12/17/07

ഒറ്റക്കിളി പാടുന്നത്...ഒറ്റക്കിളിയുടെ ചിലപ്പില്‍
വസന്തത്തിന്റെ വേരുപൊട്ടിയ പൂമരം
ചില്ലകളിലൊരുക്കിയ കുറുങ്കൂടൂകളില്‍
കാട്ടാളന്റെ കണ്ണിലെക്കരിനിഴല്‍ പടരുമ്പോള്‍
ഹൃദയത്തിന്റെ നിര്‍ഭീതഭിത്തികളില്‍
സ്വനഗ്രാഹി തേങ്ങുന്ന
ഇണയുടെ മുറിഞ്ഞ പാട്ടില്‍
അകം വരളുന്ന ഓര്‍മ്മകളുടെ
കടല്‍ത്തിരതികട്ടി
ഒഴുക്കില്‍ പെട്ട അക്ഷരങ്ങള്‍ നിരത്തി
ബാക്കിയായ ഉപ്പുതരികളില്‍
പുനര്‍ജനി തേടുന്നു.

12/15/07

തിരിച്ചറിവ്.....

തൊലിപ്പുറത്ത്
ഇരുമ്പുപഴുപ്പിച്ച്
അച്ചുകുത്തുമ്പോള്‍
ചരിത്രത്തിന്റെ കല്ലേടുകളിലെ
ലിപികളില്‍ വായിക്കുന്നത്,
അന്യമനസ്കമായ മിഴികളില്‍
കണ്ണീരു കിനിഞ്ഞ്
ഭൂഗര്‍ഭത്തിലെ തലയോടുകളില്‍
പാമ്പുതുരന്ന മാളം തകര്‍ത്ത്
പ്ലേഗുപിടിച്ച സംസ്കാരങ്ങള്‍
ഉച്ചനടനമാടുന്ന നിഴല്‍ക്കാറ്റില്‍
മഴ പെയ്യുന്നതാണ്........

12/14/07

കാറ്റിന് പറയാനുള്ളത്.....

കാറ്റിനുമാത്രം അറിയുന്ന ചിലതൊക്കെയുണ്ട്.
കൊളുത്തുപൂട്ടില്ലാത്ത ജനവാതിലുകള്‍
രഹസ്യങ്ങള്‍കേട്ടു കിടുങ്ങാറുണ്ട്.
പൊളിഞ്ഞിളകിയ ഊറവീണനിലം
കറുത്തമുള്ളുകളുള്ള പല്ലികള്‍
കാറ്റിനവയോടൊന്നും പറയാനില്ല.
വെയിലില്‍ നീന്തുന്ന തുമ്പികള്‍
ഉണങ്ങിയ പുല്ലുപാടത്തില്‍
കാറ്റിനെമറന്നു പറക്കുന്നു.
കാറ്റെല്ലാമറിയുന്നു.
ചാഞ്ഞുവീണ മരം
ചകിതമായ ചിന്തകള്‍
നൂലുലപ്പുള്ള പട്ടങ്ങള്‍
ചൂലുമറന്ന മാവിലകള്‍
കാറ്റിനെല്ലാമറിയാം.
മൂക്കുചളുങ്ങിയ കണ്ണട
ചരമക്കോളത്തില്‍ പരതുമ്പോള്‍
മഷിക്കറുപ്പുള്ള നരപ്പില്‍
കാറ്റിന്റെ കതിന മണക്കുന്നുണ്ടാവും.
അധ്യാപകന്റെ ചൂരലൂക്കില്‍
ശ്വാസമെണ്ണിക്കണ്ണുപൂട്ടി
കൈവെള്ളയിലറിവിനെവാങ്ങുക.
കാറ്റിനുമതേ പറയാനുള്ളൂ.
ജനാലകളുലച്ച്
വെയിലിന്റെ അസ്ഥിപരതി
കാറ്റുമൊഴിഞ്ഞ വാക്കുകള്‍
കണ്ണില്പൊട്ടിയ പൂതപ്പൂകയായ്
പുതിയ കഥകള്‍ മെനയുമ്പോള്‍
അമ്മയുടെ മണമുള്ള കട്ടിലില്‍
മുഖം ചേര്‍ത്തുവിങ്ങുക.
കുഴമ്പുമരുന്നുപുരട്ടുമ്പോള്‍
അമ്മയ്ക്കും ചിലതുപറയാനുണ്ടാവും.

12/3/07

അമ്മമാര്‍ അറിയുന്നത്.....

എന്റെ വീട്ടില്‍ പൂച്ചകള്‍ വളരുന്നു.
തട്ടിന്‍പുറത്ത് നിര്‍ഭയം.
ഭിത്തിയലമാരിക്കുതാഴെ,
ഒരുപൂച്ച അമ്മയായി,
അതിന്റെ മക്കള്‍,
ചോരപടര്‍ന്ന നിലം.
എന്റെ അമ്മ പാവമെല്ലാം വൃത്തിയാക്കി;
ചോരയും കൊഴിഞ്ഞ രോമങ്ങളും.
അമ്മപ്പൂച്ച കുഞ്ഞുങ്ങളെയുമെടുത്ത്
തട്ടിന്‍പുറത്തേക്ക് മടങ്ങിപ്പോയി.
ഒരമ്മചെയ്തത് മറ്റൊരമ്മയ്ക്കേമനസ്സിലാവൂ.
പിറവികണ്ടുഞാന്‍ പേടിച്ചുപോയി;
ചോരയും വായില്പെട്ട കുഞ്ഞുപൂച്ചകളും.
ഉണര്‍ന്നുകരഞ്ഞ എന്നെ,
അമ്മയൊരുതാരാട്ടിലുറക്കി.

ആകാശം ഒരിലയാണ്.....


ആകാശത്തിന് വേരുപടരുന്നത് മാപ്പിള് മരങ്ങള് ഇലപൊഴിക്കുമ്പോഴാണ്.
തണുപ്പത്ത്, ഒറ്റയ്ക്കായ കാതു തുളയ്ക്കും തണുപ്പത്ത്,
നീയെന്നെ ഒറ്റവാക്കൊഴിയാതെകേള്‍ക്കും നേരം.
മഞ്ഞയും, ചോപ്പുമോറഞ്ചും പലപലയിലകളടിതെറ്റിവീഴും കാറ്റില്,
കിക്കിളിക്കളിക്കൂട്ടം കിളികളൊഴിയുമ്പോള് ബന്ധത്തിന്റെ വേരുകള് പടരുന്നു.
ബാക്കിയായ ചില നേരസ്ഥികള്, കാലത്തിന്റെ ഫോസിലുകള്,
ശ്ലഥബന്ധങ്ങളുടെ കിളിക്കൂടുകള്, അവളുടെ കണ്ണില് നൊമ്പരമുതയ്ക്കും.
മഞ്ഞുപരന്നു മാ‍പ്പിളുകള് കരയുമ്പോള് എന്റെ കണ്ണുകളവളെത്തിരയും.
ഇലകള് പൊഴിഞ്ഞ അവളുടെ ശിശിരത്തിനെന്നും ഞാന് കൂട്ടിരിപ്പാണല്ലോ.
ആയിരം കൈകളായെന്നെമൂടുമവളുടെ വേദന,
ആകാശത്തിന്റെ വേരുകളായെന്നെയുലയ്ക്കുന്നു.
കുരുങ്ങിയ വാക്കുകളുടെ വേരുകള് തിരയുന്നത്,
ഇനിയുമൊരുകാറ്റിനും പൊഴിയാത്ത ഇലയെയാണ്.
ആ ഇല ഞാനാണ്, നിറയും മൌനമീയാകാശമാണ്,
സ്വപ്നത്തിന്റെ നീലമാത്രമുള്ള നീ,
നിന്റെ വേരുകളെന്നില് പടര്ത്തൂ.
ഈയാകാശം നിന്നിലിലയാവട്ടെ.
എന്റെ പ്രണയിനീ, നീ സന്തുഷ്ടയാവട്ടെ.
.................................
കുറിപ്പ്: ഇലകള്‍ കൊഴിഞ്ഞ ഈ മാപ്പിള്‍മരത്തിന്റെ ചിത്രം എടുത്തത് എന്റെ ഫ്രണ്ട് ശാരി വിശ്വനാഥന്‍ ആണ്..ഇതിന്റെ പ്രേരണയും അവര്‍ തന്നെ...