10/22/14

അല്ലെങ്കിൽ നീയും ഞാനുമില്ലായിരിക്കാംനാരകമഞ്ഞയായിരുന്നു,
നനവുള്ളൊരിത്തിരിക്കിനാവിലായിരുന്നു
നനഞ്ഞ് നനഞ്ഞ് ഒരു മേഘത്തിന്നടരിൽനിന്നടർന്നതായിരുന്നു
നിഴലിലക്കൂട്ടങ്ങളിൽ സൂര്യൻ മറഞ്ഞിരുന്നതായിരുന്നു,
തടാകങ്ങളിൽ മെല്ലെ വിലോലമിളകിയൊഴുകാൻ മറന്നതായിരുന്നു
ജലഛായങ്ങൾ പടർന്നൊഴുകുകയായിരുന്നു
നമ്മൾ പല വാക്കുകളിൽ എല്ലാം മറക്കുകയായിരുന്നു
ഒരിക്കൽ,
ഇങ്ങനെയെങ്കിൽ
പിന്നെ
ഒരിക്കലുമില്ലെന്നായിരുന്നു,
വിരലുകളുരുകിവേരിറുകിപ്പുണർന്നതായിരുന്നു,
മഴച്ചുവട്ടിൽ മരങ്ങളിൽ തണൽക്കാത്തിരുന്നതായിരുന്നു
മരത്തണുപ്പിൽ വെയിൽപ്പൂ കൊഴിഞ്ഞതായിരുന്നു
കാണാതായ കടൽ കണ്ണുകളാണോ കാണ്മതെന്ന്
ആകാശം അമ്മയെപ്പോലെ നെഞ്ചലച്ചുകരഞ്ഞതായിരുന്നു
മഴവിൽക്കുമിള പൊട്ടിത്തെറിച്ചുപൊലിഞ്ഞതായിരുന്നു
എങ്കിലും ആകെ നനഞ്ഞതായിരുന്നു,
ഇടയ്ക്ക് കിനാവ് കയറിവന്ന് ജീവിതത്തോട് കയർത്തതാവും,
അല്ലെങ്കിൽ
നീയും ഞാനുമില്ലാതെ
അങ്ങനെയൊന്നുമുണ്ടായിട്ടില്ലായിരിക്കും.

10/20/14

നോവുമ്പോഴുമറിയാം“ഷഡ്പദങ്ങൾക്കോ ജലജീവികൾക്കോവേണ്ടി ആരും വിപ്ലവങ്ങൾ ആസൂത്രണം ചെയ്യാറില്ല : കാറൾ മാർക്സ്“


മഴയുടെ
ഇറച്ചിത്തുണ്ടുകൾ വീണ്
ഇലകൾചൂടിയ,
അലസമനോഹരവിപിനങ്ങളിലെ
മരങ്ങളിൽ
ഓർമ്മകളിൽപ്പോലും പൊട്ടിയൊലിച്ച്
പൂപ്പലുകളുടെ ബയോഗ്രാം,
ഈറൻ ചോരയാൽ
കനിവില്ലായ്മയുടെ പകപ്പുകൾക്കിടയിൽ
ശലഭവിരലുകൾകൊണ്ട് തൊട്ടാലും മെല്ലെ
നേർത്തുപോം
എപ്പോഴും ഒടുവിലത്തെയുമ്മ,
ഒരു ജനതയെ അങ്ങനെയൊരു മഴയായ്
കൊത്തിനുറുക്കിക്കളയാമെങ്കിൽ.
 പ്രിയപ്പെട്ടവളേ എന്നു നോവുമ്പോഴും
അമ്മയെത്തിരഞ്ഞുചെല്ലുമ്പോഴും
വരൂ ഈ തെരുവിലെ രക്തം കാണൂ എന്ന് വിലപിക്കുമ്പോഴും
ഓർമ്മകൾ നഷ്ടമായിപ്പോയ ചൊരിമണലത്താണ്
വിസ്മൃതികളുടെ പൊക്കിൾക്കൊടികളിൽനിന്ന് കടൽ വറ്റിപ്പോയത്,
നഗരത്തിലെ അനീതികളോട്
കലാപമോ കലഹമോ ഇല്ലാതെ
ഉറങ്ങുന്ന ജനങ്ങൾമാത്രം
എന്നും എപ്പോഴും 
 വസന്തത്തിനെ
ഇറുത്തെടുത്ത് സൂക്ഷിക്കുന്നു,
പെരുമഴകൾ നനയാതെയും
ഒന്നുമറിയാതെയും
എപ്പോഴും സുരക്ഷിതരായിരിക്കുന്നു,
അവർ.10/16/14

മാഞ്ഞുപോവുന്ന മഴജീവിതങ്ങൾ
ഭാരപ്പെടുന്ന ശ്വാസം
അർധജീവിതങ്ങളാൽ,
മുങ്ങാങ്കുഴിമുങ്ങിനീരുന്നുണ്ട്
നേരിൻ നീർക്കുമിളകളിൽ
പല ആകാശങ്ങൾ
പല മഴവില്ലുകൾ
ഉരുകുന്നുണ്ട്
തമ്മിൽ തൊട്ടുരുകുന്നുണ്ട്
മേഘമഴപ്പാളികൾ.അരുവി
ഒരു പുഴ
കടൽ
അല
തിര
തൊടുന്നു
നനവ്
മണൽ
ഓർമ്മ
എത്രപെട്ടെന്നാണൊന്നും
ഇല്ലാതാവുക
അല്ലെങ്കിൽ
പെയ്യുക പോലെ പെയ്തൊഴിയുകയും.