8/21/08

നാമറിയാത്ത നേരുകള്

ആശ്വാസങ്ങള്‍ക്കെല്ലാമകലെയായി
ഒരുതുരുത്തിന്റെ മണല്പരപ്പ്,
കടലിനുമീതേ പാറക്കൂട്ടങ്ങളില് ഉറച്ചുനില്‍ക്കുന്നു.
ബലിക്കാക്കകള് അശാന്തമായിപ്പറക്കുന്ന ആകാശത്തിലേക്ക്
ഇല്ലാമരത്തിന്റെ തണല്‍ച്ചില്ല പടര്‍ന്നുകയറുന്നു.
അവയില് കാട്ടാളന് മറന്നുവെച്ച ഇണക്കുരുവിയുടെ ജന്മം,
സുനാമിയുടെ ഹൃദയത്തില് തിരമാലകളുടെ ഏകാന്തത,
ധ്വനികളില്ലാതെ വന്യമായ അലര്‍ച്ചകളുടെ സ്വയംവിമോചനം,
കുഴിബോംബുകളുടെ കൃഷിയിടങ്ങളില്
അഭയാര്‍ത്ഥിക്കുട്ടികളുടെ കാല്‍പ്പന്തുകളി,
താടിരോമങ്ങളുടെ ഉച്ചഭാഷിണിച്ചുവട്ടില് അമ്മമാരുടെ രോദനം.
വരണ്ടതൊലിക്കടിയില്, ശിഖരങ്ങളുള്ള മണലില്
കടല്‍നനവിന്റെ തിരയിളക്കത്തിലും
ബോധരഹിതമായി ബന്ധിക്കപ്പെട്ട സൂക്തങ്ങള്
സ്വയം നിലവിളിച്ചുകൊണ്ടേയിരുന്നു.
ഇല്ലാമരത്തില്, ഇല്ലാവേരുകളില്,
നാമറിയാത്തതായി നേരുമാത്രമേയുള്ളൂ.

8/6/08

അമ്മ കവിതയെഴുതുന്നു

ചോരുന്ന മേല്‍ക്കൂരയ്ക്ക്
അമ്മ പാത്രം നിരത്തുമ്പോള്
അടുക്കളച്ചുമരിലൂടെ മഴപെയ്യുന്നു.
മഴ നനഞ്ഞ വാഴപ്പൂങ്കുലകള്
തേനേതെന്നും മഴയേതെന്നും
ഉല്പ്രേക്ഷിക്കുമ്പോള്
ചൂട്ടുനനയാതിരുന്നെങ്കില്
പൊട്ടാത്ത ഓടുകളില് മാങ്ങവീഴുന്നെന്ന്
അമ്മ ചുവരിന്റെ തൂണുചാരിനില്‍ക്കുന്നു.
ഇതിനൊക്കെ ഏതുപമയാവും ചേരുക.
തെങ്ങോലകളുടെ ചാഞ്ചാട്ടം
മഴകഴിഞ്ഞാല് കൊഴിഞ്ഞ മച്ചിങ്ങകള്
അച്ഛന്റെ വെള്ളമുണ്ടില് കരിമ്പനടിച്ച്,
ഉണങ്ങാത്ത സ്കൂള് യൂണിഫോമുകള്
ഇസ്തിരിയിട്ടുണക്കുന്നത്,
അമ്മ രൂപകങ്ങളെ എങ്ങനെയാണെഴുതാതിരിക്കുക.
സ്കൂള് വിടും നാലുമണിനേരത്ത്
മാനത്തൂന്ന് മഴയും വിട്ടുവരുമ്പോള്
അമ്മ മെഴുകുതിരിവെട്ടത്തില് കൊന്തയെണ്ണിത്തീര്‍ന്നിരിക്കും.
വിലാപങ്ങളുടെ ഇടിമുഴക്കത്തില്
മാനത്തുള്ള അമ്മ മിന്നല്‍ത്തെളിച്ചുപ്രാര്‍ത്ഥിക്കുന്നു.
അമ്മ ചായപ്പാത്രത്തിലെ മുഖം.
നനഞ്ഞെത്തിയ മോന്റെ തലതുവര്‍ത്തുന്നു.
ദീനക്കാരനായ ഉണ്ണിയുടെ തലപിടിച്ച്
പാഠപുസ്തകത്തില് വിരല് വെച്ചുവായിക്കുമ്പോള്
അമ്മയെഴുതിയ കവിത ഉണ്ണിവിരലുകളില് വായിക്കുന്നു.
അച്ഛന് അപ്പുറത്തെ മുറിയില് രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നു.