12/8/08

പരാജയപ്പെട്ട ഒരു കവിതയും കവിയും (അഥവാ വേട്ടക്കാരനും മുയലും ഒരു തുടര്‍ച്ച)

തിരക്കുപിടിച്ച റെയില്‍വേസ്റ്റേഷനില്
പുറപ്പെടുന്ന തീവണ്ടിജനാലയില്
കണ്ണാടിവാതിലുകള്‍ക്കപ്പുറം
പാളങ്ങളില് പതിയെവേര്‍പെടുമ്പോള്
അത്രമേലൊന്നുമില്ല പറയാനെങ്കിലും
കണ്ണുകള് മനസില് പരതുന്നു—ഓര്‍മ്മകളില്
മനസുനിറയെ മുറുകും മേളപ്പെരുക്കം.
പാളത്തിനുമീതേ മനസുനുറുങ്ങുന്നു.
അകന്നുപോന്ന ഓരോചക്രവും
പാളങ്ങള് വേര്‍പെട്ടുപായുന്നു.

കടല്‍പ്പാലത്തില് ഒറ്റവിരല്‍ത്തുമ്പുനീട്ടിനടന്നിട്ടുണ്ട്
തീരാദൂരങ്ങളുടെ അസ്പര്‍ശ്യതകളില്
ഒരു പുഞ്ചിരിക്കായ് കാത്തുനിന്നിട്ടുണ്ട്
മഴമരത്തോളം.
നടന്നെത്തിയിട്ടുണ്ട്
ഒരു മഴവില്ലിന് തുമ്പത്തോളം.
ഇലപ്പച്ചയില്
ശിലാശില്പങ്ങളുടെ ഉടലില്
നിനക്കായ് സ്വപ്നം വരച്ചിരുന്നു.
എന്റെ കണ്ണുകള് നെയ്ത്തിരിനീട്ടി
നിനക്കായ്
തിരുവാതിര തെളിച്ചിരുന്നു.
പറയാതെ, ഒറ്റവാക്കുമുരിയാടാതെ
മൌനരാഗങ്ങള് പാടിയിരുന്നു.
അഴിമുഖത്തിന്റെ കടല്‍ജലത്തില്
ഉപ്പുകുറുക്കിയകാറ്റില് കണ്ണുടച്ച്
നിനക്കായ് രാത്രിനക്ഷത്രങ്ങളെ
ധ്യാനിച്ചിരുന്നു.
ഒരുപൂവിന് മണവും
ശലഭച്ചിറകിന് നിറവും
അരുതാപ്പുലരികള് മഞ്ഞുതൂവും നിനവില്
നിനക്കായാദ്യചുംബനം ഞാന്
ജന്മനോവിന് കരള്‍ച്ചൂടില് കാത്തുവെച്ചു.
ആദ്യത്തെമഴയില്
നിനക്കായീ കുടമറവും നീട്ടിഞാന്
പനികറുക്കും വരെ
ഈറന് നനഞ്ഞിരുന്നു.
ഓരോപാട്ടിലും നിന്‍മൊഴി തേടി ഞാന്
മുല്ലപൂക്കും വള്ളികളില്
നിദ്രയെ നീഹാരത്തോടു പകുത്തിട്ടുണ്ട്.
നിഴല്‍വിളക്കിന്റെ മുറ്റത്ത്
നിനക്കായ് നിലാവിനെ
ഒളിപ്പിച്ചു കിടത്തിയിട്ടുണ്ട്.

പ്രണയത്തിന്റെ പിന്‍പാതിയില്,
വാതില്‍ക്കാലൊച്ചയില്
മഴനനഞ്ഞൊരു മണ്‍കുടം പാടുമ്പോള്
ഉദരഭിത്തിപ്പുറത്ത്
നാമൊരുമിച്ചെഴുതിയ കവിതകള്
നീ മറക്കരുത്, നീ മറക്കരുത്
പാ‍ട്ടുമറന്നുപോയ ഒരു മണ്ണാത്തിപ്പുള്ള്
വേനല്‍വെയില്‍മരത്തിന്റെ തണല്‍ച്ചില്ലയില്
കറ്റക്കതിര്‍വാലന് അണ്ണാറക്കണ്ണനോടു ചോദിച്ചത്….
നീലവെളിച്ചമുളള ഒരു പഴയസിനിമാപ്പാട്ടില്
നായകനും നായികയും പാടിനടന്നതും..
മഴമരച്ചുവട്ടിലെ കാല്‍നനവും
ചുണ്ടുകള് ചുണ്ടുകള് പങ്കിട്ട ചുവപ്പും……..
നിര്‍ത്തൂ…………………………………………………………………………….
പ്രണയത്തെക്കുറിച്ചെന്നോടു പറയരുത്
ഞാനെന്റെ ഹൃദയത്തിന്റെ എത്ര തുടിപ്പുകളെ
മറന്നിരിക്കുന്നു.
എന്റെ പാദങ്ങളെത്ര ദൂരങ്ങളെക്കവര്‍ന്നിരിക്കുന്നു
എങ്കിലും എനിക്കറിയില്ല
വേര്‍പെടും നിമിഷമേ നീ
എന്തിനെന്നെ വേട്ടയാടുന്നു……………………….