1/10/25

ഓർത്തുവെക്കുന്നതെല്ലാം പൂക്കളാവുന്നു

| ഓർത്തുവെക്കുന്നതെല്ലാം പൂക്കളാവുന്നു | 


എന്തിനാണിത്രയധികം ഓർമിച്ച് വെക്കുന്നത് ...
ഓർമ്മകളുടെ കടലിൽ നിലയില്ലാത്ത ആഴവും ചുഴികളും തീരാത്ത തിരകളും ....

നഷ്ടപ്പെട്ടുപോകുന്ന -നീലാകാശത്തിന്റെ കിനാച്ചതുരത്തിൽ -

അയ്യോ 
വയ്യ 

ആകാശം കണ്ട് കണ്ട് കണ്ണുവേദനിക്കുന്നു ,
അൽപനേരം കണ്ണടച്ചിരിക്കാം ,

നീ എനിക്കൊരു കഥ പറഞ്ഞുതരൂ ,
ലോകം ചുറ്റാനിറങ്ങിയ തിര 
ഏഴു സമുദ്രങ്ങളെയും മറന്ന് 
തീരത്ത് നിന്ന് തിരികെപ്പോകാത്ത കഥ .

 ഞാൻ ഉറങ്ങിപ്പോകുന്നു ,
നല്ലൊരു കിനാവ് കാണുന്നു,

പൊടുന്നനെ ആ കാട്ടിൽ 
മാനും മനുഷ്യരുമില്ലാതെ പാവം മരങ്ങൾ മാത്രമാവുന്നു ,
അവയിലേറ്റവും പ്രിയപ്പെട്ട നീ ,
ഇലപ്പച്ചക്കുപ്പായമിട്ട നീ ,
ഒരു ചോരപ്പൊട്ടുപോലെ ചുവന്ന് ചുവന്ന് ആകെ ചുവന്ന് ,
പച്ചയും മഞ്ഞയും ചാരനിറവുമുള്ള നീണ്ട കഥാകഥന കാനനത്തിൽ ,
ചെറുതായി ചുവന്ന സംഗീതം -
ദൂരെ ദൂരെ ഒരു പാട്ടുകേൾക്കുന്നു .

എന്തിനാണിത്രയധികം ഓർമ്മിച്ചുവെക്കുന്നത് . 

മലകൾ കടലിനെ ഓർമിക്കുമ്പോൾ 

മൂവന്തി മുങ്ങിമരിക്കും മുൻപേ അത്രയേറെ ഇഷ്ടത്താൽ ആയിരം സൂര്യന്മാരെ മരക്കൊമ്പുകളിൽ കോർത്തുവെക്കുന്നു . 

ഓർത്തുവെക്കുന്നതെല്ലാം പൂക്കളാവുമ്പോൾ ഏതു കാടും പൂത്തുപോകും. 


പൊടുന്നനെ

നമ്മൾ മിണ്ടാറുള്ള വൈകുന്നേരങ്ങൾ

നിനക്കോ എനിക്കോ വീട്ടിലേക്കുള്ള വണ്ടികിട്ടുംവരെ ,

രണ്ടിലൊരാൾ പിരിഞ്ഞുപോകുംവരെ

വിഷമിക്കല്ലേ , നിന്റെ വിഷാദത്തിനു ഞാൻ കൂട്ടിരിക്കാം നിന്റെ ചോരയ്ക്ക്

ചുവപ്പേകാൻ എന്റെ ചെമ്പനീർപ്പൂവുകൾ ചുംബനങ്ങൾ ഞാൻ ഒപ്പിത്തരാം

തോരും വരെ

തോരും വരെ

എല്ലാ മഴകളെയും ഞാൻ ഒപ്പിത്തരാം

മഴകളെ ഒപ്പിയൊപ്പി പെരുമഴകളെയും പ്രളയങ്ങളെയും ഒപ്പിയെടുക്കും , പിന്നെ ഒരേ മഴകൾ പെയ്യുന്ന എല്ലായിടത്തെയും ദുർബലമായ ഭൂമിയിൽ നമ്മളുടെ കാൽപാദങ്ങൾ തിരഞ്ഞു തിരഞ്ഞു എത്രയോ ദൂരം നടന്ന് ,

കടലില്ലാല്ലത്തയിടങ്ങളിൽ കടലുണ്ടെന്നോർമ്മിപ്പിക്കുന്ന പ്രളയങ്ങളെയും ഉരുൾ ഭീതികളെയും പ്രേമിക്കുക , ചുംബിക്കുക

നീ എന്നെ ചേർത്തു നിർത്തുക ,

പ്രപഞ്ചം തീർന്നു പോയാലും നീ തീർന്നു പോവാതിരിക്കുക ...

നമ്മളുടെ വൈകുന്നേരങ്ങൾ എന്തോരം ലോകാവസാനങ്ങൾ കാണുന്നു പൊടുന്നനെ.... 

11/29/24

എന്നിലില്ലാതെ നീയും , നിന്നിലില്ലാതെ ഞാനും |


| എന്നിലില്ലാതെ നീയും , നിന്നിലില്ലാതെ ഞാനും |

മഷികൊണ്ടു മെനഞ്ഞ മനസ്സ്
കടൽ നിറയെ,
ചുമരും ഉടലും ഉയിരും
കിനാക്കൂരയും കവിഞ്ഞൊഴുകുന്ന 
നീല നിറം നീ , നീലാകാശമേ. 

നിഴൽ നിഴൽ വൈകി വൈകി വന്നൊരു വെയിൽ ,
കാത്തു കാത്തു കാത്തു നിന്നു നിന്ന വൈകിയ നേരത്ത് ,

കാനനം കയറിയ നമ്മളിലൊരാളെ 
നമുക്ക് കളഞ്ഞുപോയ ഇരുട്ട് ഇരുട്ട് ,

ഇരുട്ടിൽ മുഖം പൊത്തി 
ഞാനിരുന്നു കരയുന്നു. 

നീയോ ,

എന്നിലില്ലാതെ നീയും 
നിന്നിലില്ലാതെ ഞാനും 
ഞാനില്ലാതെന്ത് നീ 
നീയില്ലാതെന്തു ഞാൻ.

നീലമഷി കൊണ്ടെഴുതിയ നിന്റെ 
ഓർമ്മയിൽ കടൽക്കുപ്പിയുടഞ്ഞ് 
മനസ്സുടഞ്ഞ് മഷി മുഴുവൻ വീണൊഴുകുന്നു. 
നിന്നിൽ ആകാശവും 
ഉടഞ്ഞുടഞ്ഞുലഞ്ഞൊഴുകുന്നു.

10/18/24

മരം പെയ്യാത്ത ചില മഴകളുണ്ട്



ജലത്തിന്റെ നേർത്ത ഓർമ്മയായി
എന്തിന്, അതിലെ മറവിയായിപ്പോലും
ശേഷിക്കുന്നുണ്ടാവില്ല,
അല്ലെങ്കിലെങ്ങനെ?

ജലം
കുരുക്കിട്ട്
പിടപ്പിച്ച്
പിടപ്പിച്ച്…


അപ്പോൾ
ഉറ്റുനോക്കുന്ന നക്ഷത്രങ്ങൾ മുഴുവനും
ഭൂഗോളങ്ങൾക്കിടയിൽ
സന്നിവേശിക്കപ്പെട്ട
ഇരുട്ടിൽ
മിന്നാമിന്നികളായ് പറക്കാൻ തുടങ്ങും…

നിശ്ചയമായും
ആ ഇരുട്ടിൽ മരങ്ങളുണ്ടാവും…..

ആ മരത്തിലെപ്പഴങ്ങളിൽ
ഇഷ്ടത്തിന്റെ വിത്തുകളുണ്ടാവും,
അമ്മയുടെ കണ്ണീരൊളിപ്പിച്ചിട്ടുണ്ടാവും,
നിലവിളികളെ അടക്കിവെച്ചിട്ടുണ്ടാവും,
എന്നിട്ടുമെങ്ങനെയോ
ജലത്താൽ
കുരുക്കിട്ട്
കുരുക്കിട്ട്
തൂങ്ങിമരിക്കുന്നുണ്ടാവും
ആകാശത്തുനിന്നുമങ്ങനെ,
അല്ലാതെയാവില്ല,
അല്ലാതെ മരങ്ങൾക്ക് പെയ്യാനാവാതെ ചില മഴകളുണ്ടാവില്ല.

മരം.

എന്തിനാണു കാറ്റേ നീയെന്നെയുലയ്ക്കുന്നത്?

മഞ്ഞുനനവുളള ഇലകളുടെ
കവിൾത്തടം പൊളളുന്നു,
പൂക്കളുടെ ചുണ്ടുകൾ പുകയുന്നു,
പുകയിലക്കറയുളള ചുണ്ടുകളാൽ
ഉമ്മ പുകയുന്നു,
കാറ്റത്ത്‌ ചിതയുടെ പുക...

പ്രിയപ്പെട്ട പക്ഷീ നിന്റെ വെളുത്ത തൂവലുകൾ,
നഗ്നമായ മാറിടം ചുരന്ന് വേദന...
കാറ്റിൽ മറിഞ്ഞുവീഴാതിരിക്കാൻ, ചിതയ്ക്കു പാകമായ വൃക്ഷക്കൊമ്പിൽ
കാൽനഖങ്ങളാഴ്ത്തി,
ആകാശമേ, നിന്റെ ശൂന്യതയിൽ ആലംബമില്ലാത്ത ചിറകുകൾ....

ഓർമ്മകൾ മോഷ്ടിച്ചുകൊണ്ടുപോയ പാട്ട്‌,
ഉച്ചവെയിൽ ഉച്ചവെയിൽ ,
നിന്നിൽ നീറി നീറിപ്പുകഞ്ഞ്‌
പുകനിറഞ്ഞ്‌ ആകാശം.
പ്രാണറ്റുപോയ ഇലകൾ
മുങ്ങിത്താഴുമ്പോൾ
ചിറകടിയൊച്ചയുളള ജലം....

നിന്റെ നനവ്‌....

ഓർമ്മകളിൽനിന്ന് ,
നിന്റെ വാക്കുകൾ നേർത്തുപോവുന്നതിന്റെ ഒച്ച.
മൗനമേ നീയുളളതുകൊണ്ടുമാത്രം
നേരുനിറഞ്ഞതാകുന്നു സംസാരം.

ഓരോ ഇലയെയും ,
നിന്റെ വിരലുകളെന്ന ഓർമ്മയിൽ
തഴുകാനാവും....

ഓരോ പുഴനനവും നിന്റെ കണ്ണീരായറിയും.
മറന്നുപോയ ജാലകങ്ങൾ
മെല്ലെയടയുക.....

നിന്റെ മൗനത്തിന്റെ തണുപ്പ്‌ ..
ചിറകടിയൊച്ച...
ആഞ്ഞുവീശുന്ന ഓർമ്മകൾ.

മറവിയുടെ ജാലകങ്ങൾക്ക്‌
ഭ്രാന്തുപിടിക്കാതെങ്ങനെ?

10/16/24

നമ്മുടെതുമാത്രമായ വിഷാദത്തോടെയെഴുതുമ്പോൾ


ഈ കവിതയ്ക്ക്
ജീവിച്ചിരിക്കുന്നവരുമായി ഒരു ബന്ധവുമില്ല.

മരിച്ചവരെ ഓർമ്മകൊണ്ടുപദ്രവിക്കരുത്,
അവർ ജനാലകളും, വാതിലുകളും മേൽക്കൂരകളുമില്ലാത്ത വീടുകളിൽ
ഉറങ്ങുന്നു.

മരിച്ചവരെപ്പറ്റിയാണ്, 
അതെ,
ശവമായി ഒരിക്കൽ കാണപ്പെട്ടുവെന്നതിനാൽ മാത്രം .

ആരോ വാതിൽക്കൽ വന്നുവെന്ന് വല്യപ്പനും
മുകളിലാ‍രോ വന്നുനിൽക്കുന്നുവെന്ന് മമ്മയും ഭയന്നതുപോലെ
(അത് നിശ്ചയമായും മരണമെന്ന് ഞങ്ങൾ വിഷാദിച്ചു,
ഫാ: ജോർജ് സാത്താനോട് ആജ്ഞാപിക്കുകയും,
കർത്താവിന്റെ ശരീരം കൈക്കൊള്ളാൻ തുടങ്ങുകയും ചെയ്തു)

പ്രേമിക്കാനറിയാത്തവരുടെ, സ്നേഹമില്ലാത്തവരുടെ കാറ്റ് വാതിലുകളെയും
മഴ ആകാശത്തെയും
വിട്ടുപിരിയട്ടെ, ഒറ്റയ്ക്കാവട്ടെ,
അനന്തമായി പ്രേമിച്ച്, സ്നേഹിച്ച്
മനുഷ്യരെ ഇങ്ങനെ ഭയപ്പെടുത്തരുത്.

കവിതകൾ ദൈവത്തിനുള്ള കത്താണ്
അവിടെയും സുഖം
ഇവിടെയും സുഖം
എന്നു വിശ്വസിച്ചുകൊണ്ടിനിയെഴുതാനാവില്ല.
സത്യങ്ങളുടെ ശവങ്ങൾ ഞങ്ങൾക്കുവിട്ടുതന്നുകൊണ്ട്
നുണകളുടെ കാമത്തെ നീയടർത്തിക്കൊണ്ടുപോയിരിക്കുന്നു.

ഞാനയാളല്ല എന്നു നിഷേധിച്ചുകൊണ്ട്
ചത്തവനെ ചുംബിച്ചുകൊണ്ട് വിലപിക്കുന്നു.
രാത്രിയുടെ ഇരുട്ട് അഴിച്ചുവിട്ട ഉറക്കം-
കിനാജീവിതങ്ങളിൽ
വെളിപാടിന്റെ നിലാവുനിറച്ചെഴുതുമ്പോൾ
പ്രിയപ്പെട്ടവനേയെന്നുവിലപിച്ച് ഒരുവൾ
ജീവിച്ചിരിക്കുന്നവരുമായി യാതൊരു ബന്ധവുമില്ലായെങ്കിലും
അയാളെക്കുറിച്ചുള്ള കവിത വായിക്കുന്നു.
അവളുടെ പ്രേമത്തിനോ
നനഞ്ഞുകുതിർന്ന മഴക്കാലത്തിനോ
രാത്രിയിലെപ്പോഴാണു മഴ പെയ്തതെന്നും
കാല്പാടുകളില്ലാത്ത ലോകത്തിലേക്കയാൾ
നടന്നുപോയെന്നും
ആർക്കും ഒന്നുമറിയില്ല.
ഒന്നും മനസിലാക്കാനുമില്ല.
ദൈവമേ, നിന്റെ തിമിരം പൂണ്ട കണ്ണുകൾക്ക്
അക്ഷരങ്ങളുടെ വിട്ടൊഴിയാത്ത അറവുകൾക്ക്
ഞാൻ കഴുത്തുനീട്ടിക്കൊടുക്കുന്നു.
നീ ബലികൾ തേടിക്കാത്തിരിക്കുന്നു.
ത്യാഗത്തിനെ വാഴ്ത്തുന്നവർക്കുവേണ്ടി,
പ്രേമിച്ചവരുടെ മാത്രം സത്യമായ ദുഖത്തിനാല്‍ മാത്രം
ഇനിമുതൽ
മരിച്ചവരെപ്പറ്റിയാണെഴുതുക,
നൊന്തിട്ടും നോവാത്തവരെപ്പറ്റി
പരിചയം കൊണ്ടുയാചിക്കാത്തവരെപ്പറ്റി
വിശപ്പും കാമവും നശിപ്പിച്ചവരെപ്പറ്റി
ഉടലുകൾ മാത്രം ചിന്തിപ്പിക്കുന്നവർക്കുവേണ്ടി
അതിനായി മാത്രമാണ്
ഈ കവിതയ്ക്ക്
ജീവിക്കുന്നവരുമായി ഒരു ബന്ധവുമില്ലാത്തത്.