3/4/14

കടൽത്തീരമുള്ള നഗരങ്ങൾ

പറഞ്ഞുവോ പ്രണയമെന്തെന്നവൾ
പ്രണയം വരുന്നു, പോവുന്നു,
തിരകൾ പോലെ,
ചിന്നിവരും വെളിച്ചത്തിൻ മീനുകൾ
ഏതുടലുകൾ തേടിയവർ,
ഈ തിരകളിൽ പരതുന്നു,
പ്രണയം വരുന്നു, പോവുന്നു,
പറഞ്ഞുവോ പാതിയെങ്കിലും
( പാതി പതിരായെന്നു കേട്ടുവോ,
അറിയാതെപോയത് പോവട്ടെ പോവട്ടെ)
അല്ല, മരങ്ങൾ, കാത്തുനിന്നേറെപ്പൂക്കൾ ചൂടി,
കാറ്റെങ്ങാനും ഉലച്ചെത്തിയോ ഉല്ലാസത്താൽ,
മദ്ധ്യാഹ്നങ്ങളിൽ അവൾ ഉലാത്തുമ്പോൾ,
നീ കൂടെ നടന്നുവോ,
അവളുടെ നിഴലിനെക്കാളും
കടുപ്പത്തിൽ,
ഒരു രാത്രിയായ് അവളുടെ ജാലകത്തിൽ നിന്നുവോ,
എങ്കിലും,
ആ ചന്ദ്രനെ അവൾ നോക്കി,
മങ്ങിയും, മാഞ്ഞും,
പ്രണയം വരുന്നു പോവുന്നു

മൂടിനിന്ന മേഘങ്ങൾ പെയ്ത മഴകൾ,
വിയർപ്പാറ്റിയേറെ വേനലുകൾ,
പൂക്കൾ കായ്കളിലകൾ, മരങ്ങൾ,
നീണ്ട റോഡുകൾ,
പല വഴിയോരക്കാഴ്ച്ചകൾ,
നമ്മുടെ ജീവിതങ്ങളിലനേകം തിരക്കുകൾ,
ഇതിനിടയിൽ
ഒരോട്ടോറിക്ഷയിൽ നഗരത്തിലൂടെ,
കാറ്റാടിമരങ്ങളുള്ള കടൽത്തീരത്തേക്ക്,
നാം പിന്നെയും വരുന്നു,
അവൾ പലരായും,
നീ നീയായിത്തന്നെയും,
ഈ തീരത്തുനിന്നും
ഒന്നുപോലനേകം,
ഒന്നല്ലാതെയനേകം,
തിരകൾ നീന്തി വന്നു കരേറുന്നു,
പിന്നെയുമിഴഞ്ഞു കടലിലിറങ്ങുന്നു ;
എന്നിട്ടുമവൾ പറഞ്ഞതില്ല
ഇങ്ങനെ പറഞ്ഞും ഇരുന്നും,
അസ്തമനസൂര്യന്റെ ചോപ്പുനിറയെ ഹൃദയത്തിലേറ്റി,
തിരികെപ്പോമേതോ ബസ്സുപറ്റി,
ഉറക്കമുറികളിലെത്തി,
വിയർപ്പാറ്റാനുരിഞ്ഞിടും മുഷിഞ്ഞകുപ്പായം
കഴുകി വെളുപ്പിച്ച്,
വെളുത്ത നേരത്തിലേക്കുറക്കത്തെ ശപിച്ചുണർന്ന്,
തിരക്കിലൂടെ നഗരത്തെയന്വേഷിച്ച്
നഷ്ടപ്പെട്ട നിന്നെത്തേടിയെത്തി
കൈപിടിച്ചുശകാരിക്കുന്നു,
പിന്നെയും നീ കുതറിയോടുന്നു,
കടൽക്കരയിൽ നിന്ന് എന്നാണ്
വിട പറഞ്ഞതെന്നറിയാതെ,
തിരകൾ പിന്നെയും വന്നുപോവുന്നു,
പ്രണയം വരുന്നു, പോവുന്നു.

No comments: