3/12/14

അങ്ങനെയൊരു പഞ്ചാരക്കാലത്ത്, സോറി പപ്പാ

ജോണീ ജോണീ
പപ്പ വിളിച്ചു
ഞാൻ ജോണി

പഞ്ചാരപ്പാട്ട തുറന്നു ലേശം പഞ്ചാരയടിക്കുമ്പോൾ,
ജോണീ ജോണീ പപ്പ വിളിച്ചു
പത്രം, കണ്ണട കാണ്മാനില്ല.
നറുക്കിട്ടുനോക്കി പത്രത്തിലെ,
ചരമക്കോളത്തിൽ മരിച്ചവരാരൊക്കെ-
യാരെല്ലാം സ്വർഗത്തിലാരെല്ലാം നരകത്തിൽ,
പോവുന്നു, ഇവരെയെല്ലാം ആരോർക്കുന്നു;
ജോണിയല്ലാതെ.
മീശവരച്ചും, കണ്ണാട വരച്ചും, മുടി ബോബ് ചെയ്യിച്ചും,
ജോണീ, ജോണീ
പത്രമെന്തിനു വെട്ടിമുറിച്ചു;
പപ്പ എന്നെയടിച്ചു വള്ളിച്ചൂരൽ,
ഒടിച്ചെറിഞ്ഞേറെച്ചൂരലുകൾ പപ്പ കാണാതെ ഹോ!
ക്രിക്കറ്റിൽത്തോറ്റ രണതുംഗ ബാറ്റു തല്ലിയൊടിച്ചു.

പഞ്ചാരപ്പാട്ട പണ്ടേ തുറന്നവൻ
എങ്കിലും 7 ബിയിലെ ശാലിനീ,
നിനക്കാമധുരം ഇഷ്ടപ്പെട്ടില്ല
നിന്റെയച്ഛൻ ഗൾഫുചോക്ലേറ്റുകൊണ്ടുവരുമല്ലോ;
ഈ പെമ്പിള്ളേരുടെ അച്ഛന്മാർ സുന്ദരന്മാരും മഹാപാരകളുമാകുന്നു.

പന്നിവാൽ മുടികെട്ടിയ പാർവ്വതി വിളിക്കുന്നു,
sums എല്ലാം ചെയ്തോ ജോണീ;
window എന്ന word മിസ്സു പഠിപ്പിച്ചു,
sentence making ചെയ്യാനുണ്ട്;

പപ്പായുടെ ചാർമിനാർ ഒരെണ്ണം പൊക്കുക,
 ക്രിസ്മസ് കഴിഞ്ഞ നാളിൽ വൈനുമായി സ്ക്കൂളിൽ പോവുക,
അതിൽ പച്ചവെള്ളം ചേർത്തുമദ്യപിക്കുക
സ്കൂളിന്റെ മതിലുചാടുക,
ക്രിക്കറ്റ് പന്തു തിരഞ്ഞുചാടിയെന്ന്
സിസ്റ്റർ സ്റ്റാൻസിലാവോസ് മേരിക്കു മൊഴികൊടുത്ത് കുറ്റസമ്മതം നടത്തുക,
പപ്പയുടെ ഒപ്പിട്ട് ചേട്ടൻ റോണീ , നീയനിയന്റെ മാനം കാത്തു.
പപ്പായ്ക്ക് കോളറയാണത്രെ,
( ഇത് പിന്നീട് കോളറക്കാലത്തെപ്രണയമെന്ന്
ചേട്ടൻ മാർക്കേസ് നോവലെഴുതി)

നിധീഷേ, ആ ബബിൾ ഗം ഡെസ്കിലൊട്ടിച്ചതു നീയല്ലേ,
സുബാബോസിന്റെ ഇടികൊള്ളുമ്പോഴെങ്കിലും, ശ്രീനാഥേ, ടാ ഇന്ദ്രൻസേ
നിനക്കെന്റെ പേരെങ്ങനെപറയാൻ തോന്നി.
അജിമോൻ അലക്സേ, നീ എഴുതിയ പ്രേമലേഖനം,
ആ എമിലിട്ടീച്ചറെന്റെ കയ്യിൽ നിന്നുപൊക്കിയപ്പോൾ
അതിലെഴുതിയ സെക്ഷ്വൽ റീപ്രൊഡക്ഷനെക്കുറിച്ച്
ഞാനറിയില്ല എന്നുകരഞ്ഞുപറഞ്ഞപ്പോൾ
സിസ്റ്റർ സ്റ്റാൻസിലാവോസ് മേരിക്കുതോന്നി
ജോണി പറഞ്ഞുകൊടുത്തത്, അജിമോൻ എഴുതി;
അല്ലെങ്കിലും എന്റെ പപ്പ ബാങ്കുമാനേജരല്ലല്ലോ.

ലിസിമോളേ നീയറിഞ്ഞോ ഹവ്വ സ്വർഗ്ഗത്തിൽനിന്നോടിപ്പോയതാണ്
ഒരാപ്പിളുതിന്നതിന് ശിക്ഷിക്കാമെങ്കിൽ ദൈവമേ,
ഓ ജോണീ, eating sugar, telling lies
നീ ചിണുങ്ങുന്നു; ആദിപാപത്തിന്റെ സിനിമാപോസ്റ്റർ,
സ്റ്റാർവേൾഡിലെ ചുരണ്ടിയ പേരുള്ള കാസെറ്റ്,
ലിസീ, അവരു രണ്ടാളും ആപ്പിളുതിന്നുന്നത് ഞാൻ കണ്ടില്ല,
ആപ്പിൾ തിന്നതിന് ശിക്ഷിക്കാൻ,
ദൈവം എന്റപ്പനല്ല, eating sugar, no papa
എന്നിട്ടു പറയൂ, എടീ ലിസി മോളേ
ക്യാറ്റികിസം ക്ലാസ്സിൽ എനിക്കിട്ട് എട്ടിന്റെ പണിതന്ന്
ബൈബിൾ പഴയ നിയമം എന്നെക്കൊണ്ടുവായിപ്പിച്ച്
ആമേൻ ആമേൻ എന്നു നീ പുഞ്ചിരിക്കുന്നതും,
മമ്മി ഹാലേലൂയ എന്നു കണ്ണുതുടയ്ക്കുന്നതും കണ്ടു,
എന്നിട്ടും എല്ലാം മറന്നുനീ, 
മച്ചുനൻ ചന്തൂ, എന്റെ കസിനായ മെൽവിനേ
ജോണിയെ നീ ആരോമലാക്കിയല്ലോ.
 
ആര്യമോളെന്നെ മഴവെള്ളത്തിൽ തള്ളിയിട്ടു,
ജോവിക്കുട്ടി എന്നെ ഓടിത്തോപ്പിച്ചു,
ദീപ്തി തന്ന ചളുങ്ങിയ ചെമ്പുകുടം ഇപ്പോഴും നനഞ്ഞിരിപ്പുണ്ട്,
പാർവ്വതിയുടെ മഷിപ്പേന; ആ ഷർട്ടിലിപ്പോഴും മഷിക്കവിതയുണ്ട്
ചോക്ലേറ്റുതിന്നാൻ പറ്റാത്ത നമ്മൾക്ക് പഞ്ചാരയടിക്കാം പാറൂ
മിസ് ഒരു doubt ക്ഷമയുടെ ഫലം ചോക്ലേറ്റാണോ മിസ്,
എന്നാലും പഞ്ചാരയോളം മധുരമുണ്ടോ ജോണീ,
open your mouth ha ha ha
Miss, Johny is speaking malayalam


1 comment:

Nidheesh Varma Raja U said...

കവിതയ്ക് നിശ്ചിത നീളം വേണമെന്നെന്തോ നിർബന്ധം ഉള്ള പോലെ തോന്നുന്നു. നീട്ടിയും കുറുക്കിയും ഒക്കെ എഴുതിക്കൊള്ളൂ വിഷയം അർഹിക്കുന്നതനുസരിച്ചേ ആകാവൂ എന്നാണ് എന്റെ പക്ഷം.

"പരസ്യമൊന്നെങ്കിലും വേണം
മാറാതോരോ കവിതയിലും" എന്ന് ആവശ്യമുണ്ടോ. തീർച്ചയായും ആദ്യം കണ്ടപ്പോൾ നല്ല പുതുമ തോന്നി,(പ്രത്യേകിച്ച് കോൺഗ്രസ്സിന്റെ പരസ്യങ്ങൾ ഉപയോഗിച്ച് മുൻപെഴുതിയ കവിത അത്യധികം അഭിനന്ദനാർഹമായി തോന്നി).