12/28/14

പൂമ്പാറ്റബുദ്ധന്‍

പൂമ്പാറ്റബുദ്ധനാവുന്നു-
പൂവിലിരിക്കുന്നു
(തമ്മില്‍ത്തമ്മില്‍
ചിറകിനാല്‍ത്തമ്മില്‍
തല്ലിപ്പിടയുന്ന ഇണപ്പാറ്റകള്‍
ഇണപ്പൂമ്പാറ്റകള്‍)
പൂമ്പാറ്റബുദ്ധന്‍.

മഞ്ഞുപൂവില്‍
പൂവാകുന്നു,
പൂവിലേക്കിറങ്ങുന്നു
അറിയുന്നു,
പൂവ്,
ചെടിയുടെ-
രഹസ്യത്തെയൊറ്റുന്നു
ഒരു രാത്രിയും പകലും
കുരിശേറുന്നു;
കുരിശില്‍നിന്ന് കൊഴിയുന്നു.
നനഞ്ഞ ചിറകുമായ്
സൂര്യനിലേക്ക് പറക്കുന്നു,
ഇലകളില്‍നിന്ന്
ചിറകുമുളച്ച്
പ്യൂപ്പകളില്‍നിന്ന്-

പൂമ്പാറ്റബുദ്ധന്മാര്‍ പറക്കുന്നു.

12/24/14

വീട്ടില്‍ ഞങ്ങളുടെ ക്രിസ്മസ്

ക്രിസ്മസ് തണുപ്പുള്ള
രാത്രിയില്‍
നീ,
ഇപ്പോള്‍
കാപ്പി തിളപ്പിക്കുന്നു,
എനിക്ക് പനിക്കുന്നുണ്ട്,
ഉറക്കം കുറവാണ്,
ജനാലച്ചില്ലിനപ്പുറം
നിലാവിന്റെ വിഷണ്ണത;
കാപ്പിയുമായി നീ വരുന്നു,
നിന്റെ പുഞ്ചിരി-
വീട്ടില്‍ നമ്മളൊറ്റയ്ക്കാണ്
പശുക്കള്‍ ഇല്ല
ദൈവപുത്രന്‍ ഇല്ല
എനിക്ക് വിശപ്പ് ഇല്ല
പനിക്കുന്നു,
നിന്റെ മേലേക്ക്
ഉറക്കമില്ലാതെ
ചാഞ്ഞുകിടക്കുന്നു,
നീ
ക്രിസ്മസാണെന്ന്
ഓര്‍മ്മിക്കുന്നു.

12/21/14

ഇരുട്ടിലും വെളിച്ചത്തിലും
ഇരുട്ട് ,
നിലാവിൻ കീറത്തോർത്തുടുത്ത്
കുള്ളന്മരങ്ങൾക്കിടയിലൂടെ
കൂനൻകുന്നുകൾ നിരങ്ങിയും
(വടക്ക് പടിഞ്ഞാറോട്ട്
ഒരു പെൻസിലിനാൽ വരച്ച പുഴയുടെ അതിർവഴികൾ)

-- പുഴകളെക്കുറിച്ച് ബ്രാക്കറ്റിലെഴുതാൻ എന്തധികാരമാണുള്ളത്?--

വെളിച്ചം വീടുകളന്വേഷിച്ചന്വേഷിച്ച്
ഉറങ്ങിപ്പോയവരുടെ രാജ്യത്തിൽ,
(പശ്ചാത്തലത്തിൽ മൊട്ടുകമ്മലുകൾ പോലെ പൂവുകൾ
ലില്ലിപ്പൂക്കളാകാം,
അവ ചൂടിയ പെൺകുട്ടിച്ചിരികളെ
സങ്കല്പിക്കണം, നിശ്ചയമായും നല്ലഭാവനവേണം
പുഴയകലത്തിൽ കൂർത്തപുല്ലിന്മുനമ്പത്ത്
ഒരു മേഞ്ഞവീട്, വീടുകൾ, ചിലപ്പോൾ പശുക്കൾ
ചില പക്ഷികൾ, കാക്കകൾ തന്നെയാവണം.)
ഒഴിഞ്ഞുപോയ വീടുകളിലെല്ലാം
അമ്മമാരുടെ കണ്ണുകളിൽ
ജയിലഴികളിൽ നിന്നും
ഇരുട്ട്,
ചാടിക്കടന്ന്
ചാടിക്കടന്ന്
ചാടിക്കടന്ന്
ചാടിക്കടന്ന്
ചാടിക്കടന്ന്
വീണ്ടും വീണ്ടും
ഇടവഴികളിലൂടെ
ഓടിയോടി
ഓടിയോടി
നീന്തി നീന്തി
മുറിവുകളുടെ ഭൂപടത്തിന്റെ അതിരുകളിൽനിന്നും
പെൻസിൽമുനയാൽ പൊട്ടിത്തെറിച്ച കുഴിബോംബുകൾക്ക്
ഒരപ്രസക്തരുപകമാണ്
ഇരുട്ട്
വെളിച്ചതിന്റെ ജയിലറയാണ്
വളഞ്ഞുവെച്ചിരിക്കുന്നു,
പൊട്ടിത്തെറിക്കുന്നു
വെളിച്ചമുണ്ടാവുന്നു
ഇരുട്ട് നിറയുന്നു
ആരും നല്ല ചിത്രങ്ങൾ വരയ്ക്കുന്നില്ല.