1/21/14

കാമുകോപനിഷത്ത്

എന്നേക്കാൾ സത്യമായതെന്താണെൻ
 വാക്കല്ലാതെ,
ഇതിൻ സാരം അഹം പ്രണയാസ്മി.
നീയീ രാത്രിയിലതിൻ വിജനവീഥികളിൽ
കാടുപൂത്ത മണമതിൻ പരാഗമലയും
കാറ്റാണു, ഞാൻ നിന്നിലുലയും നൂലിഴകളാൽ
കിനാവുനെയ്തകാനനം.
ഇടവഴിയൊരുവഴിപലവഴിനമ്മൾ
ഉലയുമോരോകാറ്റിലുമൊരുപൂവ്-
കൊഴിയുമോരോ വാക്കിലും;
പൂക്കളെന്നിൽ മഞ്ഞ
നിൻ പൂക്കൾ രാഗത്താൽ-
രാമഞ്ഞിൽ രക്തമിറ്റുന്നവ,
അനുരാഗത്താലകം നീറി-
പ്പിളർന്ന ഞാനെന്നിൽ,
പുഴകളൊഴുകും ഞരമ്പിൽ
നിൻ നിലാവിനാൽ
നോവുകളെയുറക്കൂ.
കൂരിരുൾ പായും
പലവഴികളിൽ പ്രയാണം
പ്രണയമേ നീയെന്നിൽ.

1/20/14

ജ്വാലകൾ


നിഴലിൽത്തെളിഞ്ഞ വിളക്കേ, നിൻ
ജ്വാലയാലിരുൾനിറച്ചജീവനേ,
കിനാക്കളാലെണ്ണനീൾമിഴികളിൽ
ഏതേതുദൂരങ്ങളിൽ ചെറുതിരികളാൽ
ഭ്രമിപ്പൂ അകലങ്ങളകന്നരികെയെന്നെപ്പോഴും-
കേവലത, കാറ്റിലീ സ്ഫുലിംഗങ്ങൾ
ആരംഗുലികളാൽ മാറോടടക്കുന്നു
തമസ്സിൻ ഹൃദന്തങ്ങളെ,
പഴയപാഴ്ക്കിനാക്കളെ-
യേറെക്കാത്തതാമീക്കൽവിളക്കുകൾ
തെളിയാനാളങ്ങൾ തെളിഞ്ഞിടുമ്പോൾ
തെളിഞ്ഞതമസ്സിനാൽ
ചോദിപ്പൂ മനമിതിൽ,
ജ്വലിപ്പതെന്ത്, നിൻ നാളമോ
തിരളും തമസ്സുതന്നെയോ?

1/18/14

പുഴപ്പേപ്പറിലെക്കവിതഎന്നെ ഒരു പരീക്ഷണനാളിയിൽ പകർന്നുവെക്കൂ
എന്നെ തിളപ്പിക്കുകയോ, തണുപ്പിക്കുകയോ ചെയ്യൂ,
എന്നിലേക്കു ശ്വാസങ്ങൾക്കടത്തി കുമിളകളാക്കൂ,
എന്നിലേക്കമ്ലങ്ങളെയോ ക്ഷാരങ്ങളെയോ ഒഴിക്കൂ,
എന്നെ ലയിപ്പിക്കൂ, എന്നെ ഒരെലിയിലെങ്കിലും കുത്തിവെക്കൂ,
ഞാൻ ഒരു പകർച്ചവ്യാധിയായി മോക്ഷം പ്രാപിക്കട്ടെ.
ഈഭൂമിയിലങ്ങനെയലിഞ്ഞൊഴുകാനും, അലിയാതെയലയാനും,
മഴപെയ്തുപിന്നെയും പൊട്ടിച്ചിതറാനും ഞാൻ,
എനിക്കെന്താണുരോഗം, ഏതാണാനുരാഗം, ഞാനെന്താണെന്നുനിങ്ങൾ കണ്ടെത്തൂ,
ഞാനൊരുപുഴയാണെന്നു നിങ്ങൾപ്പറയരുതേ
എങ്കിൽഞാൻ, ഈ പരീക്ഷണനാളികളെത്തകർത്ത്
കവിതകളും കാടുകളുമന്വേഷിച്ചൊഴുകട്ടെ.
പൂക്കളോ, പരാഗങ്ങളോ പ്രണയകവിതകളോ
ഒരു ചെറുപുഞ്ചിരികൾപ്പോലുമില്ലാത്തലോകമേ
നിന്നേകാന്തതകളുടെ അടഞ്ഞവാതിലുകൾക്കപ്പുറം,
മഞ്ഞുകാലങ്ങൾ, നിശ്വാസങ്ങളിൽ വന്നുറഞ്ഞുനിൽക്കുന്നു.
പഴയപാട്ടുകൾ പാടിപ്പാടി, ഒരു കൈയ്യാകാശത്താൽ പുതിയ സിംഫണികൾ മെനഞ്ഞ്
ബീഥോവൻ നീ ബധിരനായിരിക്കുന്നു,
നിലാനടത്തങ്ങളോ, മഴയോട്ടങ്ങളോ, വീഞ്ഞുള്ള മധുവിധു നൃത്തങ്ങളോ മറന്ന്
മൈക്കൾ ജാക്സൺ, നിനക്കു പേശികൾ വേദനിക്കുന്നില്ലേ
വാക്കുകൾ മെനഞ്ഞവനേ, കവിതകൾ നിറഞ്ഞവനേ
നിന്നാകാശങ്ങളിൽ പൂക്കൾ പെയ്ത മരങ്ങളേ
മഴകളേ, നിനക്കൂ‍ഷ്മളതനൽകിയ പക്ഷിത്തൂവലുകളേ,
മഞ്ഞുകാലങ്ങളേ, കനത്ത വാതിലുകൾക്കടന്ന്
പ്രണയവും, പഴയ വാക്കുകളും സ്വയം യാചിക്കുന്നു
ചിലപ്പോഴെങ്കിലും ഈ അക്ഷരങ്ങൾ സ്വയം അപനിർമ്മിക്കണം,
നിങ്ങളുടെ പ്രണയങ്ങൾ ചിലർക്കെങ്കിലും തമാശയാണ്.
പ്രണയത്തിന്നതിരുകണ്ടവരുണ്ടോ?
ഉണ്ടെങ്കിലതിൻ ഭൂപടം കൈവശമുണ്ടോ?
തണ്ടപ്പേർ നിങ്ങളുടെ പേർക്കാണോ?
കൈവശാവകാശം കിട്ടിയിട്ടുണ്ടോ?
കരം കെട്ടുകയോ, അനുഭവമെടുക്കുകയോ ചെയ്തിട്ടുണ്ടോ?
പിന്നെ പ്രണയത്തിലെത്ര താമസക്കാരുണ്ട്?
സ്ഥിരതാമസക്കാർ ആരൊക്കെയാണ്?
അവർക്കെന്താണോഹരി?
വഴിയും ഒഴിവും പറഞ്ഞിട്ടുണ്ടോ?
അയൽക്കാരും ദിക്കും രേഖയിലുണ്ടോ?
കൈമാറ്റവും മുന്നാധാരവും അറിയാമോ?
നെൽവയലുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ?
മഴയും വേനലും മഞ്ഞുമുണ്ടാവുമോ?
ഇടനാടും മലനാടും കടൽത്തീരവുമുണ്ടാവുമോ?
പുഴകളോ, നദികളോ, കിണറുകളോ ഉണ്ടാവുമോ?
അന്വേഷിക്കാൻ ഏതുവില്ലേജോഫീസർക്കും ഒരാഴ്ച്ചത്തെസമയം വേണം

……………………………………………………………………………………………………………………………………………………………………………………
……………………………………………………………………………………………………………………………………………………………………………………
……………………………………………………………………………………………………………………………………………………………………………………
………………………………………………………………………………………………………………………………………...................................

അനന്തരം: കവിതകൾ പെയ്യാൻ തുടങ്ങി;


നീയെന്നെനോക്കിയിരിക്കുമ്പോൾ കണ്ണുകളിൽ പുഞ്ചിരികൾ വന്നുനിറയുന്നത്
പ്രേമത്താലെന്നു ഞാൻ നിനച്ചിടട്ടെ,
കാനനനിഴലുകളിൽ പൂക്കൾ വിരിയുന്നതും കിളികൾ കുറുകുന്നതും
രാത്രികൾ നമുക്കിരുൾമറകൾതന്നതും
കൈകൾ കോർത്തു നാം, ഞെരിഞ്ഞുഞെരിഞ്ഞ് ചുണ്ടുകളിൽ നിറയെ ദാഹങ്ങളാൽ,
നദികളെത്തിരഞ്ഞിറങ്ങിയതാണീനദികളേ നിങ്ങളെ
നാമീ കാലമാം നദിയിലെ തന്മാത്രകളായൊഴുകുന്നല്ലോസ്വയം,
സ്വയം കുടിച്ചോ, കാർന്നുതിന്നോ അടങ്ങാത്ത വിശപ്പുമായി,
വിശപ്പിനെത്തന്നെ വിഴുങ്ങാൻ, അല്ല പ്രണയത്തിനെത്തന്നെ പ്രണയിക്കാൻ
എങ്കിലും, നിന്നെക്കാൾ ഉന്മാദിനിയായൊരുവളെ ഞാൻ കണ്ടെത്തിയില്ലല്ലോ,
എത്ര ശിശിരങ്ങൾ, വേനലുകൾ, മഴകൾ
എല്ലാം കണ്ടെത്തിയ നമുക്ക് പൂമണങ്ങളുള്ള രാത്രിയിൽ നടക്കാൻ പോവാം
പുലർകാലത്തെപ്പുഴവെള്ളങ്ങളിൽ മുങ്ങിനീരാം,
പ്രണയത്താലൊട്ടിയ നമ്മുടെയധരങ്ങളിലെ തേൻ തുള്ളികൾ കിളികൾക്കുനൽകാം
ഉന്മാദത്താലാപ്പറവകളാകാശത്തിൽ തലകീഴായ് ഭൂമിയെക്കാണട്ടെ;
ആകാശത്തിന്റെ നിറം പച്ചയാണെന്നു നമുക്കുസത്യം ചെയ്യാം.

ഭൂമിക്കുമീതേ കാറ്റിലൊരുപട്ടം പോലെ നമുക്കുപറക്കാം,
ചെറുക്കന്മാരേ, കടൽത്തീരങ്ങളേ,
ഞങ്ങളുടെ നറും വിരലുകളിൽ നൂലുകെട്ടൂവേഗംവേഗം പറക്കണം പറക്കണം
ക്ലോക്കുകളിൽനിന്ന് നിമിഷസൂചികൾ ഇറങ്ങിയോടുന്നു തിരശ്ചീനമായി,
ഭൂമിക്കുമേലേ ആകാശം പിളർന്നു വീഴുന്നു,
ആകാശത്തിൽനിന്നു രക്ഷപെടാൻ മനുഷ്യർ ഞങ്ങൾ പരക്കം പായുന്നു.


പുഴമഞ്ഞുമൂടിയ സൂര്യൻ:


മെല്ലെനീതൊടൂ, ഉറക്കത്തിലെമഞ്ഞ്,
ഉണർച്ചയിലെൻസൂര്യനേ, നീ-
നീളൻ വിരലുകളാൽ എന്നസ്ഥികളെയുരുക്കിയുണർത്തി,
നിന്നിയുരിലേക്കുന്മാദത്തിലൊരു കാറ്റിനാൽ,
അതിവിദൂരമീ പ്രണയകാലങ്ങൾക്കപ്പുറം,
പിന്നെയുമൊഴുകുമ്പോൾ നമ്മിൽ വിരഹത്തിൻ തന്മാത്രകൾ,
എന്നെത്തുളച്ചുനിന്നധരങ്ങളാലാർദ്രചുംബനങ്ങൾപകർന്ന്,
ആലിംഗനത്താൽ, നീളൻ കൈകളാൽ പ്രണയമേ എന്റെ സൂര്യനേ
എന്നെയുരുക്കിയൊഴുക്കുമീപ്പുഴയിൽ നീയും ഞാനും
രാവേറെ ശ്യാമമായ്, നിന്നൊളിവീഴാവിരഹങ്ങൾ പരന്നുപരന്ന്
പകലേറേ ശുഭ്രമായ്, നിൻ പ്രണയത്താൽ ഞാനുരുകുമീക്കാലങ്ങൾ

മറുപടിക്കവിത:

വാക്കുകൾ മാറിക്കൊണ്ടിരിക്കുന്ന ഒരു കവിത മനപ്പാ‍ഠമാക്കാൻ കഴിയുമോ
ഒഴുകുമീപ്പുഴയിലൊരേവിരഹത്താലും വിഭ്രത്താലും
നീയും ഞാനുമിങ്ങനെ,
മണ്ണുതിന്നുന്ന ഒരു വേരാണുഞാൻ
ആകാശത്തെത്തിന്നുന്ന ഒരിലയാണുനീ
നമുക്കിടയിൽ,
ഈപ്പ്രണയത്തെക്കാൾ
പുഴയാണുപടരുന്നത്,
മുങ്ങുക, നീയും ഞാനും
പുഴ പറഞ്ഞുവോ; ഇങ്ങനെയെഴുതിനോവിക്കരുതെന്ന്?

1/16/14

തീരാത്തിരയെഴുത്ത്

തിരികെവരും തിരകൾപോലെയേതോകടൽ പോലെ
സ്മൃതികൾതരും തീരങ്ങളിലേതുയാത്രികർനാമെത്തിരാത്രികളിൽ
ഏതേതുപൂക്കളാൽ നാം പരാഗമിയന്നുവാനിൽപ്പാറിയെന്നോ സ്വയമറിയാതെ
ഞരമ്പുകളിൽ നിലാവുപുളഞ്ഞരാക്കിടക്കയിലേതുകിനാവുമായ് കഥപറഞ്ഞുവെന്നോ-
പ്രണയിനിയവൾ കാലം തിരമൂടിയ നാം സ്മൃതികളിരമ്പും കടലിൽ മുങ്ങവേ,
ഒരുപാട്ടിൻ പഴയൊരീരടിമറന്നനാം, തിരികെനടക്കുമീ വിളക്കുകാലുകൾക്കുകീഴെ-
യേറെനേർത്തതാം നീളൻ നിഴലുകൾ, കടലിലേക്കു കുനിഞ്ഞമരങ്ങൾ പിന്നിട്ട്,
എവിടെയെന്നോർത്തുപോയ് ഹാ! നഷ്ടമെല്ലാം, കടൽ മായിച്ചുവോ,
സ്മൃതികൾതരും തീരങ്ങളിലേതുയാത്രികർ നാം നടന്നകലവേ
അകലെ മത്സ്യങ്ങൾ കടൽതരുമക്ഷരങ്ങൾവിഴുങ്ങി മതിഭ്രമത്താൽ,
വലകളിൽക്കുരുങ്ങിയാകാശത്തേക്കു കൺചിമ്മിയാർദ്രമായ് മീൻകണ്ണുകളടയാതെ
സ്തോഭത്താൽ നക്ഷത്രങ്ങൾ, കൺചിമ്മിയവരറിഞ്ഞതില്ല,
ഏതക്ഷരങ്ങൾ കടൽത്തിരകൾ മായ്ച്ചതേതുപിന്നെയും ഭ്രമത്താൽ,
തിരികെവന്നെഴുതിയെന്നും തിരകൾ, തിരികെവരും തീരങ്ങളിൽ കടൽ;
യാത്രികർ നാമറിയാതെത്ര കവിതകൾ, കടലെഴുതുന്നു, മായ്ക്കുന്നു,
അവ വിഴുങ്ങിനാം ഭ്രമിച്ചിടുന്നു, പാഴ്മീനുകൾ,
ആകാശമേ രാവുറങ്ങുന്നുപിന്നെയും.

1/13/14

പകലിരവുകളിരവുപകലുകൾ


പകലിരവിന്നുസാന്ത്വനം;
തമസ്സഴൽമൌനത്തിനുസിംഫണികൾ ധ്യാനലീനം,
കലികാജാലം പോലൊരുസൂര്യനൊരായിരം പുലരി
ഇരവുപകലിന്നുവിസ്മൃതികൾ കടൽവിദൂരം അലകളകലം;
ജ്വലനാ‍ഭമൊരുഹവിസ്സിന്നാത്മശാന്തിക്കൊരുകടൽ പോലെ,
തപോവനം പോലെകൂരിരുൾക്കൂടൊരുങ്ങി,
തീച്ചിറകുള്ള പക്ഷിയുറങ്ങും കാനനക്കടൽ, കടൽക്കാനനം.
തീനാവുകളാൽ നനഞ്ഞകടൽകുടിച്ചദാ‍ഹത്തിനാൽ
ഏറെതണുത്തമലനിരകൾ, മരച്ചില്ലകളേറി വരുന്നവനേ,
മഴപെയ്യുമ്പോൾ കടലിൽ മുങ്ങിനീന്തുന്നവനേ
ശ്യാമവാനിൽ നിലാവുപെയ്യുന്നതിനപ്പുറം കുടയുമായ് കാത്തുനിൽ‌പ്പവനേ
ചെരിഞ്ഞ വാ‍നിൽനീനടന്നുനടന്നുവീഴുന്നുകടലിൽ,
മുറിഞ്ഞനെറ്റിയിൽ ചോരയിറ്റുന്നൂ,
ആകാശത്തിലേക്കു കടൽ‌പ്പടരുന്നൂ,
ഭൂമിയിലേക്കു രാവുപെയ്യുന്നു,
രാവുറങ്ങുന്ന കടൽ, കടൽനിറഞ്ഞഭൂമി, 
ഭൂമിനിറഞ്ഞകടൽ, രാവുനീന്തിക്കരേറും പകലിൽ
തീപിടിക്കുമാകാശമേ ചുറ്റിലും പകൽ
തീമുങ്ങിയവനേ നീ കടലിൽ, തീപെയ്തവനേ നീ കടലിൽ
തീ തീ തീ തീ
കടൽ കടൽ കടൽ
പകലിരവുകൾ ഇരവുപകലുകൾ
  മരുഭൂമികൾക്കപ്പുറം


ഒറ്റച്ചിനപ്പിലനുരാഗത്തിൻ വേരുകൾ മുളച്ചാഴ്ന്നിറങ്ങും
ധര, ധരിത്രി, ധാത്രി നീനൽകുമമ്മിഞ്ഞതിരഞ്ഞെന്നിലെവിരലുകൾ-
എവിടേക്കോപുഴമരിച്ചവരണ്ടനിലാച്ചതുപ്പുകൾ,
കടന്നെത്തും വിരലുകളമ്മയെത്തിരഞ്ഞുതിരഞ്ഞസ്വസ്ഥം വാനിലേക്കുയർത്തും ശാഖകളാലിലകളാലേതോലോകങ്ങൾച്ചുറ്റും മാരുതനോടാരായുമ്പൊഴും
വഹ്നിഗന്ധമാർന്നവനേ, പുകപ്പട്ടടയാൽ വീശുന്നവനേ,
നീ മരുഭൂമികൾക്കകലെ കിനാവിൻ രാപ്പകലുകളിൽ,
പക്ഷികൾക്ക് വിശന്ന ദേശാടനപ്പൊയ്കകളിൽ,
പണ്ടുതിളങ്ങിയ മീൻകണ്ണുകളാൽ,
എത്രസത്യങ്ങളെക്കണ്ടുകണ്മടങ്ങിയതോ പുഴ,
തിരയുന്നു വേനലിൻ വറ്റുമോരോകനിവിലും,
അമ്മമാറിടങ്ങളിൽ നാം വേരുകൾ പിന്നെയും
ജന്മദുഖത്താലീ മരുഭൂമികൾക്കപ്പുറം,
കടലിൽ മഴപെയ്യുന്നു വീണ്ടും.

ഈപ്പുഴയായൊഴുകുമ്പോഴും


ഈപ്പുഴകൾ പുതഞ്ഞഗാധമൊഴുകുമ്പോഴും,
വളഞ്ഞുപുളഞ്ഞിടത്തോടുകളൊഴുകി,
കുറുകിനനഞ്ഞമണ്ണിൻപാദങ്ങളിലലിഞ്ഞ്,
ഏതോവേരുകൾ വഴി വലിഞ്ഞുകേറുന്നു,
ആകാശത്തിനുമലരിനെനൽകാൻ,
പ്രണയത്താലിലയുമ്മകൾനൽകാൻ.
ഒഴുകിപ്പോന്നെങ്കിലും മറന്നിടാതെയാരാരും കാണാതെ
പുഞ്ചിരിക്കുന്നുണ്ട് ഏതേതുപൂക്കളിലീപ്പുഴ.
ആർദ്രഘനശ്യാമമേഘങ്ങളായ് മാരിപെയ്യാനൊരുങ്ങുമ്പോഴും,
പിന്നെയുമൊഴുകുവാനല്ലോയീപ്പുഴ.
പ്രണയത്താലെത്രദൂരമലഞ്ഞലഞ്ഞുമെലിഞ്ഞു
തിരയുന്നുവേരുകൾ, പൂവുകൾ കാടുകളെല്ലാമീ
ഞാൻ കയറിയപ്രണയഗോപുരങ്ങൾ;
ഈപ്പുഴയായൊഴുകുമ്പോഴും.

1/12/14

ഈപ്പുഴയിൽനാം

പിന്നിലായനിഴലുകൾ നിലവിളിച്ചുകരഞ്ഞപ്പോൾ
ദയാലുവായ അവൻ തിരിഞ്ഞുനടന്നു.
പിന്നെയും പിന്നെയും പിന്നിലായ നിഴലുകൾ
നീറിനീറിക്കരഞ്ഞലച്ചു, മുന്നിലും പിന്നിലും നിലവിളിപ്പുഴയൊഴുകി.
നിലാവിനോടുചോദിച്ചില്ല, വിളർത്തകണ്ണുകളാലേതുസ്വപ്നമാണുകാണ്മതെന്ന്,
പൂക്കളോടുചോദിച്ചില്ലേതുചില്ലയിലാണിലകൾ നാണിച്ചതെന്ന്,
കാറ്റിനോടും കാണാത്ത സൂര്യനോടും ചോദിച്ചില്ല,
നിഴലിനെക്കൊന്നതാരെന്നുചോദിച്ചില്ല.
പുഴ മാത്രം നനഞ്ഞുനനഞ്ഞൊഴുകുകയും,
വഴുക്കുന്ന പാറകളിലും, മീനുകളുടെ മിനുക്കത്തിലും
ചേലും ചിലങ്കയും നൃത്തം ചെയ്യുമക്ഷരങ്ങൾപോലെ
മറന്നുമറന്നെഴുതിയെഴുതി, പുഴവഴിയിൽ പുതഞ്ഞുനനഞ്ഞ്
പുളഞ്ഞും പുളകമണിഞ്ഞും പക്ഷിപ്പാട്ടുകൾകേട്ടും
വാക്കുകളെല്ലാം ഒലിച്ചുപോയ നിഴൽമരണങ്ങളിൽ
വെളിച്ചമേ, നീ പിൻനടത്തങ്ങളിൽ, പ്രയാണപ്രവേഗങ്ങളിൽ
തനിച്ചായ നിഴലുകൾ നിലവിളിച്ചുച്ചത്തിലാഴങ്ങളിൽ,
നിഴൽ‌പ്പുഴകളുടെ മുങ്ങാമരണപ്പിടിവള്ളികൾ,
കിനാവള്ളികളിലാണേതോ രാവുകളിൽ
നാണിച്ചുനാണിച്ചു പൂത്തൊരിലയാണ് നീ പൂവേ,
തമ്മിലാലിംഗനത്താൽ കുറേവാക്കിൻ കവിത; ഈപ്പുഴയിൽ നാം…..