3/26/14

സസന്ദേഹം

 യാത്രികരുപേക്ഷിച്ച വഴികളിൽ
വീണുപോയ നിഴലുകൾ
രക്ഷപെടാനരുതാതെ.
വെളിച്ചം മായ്ക്കുന്നതിനാലും
പിന്നെയുമെഴുതുന്നതിനാലും
നിഴലിന്റെ നിഴലേ, 
നീ എവിടെപ്പോയൊളിക്കുന്നു.

ഒരേവഴിയിൽ പലവഴികളുണ്ട്
വഴിയിലേക്കിറങ്ങിനിന്ന തണലുപറഞ്ഞത്
ഞാൻ മരത്തിൽനിന്നും വന്നുവെന്നാണ്,
എങ്ങോട്ടേക്കു പോകുന്നു?
വഴിയിൽ നിന്നാൽ ഒരിടത്തേക്കും പോകണമെന്നില്ല,
ഒരു വഴിയായി എന്നുപറഞ്ഞാലിതാണ്.

വേരുകൾ നഷ്ടമാവുന്ന-
സഞ്ചാരിയുടെ മഷിപ്പേനപോലെ,
ചുംബനങ്ങളുടെ വിനിമയഭാഷകൾ
കണ്ണീരുവീണു മഷിപടർന്നുപോവുന്നു;
ചുണ്ടുകൾകൊണ്ടുപൊതിഞ്ഞുവെക്കുന്ന
മുറിവാണു ചുംബനം.

ഓർമ്മകളുടെ അധരങ്ങളെപ്പാനം ചെയ്യുമ്പോൾ,
മഴയുടെ കോലായിൽ രാത്രിയുടെ മഹാമൌനങ്ങൾ 
ക്ഷമയോടെയിരിക്കുന്നു; ഇനിയും വിചാരണകൾ കഴിയാനുണ്ട്.

ആകാശം ഭൂമിയോടു സംസാരിക്കുന്നതാണ് മഴ.
പ്രണയിച്ചും തിരസ്കരിച്ചും വെറും മണ്ണിലൂടെ ,
നനഞ്ഞ പാദങ്ങളോടെ നടന്നകലുമ്പോൾ
ഇപ്പോഴും എനിക്കു വിഷമമാണ്,
ഈ സംസാരം അവസാനിക്കുന്നതെനിക്കു വിഷമമാണ്.

പകൽക്കാടുകളുടെ ചില്ലകളിൽനിന്നും -
പകലന്തിക്കുപറന്നുപോം പക്ഷികളെപ്പോൽ,
ചില നേരങ്ങളിൽ ചിലതെല്ലാം നിശ്ചിതമെന്നതാശ്ചര്യം.
നിദ്ര അജ്ഞാതനായ സഞ്ചാരിയും 
മഴ അതിന്റെ കുതിരക്കാരനുമാണ്.

ചിലപ്പോൾ ഒച്ചിനോടും ആമയോടും ആദരം തോന്നണം.
വീട്ടിലേക്കുള്ള വഴിയിലെത്തുമ്പോൾ,
വീട് കാണുമ്പോൾ-
പുറന്തോടുകളാലില്ലാതാവുന്ന അനാഥത്വവുമായി നമ്മൾ.No comments: