6/20/14

ലോകത്തെ ഒരു കുപ്പായമെന്ന നിലയിൽ ഊരിയെറിയേണ്ടതുണ്ട്

എല്ലാം തുലയട്ടെ
ഈ നശിച്ച ലോകം ബാക്കിയാവട്ടെ.
ഒരു തുരുമ്പുപിടിച്ച സൈക്കിളിന്മേലിരുന്ന്
പണ്ടത്തെപ്പോലെ മഴയത്തുപോവാൻ തോന്നുന്നു.
അങ്ങനെയങ്ങനെ മഴപെയ്തുനിറയുമ്പോഴേക്കും
നീയും കണ്ടുനിൽക്കുന്നുണ്ടാവും,
ഒറ്റമരം തന്നെ കാനനമെന്നുഭ്രമിക്കുന്നതും,
വഴി തന്നെ പുഴയെന്നൊരു ഹവായ്ച്ചപ്പൽ ഒഴുകിക്കിനാനടത്തത്തിലാവുന്നതും.
എന്തൊരു തണുപ്പാണ്,
ഓരോന്നോർത്തോർത്ത്
ദീർഘദൂരത്തെയാത്രകഴിഞ്ഞ്
എന്റെ കൺപോളകളിൽനിന്ന് പക്ഷികൾ പറന്നുപോവുന്നു.
പിന്നെയും മഴ പെയ്യുന്നു.
എടീ, നമ്മളിങ്ങനെയിങ്ങനെ
വിരിച്ചിട്ടപോലെയൊരുമഴ പെയ്യുമ്പോൾ
തമ്മിൽനോക്കുന്നു, തമ്മിൽ ചേർന്നുനിൽക്കുന്നു.
മഴയാണ് തണുപ്പാണ് നനവാണെന്നപോലെയും
നേരാണ് നോവാണ് നീറുന്നു നീ പൊന്നേ,
മഴ പെയ്തുപെയ്താണ് മഴക്കാലമാവുന്നത്,
വെയിലായിപ്പിന്നെ വേനലാവുന്നത്;
എന്നാലും ലൈംഗികത എത്ര വിരസമാണ്.
ഇതിലെപ്പോഴും തമ്മിൽഭേദം എത്രയോ ഭേദമാണ്.
നിന്റെ ജനാലയിൽ‌പ്പെയ്യുന്ന മഴ,
ഇവിടെ എന്റെ കണ്ണാടിയിൽ വന്നുമുഖം നോക്കുന്നു.
ഇവിടെ പടികളിൽ ഇരിക്കരുതെന്ന് ഡി സി ബുക്സിലെ കാവൽക്കാരൻ വന്നുപറയുന്നു.
ശരീരങ്ങളെപ്പോലെ കവിതകൾക്കും രഹസ്യഭാഗങ്ങളുണ്ട്.
നീറ്റലുതോന്നുതെപ്പോഴും രഹസ്യഭാഗങ്ങളിലാണ്.
ഒച്ചകേൾപ്പിക്കുന്ന എല്ലാത്തിനും വായയുണ്ടെന്നും,
വായമൂടിക്കെട്ടലാണ് പത്രധർമ്മമെന്നും വെളിപ്പെടുത്തുന്നു.
ഈക്കാറ്റിനെയും മരത്തെയും മഴയെയുമൊക്കെ പൊത്തിവെക്കണം.
അച്ഛനും അമ്മയും പ്രശസ്തരായ എഴുത്തുകാരാണോ?
അതേ, ജനിതകം ഒരിക്കലും സോഷ്യലിസത്തിൽ വിശ്വസിക്കുന്നില്ല.
നീ എങ്ങനെയാണിതൊക്കെയെഴുതുന്നതെന്ന് അവൾ ചോദിക്കുന്നു.
ഡബിൾ ലൈൻ നോട്ട് ബുക്കിൽ
വരികൾ മുട്ടിക്കാതെയെഴുതുമെന്നു ഞാൻ മറുപടിപറയുന്നു.
ചോദ്യങ്ങൾ അല്ലെങ്കിലും ഭാരം തൂങ്ങി വല്ലാതെ കുനിഞ്ഞുപോയവയാണ്.
വാക്കുകളിൽനിന്നും അക്ഷരങ്ങളെ ഇളക്കിയെടുത്ത്
കാറാണെന്നും ജീപ്പാണെന്നും പാവകളാണെന്നും വിചാരിച്ച് തട്ടിക്കളിക്കുന്നു.
ചെകുത്താന്റെ പൂന്തോട്ടത്തിൽ കളിക്കാൻ ഈശോ പോയിട്ടുണ്ടെന്ന് ഒരു കഥ കേൾക്കുന്നു
അന്നവിടെ ഒരു മരം മാത്രം പൂത്തുലഞ്ഞുവെന്നും കേട്ടു.
ദൈവത്തിന്റെ കണ്ണിൽ നമ്മളെല്ലാം കുട്ടികളാണ്
അപ്പോ കുട്ടികളെന്തു ചെയ്താലും അതിൽ പാപമില്ല,
അല്ലെങ്കിലും എല്ലാം കഴിഞ്ഞിട്ട് കിടന്നുറങ്ങാൻ നല്ല രസമാണ്
അറിയാതെ ഉറങ്ങിപ്പോവും.
കവിതയിലേക്കു തിരിച്ചുവരാം, എടീ
സെല്ലോട്ടേപ്പിട്ട് ഒട്ടിച്ച റെയ്നോൾഡ് പേന തന്ന
അന്നുമുതലാണ് ഞാൻ കവിതയെഴുതിത്തുടങ്ങിയത്,
ഇപ്പോഴാരും റീഫില്ലറുകൾ വാങ്ങാറില്ല,
എഴുതിത്തീർന്നപേനകളെ വലിച്ചെറിഞ്ഞുകളയുന്നു.
എന്റെ ആകാശത്തിൽ ഒരു മഞ്ഞുതുള്ളി നീറിപ്പുകഞ്ഞുതീപിടിക്കുന്നു.
ഹൃദയത്തിൽ കര പിളർന്നുണ്ടായ ഭൂഖണ്ഡങ്ങൾക്കിടയിൽ
കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മമാരുടെ കടൽ കാണുന്നു.
ഞാനൊരു പരാജയപ്പെട്ട വായനക്കാരൻ തന്നെയെന്ന് പിന്നെയും പിന്നെയും പറയുന്നു.
ഞാനിപ്പോൾ പണം കൊടുത്ത് പുസ്തകങ്ങൾ സ്വന്തമാക്കുന്നു.
ഞാൻ വേശ്യാലയങ്ങൾ സന്ദർശിക്കുന്നത് നിർത്തിയിരിക്കുന്നു.
ലൈബ്രററികളിൽ പോവുന്നതും മുഷിഞ്ഞ പുസ്തകങ്ങളോട് -
ആർത്തികാണിക്കുന്നതും എന്റെ സദാചാരം വിലക്കുന്നു.
നീ നിനക്കുവേണ്ടാത്ത ഒരുടുപ്പ് എനിക്കുതരൂ
ഞാൻ സുന്ദരനായില്ലെങ്കിലും എന്റെ നാണം മറഞ്ഞുകിട്ടുമല്ലോ.
ഈ നേരേച്ചൊവ്വേ എന്നു പറഞ്ഞാൽ ശരിക്കും വളഞ്ഞവഴിയാണ്;
വഴികളിൽ കുറച്ചുമരങ്ങൾ വേണമെന്നേയുള്ളൂ.
പ്രേമം മരങ്ങളിൽത്തന്നെ ചുറ്റിപ്പിടിച്ചു നിൽക്കുന്നു,
അതിന്റെ നാരുകളിൽ തന്നെ ലോകത്തെ ഉടുത്തുനിൽക്കുന്നു
ഈ ഉടുപ്പുകളിൽ നമ്മൾ സുന്ദരന്മാരാവുന്നു.

ആകുലതകളെ ഒരു നേരമ്പോക്കായിക്കാണാമെങ്കിൽ ചരിത്രം ഒരു പൈങ്കിളി നോവലായും വായിക്കാനാവുംമെലിഞ്ഞ് മെലിഞ്ഞ്
തിളങ്ങുന്ന കണ്ണുകളുള്ള
പെണ്ണേ
നിന്റെ ബാർകോഡിൽ
രഹസ്യമാക്കിവെച്ചത് സർവ്വം
ഇന്ന് വെളിപ്പെടും.

ചുംബനത്തിൽ നിന്ന്
അറുത്തുമാറ്റപ്പെടുന ചുണ്ടുകൾക്ക്
ഉറ്റവരെ നഷ്ടപ്പെട്ടുവോ എന്നൊരു വിലാപം
തൊണ്ടയിൽക്കുരുങ്ങും.

എങ്കിലും
ചങ്ങലയോടൊപ്പം കൂടെ നടത്തുന്ന ആകാംക്ഷകളേ
അരുമപ്പട്ടികൾക്ക് വിധിച്ചിട്ടുള്ളൂ.
എന്തിനു പറയുന്നു.
പെണ്ണിനെക്കുറിച്ചെന്തറിയുന്നു.
അവളിതു തെരഞ്ഞെടുത്തതാണ്, ഇഷ്ടത്തോടെ
അതേയതെ
തീർച്ചയായും പെണ്ണിനെയല്ല
പ്രസ്ഥാനത്തെയും വ്യവസ്ഥിതിയെയുമാണ് എതിർക്കേണ്ടത്.
കാരണം കെട്ടിയിറങ്ങിപ്പോയവൾക്ക്
നിങ്ങളുടെ ജനാധിപത്യത്തോട് പുച്ഛമാണ്.

നിന്റെ അടിവയറ്റിൽ ഉമ്മകൾ കൊണ്ട് വോട്ടുകുത്തുമ്പോഴും
നിന്റെ ബാർകോഡിലെ വരകൾ കണ്ടുന്മാദം തോന്നുമ്പോഴും
ഒരു പക്ഷെ ഏറ്റവും കൂടുതലാഗ്രഹിച്ച
അധികാരക്കൈമാറ്റത്തിന്
എത്ര 31 ദിനങ്ങളിലൊരിക്കൽ
ചോരയൊഴുകിയെങ്കിലും
(അതൊഴിവാക്കാമായിരുന്നില്ല,
ആരു ഭരിച്ചാലും രാജ്യത്ത്
കലാപങ്ങളുണ്ടാവുമെന്ന് അരാഷ്ട്രീയ ബുദ്ധിജീവികൾ)
പെണ്ണേ,
നമുക്ക് ചരിത്രം എങ്ങനെ മാപ്പുനൽകാതിരിക്കും?6/18/14

എല്ലാവരും ചെയ്യുന്നത് തന്നെ

 ഛീ അശ്ലീലം പറയാതെ
അതാ ഒരു ദുശീലം
എല്ലാരും ഫക്കേർസ് അല്ലേടീ
ഞാനിതുവരെ അല്ല,
എന്നാലോ എന്റെ അച്ഛനും അമ്മയും ബന്ധുക്കളിൽ‌പ്പലരും അതേ.
ഞാൻ അല്ല.
എന്നാപ്പിന്നെ നമുക്കത് അങ്ങട് ചെയ്താലോ
പോ നാശമേ
എന്ത്?
എടീ, ഇതൊക്കെ എല്ലാരും ചെയ്യുന്നതാ
അതിന്
നമുക്കും വേണ്ടേ
അതു പറ്റില്ല അതു പറ്റില്ല
എന്നാപ്പിന്നെ നീ കടൽക്കുതിരകളുടെ ഗർഭം കണ്ടിട്ടുണ്ടോ
നെല്ലിയാമ്പതിയിൽനിന്നു മഞ്ഞിറങ്ങി വരണപോലെ
പതഞ്ഞുപോണ ആതിരപ്പള്ളീലെ ചാട്ടം നിന്നു ചുറ്റിച്ചുഴിയണതോ
പെയ്യും പെയ്യും എന്നുപറഞ്ഞുപെയ്യാത്ത മഴയിൽ
മേഘമിങ്ങനെ കാറ്റിനെത്തണുപ്പിക്കണതോ,
അതോ കാറ്റിങ്ങനെ മേഘത്തെതണുപ്പിക്കുന്നതോ,
പൈതൽമലയിലെ ആട്ടിൻ കുട്ടികൾ
അമ്മയെത്തിരഞ്ഞു മേഘങ്ങളിലേക്കു കുതിച്ചുകയറണതോ.
ഒരു പൂവിരിഞ്ഞതിന്റെ കഴുത്തിനുപിടിച്ചുലയ്ക്കാൻ തോന്നിയാലോ
പോ നാശമേ, ഈ ജനാലയിൽനിന്നുനോക്കുമ്പോ
ഈ റോഡിങ്ങനെ നീണ്ടുപോണതെങ്ങോട്ടാണ്,
ഇനി ചായകിട്ടണേൽ കുറേ നടക്കണം, എനിക്കെങ്ങും വയ്യ.
ഈ തിരുവനന്തപുരത്തിപ്പോ എന്തൊരു തണുപ്പാണ്,
രണ്ടാം ലോകമഹായുദ്ധം ഇതുവരെ തീർത്തിട്ടില്ല,
ഓ, നിനക്കതും കൂടി തീർക്കണമെന്നുണ്ടാവുമല്ലേ,
ഞാൻ നമ്മുടെ ഹാൾടിക്കറ്റെടുത്തുവെക്കുകയും പെൻസിലു കൂർപ്പിക്കുകയും ചെയ്യുന്നു.
ഈ പെൻസിൽ, ഓ ഫക്കിങ്ങ് കൂൾ
ഗാന്ധിജി ഇപ്പോഴും ചാവാതെയിരുന്നു ഉപ്പുകുറുക്കുന്നു,
ഉപ്പോ കോപ്പോ ഒണ്ടാക്കിയാലും കാര്യമില്ല,
പൊതുവിജ്ഞാനത്തിനെ ചില ചോദ്യങ്ങളാക്കാമെന്നല്ലാതെ.
നമുക്കൊരു സ്കോപ്പില്ല, ഒന്നിനും,
സീ ഇതൊക്കെ ഒരു സഹകരണമാണ്,
സ്ത്രീസ്വാതന്ത്ര്യം എന്നുപറഞ്ഞാൽ,
ഇഷ്ടമുള്ളോന്റെ കൂടെക്കിടക്കലാണ്.
അല്ലെങ്കിൽത്തന്നെ ഈ കണ്ട്രി ഇന്ത്യൻസ്,
സ്വാതന്ത്ര്യം കിട്ടിയിട്ടും ഇനിയെന്തെല്ലാം കിട്ടാനിരിക്കുന്നു,
കാട്ടിത്തരും പക്ഷെ തരില്ല,
ഇതെന്തൊരു സ്വാതന്ത്ര്യമാണ്,
ഹോ ഇതെന്തൊരു പരീക്ഷയാണ്.
ഗ്വാട്ടിമലയിലിപ്പോ സർക്കാരുണ്ടോ
യൂറോപ്യൻ യൂണിയൻ സി ഐ ടി യു വിൽ ചേരുമോ
എന്നാലും നീ എന്നോടെങ്കിലും ചേരുന്നോ,
പാമ്പ്, പട്ടി, പഴുതാര, പല്ലി, തുമ്പി, പൂമ്പാറ്റ,
എല്ലാത്തിനും എല്ലാം നടക്കുന്നു,
ഹോ എനിക്കുമാത്രം, അയ്യോ അയ്യോ
ഇതെന്തൊരു കൊസറക്കൊള്ളിയാണ്,
വേതാളക്കുനിഷ്ടുപ്പാണ്.
നേരം വെളുത്തേയുള്ളൂ
ഈ ഹോട്ടലിന്റെ രജിസ്റ്ററിലെഴുതിയൊപ്പിട്ട
മിസിസും മിസ്റ്ററും ഹാ, ഭാഷയുടെ പല്ലിവാലുകൾ.
ഇവിടുന്ന് അരമണിക്കൂറ് നടന്നാൽ യൂണിവേഴ്സിറ്റി കോളേജിലെത്തും
ഞാനിങ്ങനെ കുറച്ചുനേരം കൂടി കിടന്നോട്ടെ
ഇന്നു മാപ്പിൽ ഏതു സ്ഥലം ചോദിച്ചാലും ഞാൻ കാട്ടിത്തരും
അവിടെയെല്ലാം ആരെങ്കിലും കിടന്നുചുംബിക്കുന്നുണ്ട്
എന്തൊരു വഷളൻ ലോകമാണല്ലേ
മഞ്ഞും മഴയും വന്നു പറ്റിപ്പിടിക്കുന്നതുകണ്ടില്ലേ,
നിറഞ്ഞാലും നിറഞ്ഞാലും തിര പിന്നെയും പിന്നെയും പൊങ്ങുന്ന കണ്ടില്ലേ,
എത്ര പുഴ വന്നൊടുങ്ങിപ്പോയിരിക്കുന്നു,
എടീ, വൈകിട്ടു നമുക്ക് ശംഖുമുഖത്തുപോകാം,
കടലുകണ്ടിരിക്കാം,
ഈ ലോകത്തിന്റെ സകല കാമപ്രാന്തും അതിലുണ്ട്
ഇതൊക്കെ എല്ലാരും ചെയ്യുന്നതാ,
നീ ചിരിക്കണ്ടാ,
ഞാൻ കമിഴ്ന്നുകിടന്നേക്കാം,
ഇനി ജനാല അടച്ചിടാം,
ഈ ആകാശമിതെല്ലാം കണ്ടിരിക്കുന്നു,
മീനുകൾക്കിങ്ങനെ പലതും തോന്നും,
എനിക്കും തിരകളെപ്പോലെ കുത്തിമറിയാൻ തോന്നുന്നു,
നീയിനി ഇങ്ങോട്ടടുത്ത് കെട,
ഇങ്ങനെ ഇറുകിപിടിക്കുമ്പോഴാണ് മുന്തിരികൾ പൂക്കുന്നത്
നിന്റെ മുടിയിഴകൾ വീണിട്ടാണ് എന്നിൽ മയിലുകൾ വന്നുനൃത്തം തുടങ്ങുന്നത്,
നീ ഒരു പക്ഷിയെപ്പോലെ കുതറാൻ തുടങ്ങുമ്പോൾ
ഞാൻ നിന്റെ തൂവലുകളിൽ മഴകളെപ്പൊതിഞ്ഞുതരും,
എന്റെ നെഞ്ചിലേക്കൊട്ടുമ്പോൾ നിന്റെ ഓറഞ്ചുകൾ കിനിഞ്ഞൊലിക്കും,
നിന്റെ ചുണ്ടുകൾകൊണ്ടൊപ്പുമ്പോൾ
ഉരുകിവരുന്ന ഒരു കൽക്കണ്ടത്തിന്റെ അലിപ്പുതോന്നും,
കുറച്ചുനേരം കൂടിത്തരൂ അസൂയപിടിച്ച സമയമേ,
നമുക്കൊന്നുകൂടി പുതച്ചുകിടന്നുറങ്ങാം,
എന്നിട്ടൊരുമിച്ചുകുളിക്കാം,
വഴിയിലെന്തെങ്കിലും കഴിക്കാം,
ഓട്ടോയിൽ വേഗം പോവാം.
ഡിസ്ക്ലേയ്മർ: ഇതൊക്കെ എല്ലാരും ചെയ്യുന്നതാ.

6/16/14

പ്രണയമില്ലാത്തവർ
പ്രിയപ്പെട്ടവളേ
നമ്മുടെ തെറ്റുകൾ മായ്ച്ചു തുടങ്ങാം.
കരയാതെ കരയാതെ
നിലാവിന്റെ പേപ്പർ കുതിർന്ന് കീറുമേ. 
ഉറക്കം കടലിറങ്ങിപ്പോയി
 തിരയിളക്കത്തിൽ പാതിമനം,
പരതും വിരലുകൾ
സെൽ ഫോണിലെപ്പോഴോ
വെറുതേ വെറുതേ
നോവുകൾ
പഴയ നോവുകൾ
മറന്ന് മറന്ന്
ചിറകുമുറിഞ്ഞ പൂമ്പാറ്റകൾ,
വാലിൽ നൂലുകെട്ടിയ തുമ്പികൾ
വെയിൽച്ചിറകുമായി നമ്മൾ അസൂയയോടെ നോക്കിയ കിളികൾ
എല്ലാവരും കളിക്കാനെത്തും.
ഒരു പക്ഷി
ഒറ്റയ്ക്ക്
ആകാശത്തെ ചിറകു കൊണ്ടളക്കും.
കഴിയാതെ കുഴഞ്ഞ് കുഴഞ്ഞ്
വീഴുമ്പോൾ
അടയാളമായി
പച്ചപ്പെയ്ന്റടിച്ചതായ്
ഭൂമിയിലെന്തോ ഉണ്ടായിരുന്നു
എന്നു കിതച്ചുകൊണ്ടോർമ്മിക്കും.
തെറ്റിപ്പോയെന്നു പറഞ്ഞ്
കവിത
അടയാളങ്ങൾ ഓർമ്മിച്ച്
എഴുതിയവൻ തന്നെ വീണ്ടും വായിക്കേണ്ടിവരും.
ഭാഷയോ എന്ന് ചിഹ്നങ്ങളെ നോക്കി ആശ്ചര്യപ്പെടും.
ഭൂപടങ്ങളിൽ
കുട്ടികൾ സന്തോഷത്തോടെ കൈകോർത്ത്
റിങ്ങ് എ റിങ്ങ് റോസാ പാടിത്തുടങ്ങും.
അപ്പോൾ
ഉമ്മകളാൽ കൂട്ടുകാരീ
നമ്മുടെ രാജ്യത്തിന്റെ ഭൂപടം
നമുക്ക് നേർരേഖകളാൽ വരച്ചെടുക്കാം.
അതിൽ
കടൽ, മഴ, ആകാശം, കണ്ണുകൾ
എന്നിങ്ങനെ
കാഴ്ച്ചകളെ മറയ്ക്കാതെ സർവ്വം
നമ്മുടെ സ്വന്തമായിരിക്കും.
ഭൂമിയിൽ മറ്റിടങ്ങളിൽ
പെണ്ണ്
നോവരുത് എന്ന് കെഞ്ചും
തലമുടിയിൽ കോർത്ത് വിരലുകൂട്ടും
കഴുത്തിനുചുറ്റും കൈകൾ പിണച്ചുപുണരും.
പിന്നെ
ഓർമ്മിക്കാൻ കഴിയാതെ
എന്തിനെയോ തിരഞ്ഞ്
കാറ്റ് ഭൂമിക്കുചുറ്റും തിരിയും.
കഥകളെഴുതുകയും,
മഴ പെയ്യുകയും
കരയുകയും,
പ്രണയിക്കുകയും
തുടകൾ ചേർത്തുവെച്ചുറങ്ങുകയും ചെയ്യും.
കാടിളകി വരുന്നു എന്നു ഭയപ്പെടുമ്പോഴും
പശുവിന് ഇരപിടിച്ചുജീവിക്കാൻ തോന്നിയേക്കുമോ.
ഒന്നും മറക്കാതിരുന്നിട്ടും
കഥയിൽ ചോദ്യമില്ലാത്തതിനാൽ
ഓർമ്മയുടെ സൂത്രവാക്യം,
ആരോ കൈകൊണ്ട് പൊത്തിപ്പിടിച്ച്
നൊമ്പരപ്പെൻസിൽകൊണ്ടുള്ളം കൈ കുത്തിനോവിക്കുന്നു.
വിശക്കുമ്പോൾ രുചികളെ മറന്നതിനോളം
എത്ര പരതിയിട്ടും
ചുണ്ടുകളിൽ നിന്ന് കട്ടെടുത്ത ഉമ്മകൾക്കൊപ്പം
എത്രയോർത്തിട്ടും ഓർമ്മ കിട്ടാത്തത്
നിലാവ് തന്റെ തുണികളും വാരിക്കൂട്ടി
ഫ്ലാറ്റിൽനിന്നിറങ്ങിപ്പോവുമ്പോൾ
കൂട്ടുകാരീ,
ഇനിയൊരിക്കലും രക്ഷപെടാൻ കഴിയാത്ത ആകാശത്തിൽനിന്നും
പറന്നുപറന്ന് ആകാശത്തിലെ പക്ഷികൾ
ഭൂമിയുടെ അടയാളങ്ങൾ തിരയുന്നു.
ഇപ്പോഴും ഇൻബോക്സിൽ
വായിക്കാത്ത ഒരു മെസേജ് ബാക്കിയാണ്.
നമ്മുടെ കുഞ്ഞുങ്ങളെയെങ്കിലും
ഇതൊക്കെ വിശ്വസിപ്പിച്ച് ഉറക്കാൻ കഴിയണം.