9/12/09

കടൽത്തീരങ്ങൾ

നിന്റെ ഹൃദയത്തിന്റെ ഒരുപാതി എനിക്കുതരൂ
ഞാനതിൽ എഴുതിത്തരാം,
എന്നന്നേക്കുമായി
മായ്ച്ചുകളഞ്ഞാലും വീണ്ടും വായിക്കാവുന്ന
കടൽത്തിരകളെപ്പോലെ സത്യമായതെന്തെങ്കിലും.
നീളൻ നിഴലുകൾ
മുറുകുന്നുണ്ട് കടലിനുമീതേ
ഓരോ തിരയും കാറ്റും എന്തോ പരസ്പരം പുണർന്നുപാടുന്നുമുണ്ട്
നമ്മൾ പാടാറുള്ള പാട്ടുകളിലേതോ അവ കേട്ടുപഠിച്ചതാവുമോ,
നനവുള്ള മണൽത്തരികളിൽ
അസ്ഥിമരവിക്കുന്ന ഓർമ്മകളുമായി
ഉപ്പുരുചിക്കുമ്പോൾ
കടൽ കടൽ പിന്നെയും കടൽ,
നിനക്കുഞാനെഴുതിത്തരുന്ന കവിത ഒരിക്കലും വായിച്ചുതീർക്കാനാവില്ല.
ഒരിക്കലും മറഞ്ഞോ മറന്നോ പോവില്ല
പ്രണയമായും വിരഹമായും പരിഭവമായും
ഒരുനീളൻ നിഴലായും
നിന്റെ ഓരോ ശ്വാസവും
പിൻ കഴുത്തിലെ ഓരോ മുടിയിഴയും
അളന്നും രുചിച്ചും
ഉപ്പുപോലെ പ്രണയിക്കും.
സന്ധ്യയോ പ്രഭാതമോ വെയിലോ ആകട്ടെ
ഞാൻ നിന്നോടാണ്
എന്നെന്നേക്കുമായി
കടൽത്തീരം പോലെയും
കടൽക്കാറ്റുപോലെയും
കടൽജലം പോലെ അലയൊടുങ്ങാതെ
പാടിത്തീരാതെ പറഞ്ഞുതീരാതെ
ഉപ്പായി നിന്റെ നാവിലും ചുണ്ടിലും
മുടികളിലും നനവിലും
പ്രാണന്റെ പഴുപ്പിലും അസ്ഥിമജ്ജയിലും
ഞാനെഴുതിത്തരാം
നിനക്ക് നിനക്ക് നിനക്ക്.

9/10/09

വളരെ വിദൂരത്തുനിന്നും ചിലരെഴുതാറുണ്ട്
നനഞ്ഞും ചോർന്നുമെത്തുന്ന അക്ഷരങ്ങൾ.
മഴ പെയ്യുന്ന രണ്ടിടങ്ങൾ തമ്മിൽ
നാം സങ്കല്പിക്കുന്ന ദൂരമില്ലല്ലോ
പക്ഷെ, ഉതിർന്നുവീഴുന്ന തുള്ളികൾ
പരിചയഭാവമില്ലാത്ത കടലായി
കൊല്ലുകയും മറ്റുചിലപ്പോൾ ദാഹം ശമിപ്പിക്കയും.
നിഴലുകളരുതാത്തത് ഇരുളായി മൂടുന്നകാഴ്ച്ചകളിൽ
മുട്ടുകുത്തിനിൽക്കാറുണ്ട്
മെഴുകുതിരിവെട്ടത്തിൽ ഇത്തിരിക്കരുണയെത്തുന്നതും കാത്ത്,
പക്ഷെ ദൂരങ്ങൾ,
അതൊന്നുമെഴുതാത്ത ഒരാശംസാകാർഡുപോലെ..