3/10/14

രാഷ്ട്രീയം പറയരുത്

 മീൻ കറി പോലെ സ്വാദുണ്ടാവില്ലെന്ന്,
ഹോ! പ്രാചീനമായ രുചിമുകുളങ്ങളേ നിങ്ങളെന്തിനു നിർബന്ധം പിടിക്കുന്നു,
പിടിവാശിപാടില്ല പിടിവാശിപാടില്ല,
എല്ലാം പിടിവിട്ടുപോവുമ്പോൾ പ്രത്യേകിച്ചും പാടില്ല.
ചട്ടിയിലെ അരപ്പിന് എണ്ണവറ്റിക്കരിഞ്ഞുപോവാനുള്ള അവകാശം പോലെ
മീൻ കറിതിളയ്ക്കുമ്പോൾ ഉള്ളിക്കും തക്കാളിക്കും ചാടിവീഴാൻ തോന്നും,
ഉപ്പ് സർവ്വ ജലജീവിതങ്ങളിലും ഒന്നു ടൂറടിച്ചുവരും
ജീവിതത്തിന്റെ രുചി ഞാനാണെന്ന് ഉപ്പ് പരസ്യപ്രസ്താവനയിറക്കി,
എരുവ് ശ്വാസമടക്കി പ്രതിഷേധിച്ചു
മഞ്ഞളും മല്ലിയും വിങ്ങിപ്പൊട്ടി
മുളകിന് പോയിച്ചാവെടോ എന്ന് പറയാൻ തോന്നി,
മീൻ തന്റെ ശവത്തിനേ മാത്രമേ 51 വെട്ടിൽ കഷണങ്ങളാക്കാൻ കഴിയൂ എന്നാശ്വസിച്ചു.
അപ്പോൾ കൂട്ടുകൃഷിയിലൂടെ വിളഞ്ഞ നെന്മണികൾ
കമ്മ്യൂണിസത്തെക്കുറിച്ചെന്തറിയാമെന്നഹങ്കരിച്ചു,
ജീവിതം കൊണ്ട് ഒരു മീൻ കറിയെക്കാൾ ഈ രാജ്യത്തിനുവേണ്ടി നൽകേണമെന്ന് പ്രതീക്ഷിച്ചു.
പുരുഷുവേട്ടൻ, കപ്പ വേണോ കഞ്ഞി വേണോ എന്ന് ചോദിക്കുമ്പോഴാണ്,
പൌരൻ തന്റെ വോട്ടവകാശത്തിന്റെ സാധ്യതകളെക്കുറിച്ചാലോചിച്ചത്.
മീൻ ഒരു രക്തസാക്ഷിയുടെ ശവത്തിനെത്ര അവകാശികളും അന്നനാളങ്ങളും എന്ന് നെടുവീർപ്പിട്ടു,
പാകമായോയെന്ന്, ഒരിറ്റ് നാവിലേക്കിറക്കി,
ആദ്യനിർവൃതിയൊഴിഞ്ഞപ്പോൾ, ഒന്നൂടെ കഷണിക്കാമായിരുന്നു-എന്നുപുരുഷുവേട്ടനുതോന്നിയാൽ തെറ്റുപറയാനാവില്ല;
രാഷ്ട്രീയമോ, മനുഷ്യന്റെ വിശപ്പോ ഒറ്റദിവസം കൊണ്ടവസാനിക്കില്ല.
കപ്പയായാലും കഞ്ഞിയായാലും
മീൻ കറിയുടെ രുചി ഒന്നുവേറെ തന്നെ.
ഇടിവെട്ട് മീൻകറി,
കഴിക്കും മുമ്പ് എല്ലാരും ആൾദൈവത്തോട് പ്രാർത്ഥിക്കുക.


1 comment:

Nidheesh Varma Raja U said...

രാഷ്ട്രീയം പറയാൻ മീൻ കറിയെയും മറ്റും ഉപയോഗിച്ചതിഷ്ടപ്പെട്ടു.
രാഷ്ട്രീയം പറഞ്ഞാൽ അംഗീകരിക്കാത്ത നാട്ടിൽ രാഷ്ട്രീയം ഇങ്ങനെ പറയുന്നതാണ് നല്ലത്

ആശയ നഷ്ടം കൂടാതെ ഒന്നുകൂടെ കുറുക്കിയിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു എന്ന് തോന്നുന്നു.

എല്ലാം വായിക്കുന്നുണ്ട് നെറ്റ് സ്ലോ ആയതുകൊണ്ട് മിക്കപ്പോഴും കമന്റാതെ പോകുന്നത് .