക്കാഴ്ച്ചകൾ,
നമ്മുടെ ജീവിതങ്ങളിലനേകം തിരക്കുകൾ,
ഇതിനിടയിൽ
ഒരോട്ടോറിക്ഷയിൽ നഗരത്തിലൂടെ,
കാറ്റാടിമരങ്ങളുള്ള കടൽത്തീരത്തേക്ക്,
നാം പിന്നെയും വരുന്നു,
അവൾ പലരായും,
നീ നീയായിത്തന്നെയും,
ഈ തീരത്തുനിന്നും
ഒന്നുപോലനേകം,
ഒന്നല്ലാതെയനേകം,
തിരകൾ നീന്തി വന്നു കരേറുന്നു,
പിന്നെയുമിഴഞ്ഞു കടലിലിറങ്ങുന്നു ;
എന്നിട്ടുമവൾ പറഞ്ഞതില്ല
ഇങ്ങനെ പറഞ്ഞും ഇരുന്നും,
അസ്തമനസൂര്യന്റെ ചോപ്പുനിറയെ ഹൃദയത്തിലേറ്റി,
തിരികെപ്പോമേതോ ബസ്സുപറ്റി,
ഉറക്കമുറികളിലെത്തി,
വിയർപ്പാറ്റാനുരിഞ്ഞിടും മുഷിഞ്ഞകുപ്പായം
കഴുകി വെളുപ്പിച്ച്,
വെളുത്ത നേരത്തിലേക്കുറക്കത്തെ ശപിച്ചുണർന്ന്,
തിരക്കിലൂടെ നഗരത്തെയന്വേഷിച്ച്
നഷ്ടപ്പെട്ട നിന്നെത്തേടിയെത്തി
കൈപിടിച്ചുശകാരിക്കുന്നു,
പിന്നെയും നീ കുതറിയോടുന്നു,
കടൽക്കരയിൽ നിന്ന് എന്നാണ്
വിട പറഞ്ഞതെന്നറിയാതെ,
തിരകൾ പിന്നെയും വന്നുപോവുന്നു,
പ്രണയം വരുന്നു, പോവുന്നു.

3/1/14

അനിയത്തിപ്രാവിന്റെ മറുപടിക്കവിത

ചേട്ടാ, ഈ അനിയത്തിപ്രാവു പറന്നോട്ടെ,
ചേട്ടന്റെ മനസ്സിലേക്കു പറന്നോട്ടെ,
ഒന്നു കവിതചൊല്ലി പറഞ്ഞോട്ടേ,
അന്നു ചേട്ടൻ, ചേട്ടന്റെ ആ കവിതയിൽ പറഞ്ഞകാലത്ത്
എനിക്ക് സീനല്പം ഡാർക്കായിരുന്നു,
ചേട്ടനെന്തോ ബുജിയാണെന്ന് ചേച്ചിമാരെന്നോട് പറഞ്ഞിരുന്നു,
അതുകേട്ട് ഞാനെന്തോ പരിഭ്രമിച്ചു,
ചേട്ടൻ മലയാളം പറയില്ല, വാതുറന്നാലിംഗ്ലീഷു വാരിവിതറും
ചുറ്റുമുള്ളോര് ആകെ കൊളോണിയൽ ഗന്ധകത്താൽ‌പ്പുകയും,
എന്റെ ചേട്ടന്റെ, ചേട്ടന്റെ ക്വിസ്സുമത്സരം,
 ചേട്ടനു ചുറ്റും കിളികളുടെ കൂട്ടപ്പറക്കലായിരുന്നു,
ആ മനസ്സിന്റെ ചില്ലയിലേതോ ഗരുഡൻ പാർക്കുന്നുണ്ടെന്ന് നിനച്ച്
പനന്തത്ത ഞാൻ വന്നതില്ല ചേക്കേറുവാൻ ചേട്ടാ.
മിസ്സ് ചെയ്യുന്നു ചേട്ടനെ സത്യം
ചേട്ടനീക്കോളേജിലേക്കൊന്നുവന്നുകുടേ
ഈയനിയത്തിപ്രാവിനെകണ്ടുകൂടേ.
 ചേട്ടന്റെ പുല്ലിംഗം ഞാനെടുത്തോട്ടെ,
ചേട്ടന്റെ പല്ലുകളിലെ വിടവുപോലെ
സത്യം, എന്റെ മനസ്സിൽ ചേട്ടനില്ലാതെ
ഒരു വിടവുണ്ട് ഒരു വിടവുണ്ട് .

ആ മരച്ചോട്ടിൽ, ആ മഞ്ഞപ്പൂകൊഴിയും ചോട്ടിൽ
ഞാൻ നടന്നതില്ല പതിയെ നടന്നതില്ല,
ആ വരാന്തയിൽ, ചേട്ടൻ നോക്കിയ ആ വരാന്തയിൽ
ഞാൻ വന്നതില്ല, ഒന്നു നിന്നതില്ല
ആ ചാറ്റും സ്മൈലിയും എനിക്കു കിട്ടിയില്ല
ആ നമ്പർ ചേട്ടന്റെ പൊന്നു നമ്പർ
എന്റെ പരിധിക്കുപുറത്തു നിന്നു, എന്നും 
അന്യയെപ്പോലെ നിന്നു, പരിധിക്കു പുറത്തു നിന്നു.
അതിലേറെ ഞാനേറേക്കൊതിച്ചു ചേട്ടാ,
ചേട്ടന് കുറച്ചു ചെത്തി, ഒരു ബൈക്കിലൊക്കെ വന്നൂടേ
ചേട്ടൻ എന്തേ മെലിഞ്ഞിരിക്കുന്നൂ, 
ആ മാറിൽ മുഖം ചായ്ക്കാനെനിക്കു തോന്നിയാലെൻ-
നഖക്ഷതങ്ങൾ ഞാനെവിടെ വീഴ്ത്തും , 
എന്റെ ചേട്ടനതെങ്ങനെ മറയ്ക്കും ചേട്ടാ
പേടിക്കണ്ട, ചേട്ടനെത്ര ഓമനനെന്നോ,
ആ ചുവന്ന ചുണ്ടുകൾ പിന്നെ കൊളുത്തുന്ന കണ്ണുകൾ,
വാരിച്ചുംബിക്കാൻ തോന്നും മുടിയിഴകൾ, എന്റെ ചേട്ടാ,
ചേട്ടാ, ചേട്ടനേറെദൂരത്താണെങ്കിലും, 
ഈ നിലാവുപോലെന്നെത്തൊടുന്നുമെല്ലേ,
ഡാർക്ക് സീനിൽ, ഈ നൈറ്റിൽ 
സ്ലീപ്പില്ലാതെ കിനാവുകാണുന്നു ഞാൻ ചേട്ടാ
എനിക്ക് കവിതയെഴുതാനറിയില്ലല്ലോ ചേട്ടാ
ഇനിയും ചേട്ടനെന്നെ ഒന്നു വൃത്തത്തിലാക്കി,
ഒരുകവിതയിലാക്കി,
കുറച്ചലങ്കാരങ്ങൾ നൽകി,
എന്നെ ആ കാറ്റിലൊരുപരാഗം നൽകി,
പുഷ്പിക്കൂ, എന്നെ പുഷ്പിക്കൂ
ചേട്ടന്റെ ഈ സീനൊന്നു സ്കിപ്പാക്കി, 
ഒന്നു മിന്നിക്കൂ, 
ഈ ഡാർക്ക് സീനിൽ so that ആ മിന്നാമിന്നി ഞാനാവട്ടെ ചേട്ടാ
 ............................................................................................................
കടപ്പാട് ( ഒരു കൊറിയൻ സിനിമയോടുമല്ല ):

ചേട്ടൻപ്രാവ് (പഴയ അനിയത്തിപ്രാവിനോട്) http://acrosscover.blogspot.in/2014/02/blog-post_3794.html