9/23/17

പിന്നെയും

പൂവിടാത്ത ചില്ലയിൽനിന്നും, നേർത്തൊരിലഞ്ഞരമ്പിലെ കടലിരമ്പമേ,

വരാതിരിക്കാത്ത കാറ്റുവീശുമ്പോൾ മറന്നുപോയൊരുമഴയുടെ മഴവില്ലാകാശമേ ,

പറയാതിരിക്കുക,
നമ്മളിൽ തമ്മിൽ
മറവിയുടെ മഞ്ഞനിറഞ്ഞടർന്ന പാതയോരത്തെ ഇലകളെ,

ഏതുകാറ്റിനാൽപ്പാറുന്നു നമ്മളിലകൾ, നനഞ്ഞൊട്ടുന്നോർമ്മകളുടെ ചുടുനിശ്വാസത്താലുരുകും മഴകളിൽ,

നനഞ്ഞുവെന്നോ
നമ്മളിലപ്പക്ഷികൾ പ്രാണന്റെ  പിടച്ചിൽകൊണ്ടുപിന്നെയുമെത്തുന്നു,

പിന്നെയും,

പതിവുപോലെ ഹതാശരാവുന്നു പൂക്കാത്തചില്ലകളിൽ ചിദാകാശദിക്കുകളിൽ.

9/22/17

എന്നെങ്കിലുമൊരിക്കൽ അയാൾ പിന്നെയും കവിതയെഴുതിത്തുടങ്ങും,

പക്ഷെ അവർ

വെട്ടും തിരുത്തുമുള്ളൊരു ഭൂപടത്തിൽനിന്ന് മുറിവേറ്റ്‌ ഓടിപ്പോകുന്നവർ,

അവരുടെ പൊക്കിൾക്കൊടിമുറിഞ്ഞ്‌
ചോരപെയ്ത പുഴയിലെകലക്കവെളളം

നമ്മളില്ലാത്ത വീട്ടിന്മുറ്റത്തേക്ക്‌ നടന്നെത്തിയ കാട്ടുചെടികളുടെ കുട്ടികൾ,

നമ്മുടെ കാലുകൾ ഞെരിഞ്ഞ്‌
അവരുടെ ചോരവീഴുന്ന മുറ്റം,

അവരുടെ മഴക്കാലം,
അതുകാണാത്ത
വാതിലുകളും ജനാലകളുമടച്ചിട്ട ജനാധിപത്യത്തിന്റെ വീടുകൾ,
ആശുപത്രികളിലെ പ്രസവമുറികൾ, വേദനകളുടെ പൂക്കൾ നിറഞ്ഞ സ്വകാര്യതകൾ,
വികസനവും രാഷ്ട്രവും, റിപബ്ലിക്കും,

നമ്മളും അവരും,

ഓടിപ്പോകുന്നവർ,
വരകൾക്കപ്പുറത്തേക്ക്‌ മാറിനിൽക്കാൻ പറയുന്ന മഷിപ്പേനയുടെ അധികാരം.

മുങ്ങിമരിച്ചെങ്കിൽ
മുങ്ങിമരിക്കുന്നവരുടെ തീരാദാഹത്തെ തീർക്കലാണുപക്ഷെ,

വിശന്നുവീണുമരിച്ചെങ്കിൽ
ഓടിയോടിയെത്തി കിടന്നുറങ്ങിപ്പോവുകയാണുപക്ഷെ

അവരുടെ കുട്ടികൾ വരയ്ക്കും,
മലകൾക്കിടയിലൂടെ സൂര്യന്റെ വെളിച്ചം പരക്കുന്ന ആകാശം
പച്ചമേട്‌, കുഞ്ഞരുവി,
അമ്മയും അച്ഛനുമുളള വീട്‌,

അതേ പേപ്പറിൽ,
നിന്റെ ഭൂപടം, അതിൽനിന്നുപുറത്തായവരുടെ കരച്ചിൽ,

എന്റെ കവിതയുളള പേപ്പർ,
അവരുടെ കരച്ചിൽ കരച്ചിൽ കരച്ചിൽ,
,,,,,,

കഴിഞ്ഞ മഴക്കാലത്ത്‌,

രാവുറങ്ങുന്ന ഇലകളൊന്നിച്ചുണർന്നുപെയ്യുന്നു
മഴ മഴ മഴ മരം മഴമരം.

നിന്നെയോർമ്മിക്കുന്നുണ്ട്‌
ശൂന്യമായ നിന്റെ കിടക്കയിൽ,
നിന്നോടൊപ്പമുളള പാവക്കുട്ടിയുടെ
അനാഥവും ശൂന്യവുമായ കണ്ണുകൾ,

വീടുനിറച്ചും
നീയും നിന്റെ വിരലുകളുമാണു

ഏതകലത്തിൽനിന്നും വന്നുതൊടുന്നു
വരാതിരിക്കാത്ത കാറ്റുവീശുന്നു

നനഞ്ഞനൂലുകളുളള മഴയിലൂടെ
കാറ്റിൻ വിരലുകൾ

എത്രനീണ്ടതാണേകാന്തതയുടെ വിരലുകൾ,
ഓർമ്മയുടേതും.

നിന്നെയോർമ്മിക്കുംമ്പോൾ,
കഴിഞ്ഞമഴക്കാലത്ത്‌

മഴമരം.
മരത്തിനുമാത്രമൊരുമഴ.

നിന്റെ കിടക്കയിൽ,
വീടുനിറച്ചുമെത്തുന്ന നോട്ടങ്ങളുടെ
ശൂന്യമായ, വെളുത്തവട്ടക്കണ്ണുകളുളള പാവ.

7/16/17

ഒരു വെയിൽ വന്നുമായുന്നു.

വരാതിരിക്കില്ല,
ഞാനിരിക്കുന്ന പടവത്ത്‌
പണ്ടൊരു മരം പൂക്കൾ കൊഴിച്ച്‌
സ്വയം മറന്ന് മഴ മറന്ന്
എല്ലാരും മറന്ന്
മറവികളുടെ വാക്കെല്ലാം മറന്ന്, മറവികളുടെ ശിൽപമാവുന്നു.

പഴയ മരമേ,
ഈ വെയിലിന്റെ മഴനിഴൽപ്പൊഴിച്ചിട്ട മറവികളേ,
ഏതാണു ജീവനേ
നീ മറന്നുപോവുന്ന വാക്ക്‌.

1/27/17

വെയിലിൽനീന്തുന്നൊണ്ടുമ്മയാൽപ്പിടഞ്ഞ്‌

വെയിൽ വീണു കിടക്കുന്ന കാറ്റത്താണൊരു
നീലച്ചിറകുളള പൊന്മാൻ
കുതറിപ്പിടഞ്ഞുപാടിയത്‌

ഓളങ്ങളിൽ സ്വയം ചൂണ്ടക്കൊളുത്താവുന്നൊരുമേനി
ഏതുമീനിനും സ്വന്തമാണെന്ന്.

ഇല്ല പാടിയില്ല
പൂവരശിൻ കഴുത്ത്‌

ഇറുത്തിട്ട ഒരു മഞ്ഞപ്പൂവും ഉളളം ചോന്നൊരു പാട്ട്‌.

എന്നിട്ടും പൊന്മാനേ
അകലെ നിന്റെ പാട്ട്‌.

തൂവൽ മുളയ്ക്കാത്ത ചിറകു  നീർത്തുന്ന മറ്റൊരാകാശം നിറയെ,

നനഞ്ഞുനനഞ്ഞുനീന്തുന്നൊരു കിനാവുണ്ടതിൻ പാട്ടുണ്ട്‌.

വെയിൽനീന്തുന്നൊരുച്ചമുറ്റത്ത്‌
പഴയൊരുനിഴൽ നീണ്ടുകിടക്കുന്നു

നിന്റെ പാട്ടുമാത്രം
മുഴങ്ങുന്നു മുഴങ്ങുന്നു.

മീനേ മീനേ
ഓളങ്ങളിൽ നീയുറങ്ങുക
താരാട്ടുപാട്ട്‌ കേട്ടുറങ്ങുക
പൊന്മാൻ ചിറകുവിരുത്തി താഴുന്നു
പൂവരശിൻ പൂവ്‌ കഴുത്തുപിടഞ്ഞുകൊഴിയുന്നു,

ജലമില്ലാതൊരുവൾ
വെയിൽക്കാറ്റിൽ നീന്തുന്നു
ഒരുമ്മയിൽ അവളെ കൊരുത്തെടുക്കുന്നു.

1/18/17

കവിത വായിക്കുന്നവരുടെ സാങ്കേതികപ്രശ്നങ്ങൾ
മഴയുള്ള ഒരു രാത്രിയിൽ മുട്ടിവിളിച്ചതാണ്
നനയുന്നുണ്ടാവും
തണുപ്പേറിയിരിക്കാം
പട്ടിണിയാവാം
പക്ഷെ
വാതിൽ തുറന്നില്ല.
ഇതു തന്നെയാണ് ലോകം
ഇതു തന്നെയാണ് മാന്യത, കുലീനത
എന്നൊക്കെ തോന്നുന്നില്ലേ?
കവിത വായിക്കുമ്പോൾ തോന്നുന്ന
ഈ രോഷമെല്ലാം
പുസ്തകത്തോടൊപ്പം അടച്ചുവെച്ചിരിക്കുകയാണോ?
ഇനി വല്ല സ്വപ്നവുമാണെങ്കിലോ
എങ്കിലോ കിടന്നുറങ്ങിയേക്കാം.
8/20/16

പഴയപക്ഷിപ്പാട്ട്
ഒട്ടുനേരമൊന്നും ഓര്‍മ്മയില്‍ 
കേട്ടുമുഴുമിക്കാനാവില്ലൊടുവില്‍
നെഞ്ചുപൊട്ടിക്കരഞ്ഞുപോവും

മഴയത്തൊരുതുള്ളിക്കും തകരാതെപെയ്യാനാവില്ലപിന്നെ.

ഒരുവെയിലിലും തനിച്ചുനില്‍ക്കാറില്ല,
വെയിലില്ലാതൊരുനിഴല്‍.

ഓര്‍ത്തിട്ടുണ്ടാമീവയസന്മാവ്,
മധുരം കൊതിച്ചിടാം 
പക്ഷെ വെയിലിനെ മാത്രം നനഞ്ഞു നൊന്തുനീറി,
പച്ചയായ് പൊട്ടിത്തെറിച്ചു ചുനച്ചിടുമ്പോള്‍

പൂ‍ത്തുവെളുത്തതോന്നലുകളുള്ള മുല്ലകളാണുചുറ്റും,
പൊഴിയാതിരുന്നിട്ടുമാദ്യത്തെമഴ,
ഇരുട്ടിലാരോകരഞ്ഞിടാമാര്‍ദ്രത,
കുയില്‍പ്പാട്ടിന്റെ തോല്‍വിയില്‍ പഴയപ്രേമം,
പെണ്‍ നോട്ടങ്ങള്‍ മുലക്കണ്ണുപിഴിയുന്ന കിനാവുറക്കത്തിന്റെയുഷ്ണത്തില്‍
ചവര്‍പ്പുണ്ടതിതീക്ഷ്ണമീവേനലില്‍, വിരിഞ്ഞപൂക്കളുടെ തേനിനും

വേനലിലാദ്യത്തെ (ഒടുവിലത്തെയും) മഴപൊഴിയാതിരുന്നിട്ടും,
പഴയമരച്ചോട്ടിലിങ്ങനെ മുല്ലപ്പൂവും, നിഴലും, മാമ്പഴവേട്ടയും,
നമ്മളാരൊക്കെയൊളിനോട്ടങ്ങളാല്‍ വെയില്‍ച്ചൂളലുകള്‍
പാതിവഴിമറന്നുറങ്ങിപ്പോയൊരു പ്രേമത്തിന്റെ 
ഒച്ചിഴഞ്ഞ തണുപ്പിതാ കണ്ണില്‍ത്തറയ്ക്കുന്നു മാന്തളിര്‍ക്കാനനമേ നിന്നില്‍
ഒരുമ്മയ്ക്കും മായ്ക്കാനാവാതെ,
ഉമ്മവെക്കുമ്പോഴെല്ലാം നെഞ്ചുപൊട്ടുന്നു 
കാത്തിരുപ്പാണ് മഴക്കാലമേ,
ഈ നിഴലിന്റെ ഉച്ചയില്‍ വെയില്‍ പെയ്യുന്നുണ്ട്,
മഴക്കാലം നെഞ്ചത്തിരുന്നു വിങ്ങുന്നുണ്ട്
ഉള്ളം കവിഞ്ഞൊഴുകുന്നു, പ്രളയത്തിന്റെ വിത്തുകള്‍
ശ്വാസത്തിന്റെ കുമിളകള്‍ക്ക് കഴുത്തുപിടയുന്നു,
നഖങ്ങളെപ്പോലും മൂടുന്നു, പ്രേമമേ,
ഒറ്റയ്ക്കാവുന്നു.