1/13/14

മരുഭൂമികൾക്കപ്പുറം


ഒറ്റച്ചിനപ്പിലനുരാഗത്തിൻ വേരുകൾ മുളച്ചാഴ്ന്നിറങ്ങും
ധര, ധരിത്രി, ധാത്രി നീനൽകുമമ്മിഞ്ഞതിരഞ്ഞെന്നിലെവിരലുകൾ-
എവിടേക്കോപുഴമരിച്ചവരണ്ടനിലാച്ചതുപ്പുകൾ,
കടന്നെത്തും വിരലുകളമ്മയെത്തിരഞ്ഞുതിരഞ്ഞസ്വസ്ഥം വാനിലേക്കുയർത്തും ശാഖകളാലിലകളാലേതോലോകങ്ങൾച്ചുറ്റും മാരുതനോടാരായുമ്പൊഴും
വഹ്നിഗന്ധമാർന്നവനേ, പുകപ്പട്ടടയാൽ വീശുന്നവനേ,
നീ മരുഭൂമികൾക്കകലെ കിനാവിൻ രാപ്പകലുകളിൽ,
പക്ഷികൾക്ക് വിശന്ന ദേശാടനപ്പൊയ്കകളിൽ,
പണ്ടുതിളങ്ങിയ മീൻകണ്ണുകളാൽ,
എത്രസത്യങ്ങളെക്കണ്ടുകണ്മടങ്ങിയതോ പുഴ,
തിരയുന്നു വേനലിൻ വറ്റുമോരോകനിവിലും,
അമ്മമാറിടങ്ങളിൽ നാം വേരുകൾ പിന്നെയും
ജന്മദുഖത്താലീ മരുഭൂമികൾക്കപ്പുറം,
കടലിൽ മഴപെയ്യുന്നു വീണ്ടും.

No comments: