6/16/14

പ്രണയമില്ലാത്തവർ
പ്രിയപ്പെട്ടവളേ
നമ്മുടെ തെറ്റുകൾ മായ്ച്ചു തുടങ്ങാം.
കരയാതെ കരയാതെ
നിലാവിന്റെ പേപ്പർ കുതിർന്ന് കീറുമേ. 
ഉറക്കം കടലിറങ്ങിപ്പോയി
 തിരയിളക്കത്തിൽ പാതിമനം,
പരതും വിരലുകൾ
സെൽ ഫോണിലെപ്പോഴോ
വെറുതേ വെറുതേ
നോവുകൾ
പഴയ നോവുകൾ
മറന്ന് മറന്ന്
ചിറകുമുറിഞ്ഞ പൂമ്പാറ്റകൾ,
വാലിൽ നൂലുകെട്ടിയ തുമ്പികൾ
വെയിൽച്ചിറകുമായി നമ്മൾ അസൂയയോടെ നോക്കിയ കിളികൾ
എല്ലാവരും കളിക്കാനെത്തും.
ഒരു പക്ഷി
ഒറ്റയ്ക്ക്
ആകാശത്തെ ചിറകു കൊണ്ടളക്കും.
കഴിയാതെ കുഴഞ്ഞ് കുഴഞ്ഞ്
വീഴുമ്പോൾ
അടയാളമായി
പച്ചപ്പെയ്ന്റടിച്ചതായ്
ഭൂമിയിലെന്തോ ഉണ്ടായിരുന്നു
എന്നു കിതച്ചുകൊണ്ടോർമ്മിക്കും.
തെറ്റിപ്പോയെന്നു പറഞ്ഞ്
കവിത
അടയാളങ്ങൾ ഓർമ്മിച്ച്
എഴുതിയവൻ തന്നെ വീണ്ടും വായിക്കേണ്ടിവരും.
ഭാഷയോ എന്ന് ചിഹ്നങ്ങളെ നോക്കി ആശ്ചര്യപ്പെടും.
ഭൂപടങ്ങളിൽ
കുട്ടികൾ സന്തോഷത്തോടെ കൈകോർത്ത്
റിങ്ങ് എ റിങ്ങ് റോസാ പാടിത്തുടങ്ങും.
അപ്പോൾ
ഉമ്മകളാൽ കൂട്ടുകാരീ
നമ്മുടെ രാജ്യത്തിന്റെ ഭൂപടം
നമുക്ക് നേർരേഖകളാൽ വരച്ചെടുക്കാം.
അതിൽ
കടൽ, മഴ, ആകാശം, കണ്ണുകൾ
എന്നിങ്ങനെ
കാഴ്ച്ചകളെ മറയ്ക്കാതെ സർവ്വം
നമ്മുടെ സ്വന്തമായിരിക്കും.
ഭൂമിയിൽ മറ്റിടങ്ങളിൽ
പെണ്ണ്
നോവരുത് എന്ന് കെഞ്ചും
തലമുടിയിൽ കോർത്ത് വിരലുകൂട്ടും
കഴുത്തിനുചുറ്റും കൈകൾ പിണച്ചുപുണരും.
പിന്നെ
ഓർമ്മിക്കാൻ കഴിയാതെ
എന്തിനെയോ തിരഞ്ഞ്
കാറ്റ് ഭൂമിക്കുചുറ്റും തിരിയും.
കഥകളെഴുതുകയും,
മഴ പെയ്യുകയും
കരയുകയും,
പ്രണയിക്കുകയും
തുടകൾ ചേർത്തുവെച്ചുറങ്ങുകയും ചെയ്യും.
കാടിളകി വരുന്നു എന്നു ഭയപ്പെടുമ്പോഴും
പശുവിന് ഇരപിടിച്ചുജീവിക്കാൻ തോന്നിയേക്കുമോ.
ഒന്നും മറക്കാതിരുന്നിട്ടും
കഥയിൽ ചോദ്യമില്ലാത്തതിനാൽ
ഓർമ്മയുടെ സൂത്രവാക്യം,
ആരോ കൈകൊണ്ട് പൊത്തിപ്പിടിച്ച്
നൊമ്പരപ്പെൻസിൽകൊണ്ടുള്ളം കൈ കുത്തിനോവിക്കുന്നു.
വിശക്കുമ്പോൾ രുചികളെ മറന്നതിനോളം
എത്ര പരതിയിട്ടും
ചുണ്ടുകളിൽ നിന്ന് കട്ടെടുത്ത ഉമ്മകൾക്കൊപ്പം
എത്രയോർത്തിട്ടും ഓർമ്മ കിട്ടാത്തത്
നിലാവ് തന്റെ തുണികളും വാരിക്കൂട്ടി
ഫ്ലാറ്റിൽനിന്നിറങ്ങിപ്പോവുമ്പോൾ
കൂട്ടുകാരീ,
ഇനിയൊരിക്കലും രക്ഷപെടാൻ കഴിയാത്ത ആകാശത്തിൽനിന്നും
പറന്നുപറന്ന് ആകാശത്തിലെ പക്ഷികൾ
ഭൂമിയുടെ അടയാളങ്ങൾ തിരയുന്നു.
ഇപ്പോഴും ഇൻബോക്സിൽ
വായിക്കാത്ത ഒരു മെസേജ് ബാക്കിയാണ്.
നമ്മുടെ കുഞ്ഞുങ്ങളെയെങ്കിലും
ഇതൊക്കെ വിശ്വസിപ്പിച്ച് ഉറക്കാൻ കഴിയണം.

No comments: