1/13/14

പകലിരവുകളിരവുപകലുകൾ


പകലിരവിന്നുസാന്ത്വനം;
തമസ്സഴൽമൌനത്തിനുസിംഫണികൾ ധ്യാനലീനം,
കലികാജാലം പോലൊരുസൂര്യനൊരായിരം പുലരി
ഇരവുപകലിന്നുവിസ്മൃതികൾ കടൽവിദൂരം അലകളകലം;
ജ്വലനാ‍ഭമൊരുഹവിസ്സിന്നാത്മശാന്തിക്കൊരുകടൽ പോലെ,
തപോവനം പോലെകൂരിരുൾക്കൂടൊരുങ്ങി,
തീച്ചിറകുള്ള പക്ഷിയുറങ്ങും കാനനക്കടൽ, കടൽക്കാനനം.
തീനാവുകളാൽ നനഞ്ഞകടൽകുടിച്ചദാ‍ഹത്തിനാൽ
ഏറെതണുത്തമലനിരകൾ, മരച്ചില്ലകളേറി വരുന്നവനേ,
മഴപെയ്യുമ്പോൾ കടലിൽ മുങ്ങിനീന്തുന്നവനേ
ശ്യാമവാനിൽ നിലാവുപെയ്യുന്നതിനപ്പുറം കുടയുമായ് കാത്തുനിൽ‌പ്പവനേ
ചെരിഞ്ഞ വാ‍നിൽനീനടന്നുനടന്നുവീഴുന്നുകടലിൽ,
മുറിഞ്ഞനെറ്റിയിൽ ചോരയിറ്റുന്നൂ,
ആകാശത്തിലേക്കു കടൽ‌പ്പടരുന്നൂ,
ഭൂമിയിലേക്കു രാവുപെയ്യുന്നു,
രാവുറങ്ങുന്ന കടൽ, കടൽനിറഞ്ഞഭൂമി, 
ഭൂമിനിറഞ്ഞകടൽ, രാവുനീന്തിക്കരേറും പകലിൽ
തീപിടിക്കുമാകാശമേ ചുറ്റിലും പകൽ
തീമുങ്ങിയവനേ നീ കടലിൽ, തീപെയ്തവനേ നീ കടലിൽ
തീ തീ തീ തീ
കടൽ കടൽ കടൽ
പകലിരവുകൾ ഇരവുപകലുകൾ




  



No comments: