8/28/14

ഒരേസമയം എത്രയാളുകൾക്ക് ഒരേകവിത എഴുതിക്കൊണ്ടിരിക്കാനാവും?



പൂവുള്ള ചെടികളെ പിഴുതെടുത്തു കൊണ്ടുപോവുകയാണ്,
ഒരു പക്ഷെ കവിതയിലേക്ക് നട്ടുവെക്കാനും,
ചിത്രശലഭങ്ങളെ ഭ്രമിപ്പിച്ച് ചിറകിനുപിടിച്ച്
പിടപ്പിക്കാനും, ! വിഷമിപ്പിക്കാതെ…..

മഴയുണ്ട്
മരങ്ങൾ പെയ്യുന്നുണ്ട്
പെണ്ണ്
പ്രേമം
എന്നൊക്കെ എഴുതിയതിനാൽ
പുരുഷമേധാവിത്ത്വ പന്നി എന്നും എഴുതേണ്ടിവരുമോ?

ചിലപ്പോൽ
അലക്കുകാരന്റെ കല്ലിനെപ്പോലെ
ഒന്നിനെയും വേറിട്ട് തിരിച്ചറിയാൻ കഴിയുന്നുണ്ടാവില്ല

പെട്ടെന്ന് ഒരു നടുക്കത്തിന്റെ ശൂന്യതയാവും

ഇടിമിന്നലുകൾക്ക് മുമ്പ്
മഴ ഒരു നിമിഷം
വിറച്ചുപെയ്യാതെ കാതോർക്കും പോലെ,

അഥവാ

ഓമനിച്ചുതഴുകിയിരുന്ന ഒരു മറുക്
പെട്ടെന്ന് കാണാതെയായതുപോലെ..

അവയവഭംഗിയെക്കുറിച്ച് ഒരു പകൽത്തീവണ്ടിയിലെങ്ങാനും ധ്യാനിച്ചിരിക്കുമ്പോഴാണ്
കന്യാസ്ത്രീകൾക്ക് സീറ്റുമാറിക്കൊടുക്കേണ്ടി വരിക;
അടുത്ത
സ്റ്റേഷനിലിറങ്ങാനാണെന്ന് സമാധാനം തോന്നുക

അഥവാ,
ഉള്ളം കാലുകളിലടിച്ച്
തെരുവിലുറങ്ങുന്നതെന്തിന്
എന്ന് പോലീസുകാരൻ ചോദിക്കുക.

രാജ്യത്തിന് എന്റെ മൌനം
അത്രയൊന്നും പ്രധാനമാവില്ല തന്നെ,
അതിനാൽ
ഒരാൾ എഴുതിയാൽക്കൂടി
മറ്റൊരാൾക്കും എഴുതേണ്ടി വരും.

8/26/14

എവിടെയാണങ്ങനെയൊരു മരം?



സൂര്യനെ വിഴുങ്ങുന്ന
പകൽമരങ്ങളുടെ
ഓർമ്മയിലകൾ നിറഞ്ഞ
തണുത്ത നിലമുള്ള
മരണത്തേക്കാൾ മരവിപ്പുള്ള
പുരയിടത്തിലാണ്
പ്രാണനേയും മുതുകിലേറ്റി,

(കണ്ണുകളിൽനിന്ന്
നോവിക്കാതെയും
ചുണ്ടമർത്തി കടിക്കാതെയും
കിനാക്കൾ
ഒഴിഞ്ഞുപോവുന്ന ഉറുമ്പുകൾ)

നമ്മുടെ ജീവിതങ്ങൾ
-അർഥസത്യങ്ങളെ ഞെരിച്ചമർത്തിക്കൊണ്ടിരുന്ന
തൊട്ടാവാടിയുടെ ഇലകൾ -
എപ്പോഴും
കിനാവുകളാൽ
വാടിത്തളർന്ന് തളർന്ന്

പക്ഷെ
കൊഴിയുന്നില്ല
പൂവുകൾ-
അന്ത്യകൂദാശയുടെ ഫോർമലിൻ മണത്തിൽ
ചോദിച്ചുകൊണ്ടേയിരിക്കുന്നു ദൈവമേ,
കൊഴിയുന്ന ഇലകൾക്കെല്ലാവർക്കും
ഒരു മരത്തെ നൽകുമോ
നനവുകൾക്ക് ഒരു മഴയെന്നപോലെ.

8/20/14

ഒരു പക്ഷെ ജലത്തെ ഒരു സാദൃശ്യമായി സങ്കല്പിക്കണം




(അതിനേക്കാൾ ഭാരമുണ്ടാമോ ജീവിതത്തിനെന്ന്
ആരാനും സംശയിച്ചാലോ പിന്നെ
നിലയില്ലാക്കയമാണ്, അയ്യോ താണ് താണ് താണ് പോകുന്നു! )

 ഇരുട്ട് അതിന്റെ
ആഴങ്ങളിൽച്ചെന്ന് രാത്രി ഒരു പശുവാണെന്ന് അയവെട്ടുമ്പോഴാണ്,
അഥവാ വെറുതേ ഓർമ്മകൾ മാത്രം മേഞ്ഞുനടക്കുമ്പോഴാണ്,
മിന്നാമിന്നികൾ മാത്രം മിണ്ടിപ്പറഞ്ഞിരിക്കുന്ന ഒരു രാത്രിയിലാണ്,
വള്ളത്തിന്റെ നിഴൽ കമിഴ്ന്നുവീണപ്പോൾ നിലവിളിച്ചതാണ്,
നിലാവ് ചോർന്നൊലിക്കുന്ന വീട്ടിലാണെന്ന് ആശ്വസിച്ചതാണ്,
ചിന്നിച്ചിതറിപ്പോയ ഒരു കായലോളത്തിലാണുപോലും,
ഒപ്പം നീന്തുമൊരു നക്ഷത്രത്തിനൊരുമ്മ നൽകാനാണുപോലും,
എത്ര നീന്തിയിട്ടും കുടുങ്ങുന്ന വലക്കണ്ണികൾക്കുള്ളിലാണ്;
പക്ഷെ-
ആരാണ് ഇങ്ങനെയൊരു വലയിൽ കൊരുത്തത്,
അഥവാ നിലാവിന് ഇത്രയും പിടയ്ക്കാനാവുമോ?
നിലവിളിച്ചാൽ അത് ആരെങ്കിലും കേൾക്കുമോ?

8/18/14

പച്ചയായിരുന്നു എന്നൊരിലപോലും പറയില്ല



 ഇലഞരമ്പിലൂടെ
 ഒഴുകിയിരുന്ന ഒരു പുഴയുണ്ടായിരുന്നു,
 അങ്ങിനെയൊരു കവിത എഴുതിത്തുടങ്ങിയതാണ്,
 അപ്പോൾ  ആരെയും ആശങ്കപ്പെടുത്തിയേക്കാമെന്ന പോലെ
 പുഴ വഴിമറക്കുകയോ ഭാഷ മാറിപ്പോവുകയോ ചെയ്തു.
 അപ്പോഴത്തെ ഭാഷയിൽ
 എഴുതുകയല്ലാതെ
 കവികൾക്ക് മറ്റു മാർഗമുണ്ടായില്ല.
 നിറം മാറിപ്പോയ പച്ചകളെ
( മറന്നുപോയ ഭാഷയിലെ
മറന്നുപോയ കവിതയെ
പിന്നെയാരും കവിത എന്നുവിളിക്കില്ല,
അല്ലെങ്കിൽത്തന്നെ കാറ്റത്ത് ഇലകളെന്തെല്ലാം പറയുന്നുണ്ടാവും,
ഒരു കാറ്റും ഒരിക്കലും തടഞ്ഞുവെക്കപ്പെടുകയില്ല,
വരും കാറ്റുകളെ, ഇലകളെയിളക്കി മരമോ കാടോ
ഒന്നുമാ ഭാഷയിൽപ്പിന്നെ ഒന്നും പറഞ്ഞേക്കില്ല,
ഓ, എന്തിനാണു പിന്നെയും പിന്നെയും )
പിന്നെയാരും പച്ച എന്നുവിളിച്ചതുമില്ല,
ഇതാണ് പച്ച ഇതാണ് പച്ച
ഇതാണ് ഇതാണ് ഇതാണ് കവിത
എന്നാരോടാണ് പറയാനാവുക.  
ഏതുമരത്തിന്റേതാണ്, ഏത് ഭാഷയിലേതാണ്
ഏതമ്മയാണ്, ഏതുകുഞ്ഞാണ്, ഏതു നിലവിളിയാണ്
മറന്നുപോയ സർവ്വം, ഓർമ്മിക്കാനൊരു അടയാളവാക്കുപോലും തന്നില്ല,
പുഴകൾക്കുള്ളിലൊരു ബാഷ്പം പോലും ബാക്കിയായില്ല,
കാടുകൾ എത്രഗൂഡമെന്നാരോർത്തു,
അത് കാടുകൊണ്ടെഴുതാതെയെങ്ങനെയാരെഴുതും
ഒരിലപോലുമെഴുതില്ല, കൊഴിയും
ഒരു പക്ഷെ
നിലവിളികൾ പോലും കേട്ടാലറിയാത്ത ഒരു മരത്തിൽനിന്ന് കൊഴിഞ്ഞതിനാലാവാം,
പല ഭാഷകളിൽ ഒരേകവിതയെഴുതി ഒന്നിലും വായിക്കപ്പെടാതെപോവുന്നത്.