6/20/14

ലോകത്തെ ഒരു കുപ്പായമെന്ന നിലയിൽ ഊരിയെറിയേണ്ടതുണ്ട്

എല്ലാം തുലയട്ടെ
ഈ നശിച്ച ലോകം ബാക്കിയാവട്ടെ.
ഒരു തുരുമ്പുപിടിച്ച സൈക്കിളിന്മേലിരുന്ന്
പണ്ടത്തെപ്പോലെ മഴയത്തുപോവാൻ തോന്നുന്നു.
അങ്ങനെയങ്ങനെ മഴപെയ്തുനിറയുമ്പോഴേക്കും
നീയും കണ്ടുനിൽക്കുന്നുണ്ടാവും,
ഒറ്റമരം തന്നെ കാനനമെന്നുഭ്രമിക്കുന്നതും,
വഴി തന്നെ പുഴയെന്നൊരു ഹവായ്ച്ചപ്പൽ ഒഴുകിക്കിനാനടത്തത്തിലാവുന്നതും.
എന്തൊരു തണുപ്പാണ്,
ഓരോന്നോർത്തോർത്ത്
ദീർഘദൂരത്തെയാത്രകഴിഞ്ഞ്
എന്റെ കൺപോളകളിൽനിന്ന് പക്ഷികൾ പറന്നുപോവുന്നു.
പിന്നെയും മഴ പെയ്യുന്നു.
എടീ, നമ്മളിങ്ങനെയിങ്ങനെ
വിരിച്ചിട്ടപോലെയൊരുമഴ പെയ്യുമ്പോൾ
തമ്മിൽനോക്കുന്നു, തമ്മിൽ ചേർന്നുനിൽക്കുന്നു.
മഴയാണ് തണുപ്പാണ് നനവാണെന്നപോലെയും
നേരാണ് നോവാണ് നീറുന്നു നീ പൊന്നേ,
മഴ പെയ്തുപെയ്താണ് മഴക്കാലമാവുന്നത്,
വെയിലായിപ്പിന്നെ വേനലാവുന്നത്;
എന്നാലും ലൈംഗികത എത്ര വിരസമാണ്.
ഇതിലെപ്പോഴും തമ്മിൽഭേദം എത്രയോ ഭേദമാണ്.
നിന്റെ ജനാലയിൽ‌പ്പെയ്യുന്ന മഴ,
ഇവിടെ എന്റെ കണ്ണാടിയിൽ വന്നുമുഖം നോക്കുന്നു.
ഇവിടെ പടികളിൽ ഇരിക്കരുതെന്ന് ഡി സി ബുക്സിലെ കാവൽക്കാരൻ വന്നുപറയുന്നു.
ശരീരങ്ങളെപ്പോലെ കവിതകൾക്കും രഹസ്യഭാഗങ്ങളുണ്ട്.
നീറ്റലുതോന്നുതെപ്പോഴും രഹസ്യഭാഗങ്ങളിലാണ്.
ഒച്ചകേൾപ്പിക്കുന്ന എല്ലാത്തിനും വായയുണ്ടെന്നും,
വായമൂടിക്കെട്ടലാണ് പത്രധർമ്മമെന്നും വെളിപ്പെടുത്തുന്നു.
ഈക്കാറ്റിനെയും മരത്തെയും മഴയെയുമൊക്കെ പൊത്തിവെക്കണം.
അച്ഛനും അമ്മയും പ്രശസ്തരായ എഴുത്തുകാരാണോ?
അതേ, ജനിതകം ഒരിക്കലും സോഷ്യലിസത്തിൽ വിശ്വസിക്കുന്നില്ല.
നീ എങ്ങനെയാണിതൊക്കെയെഴുതുന്നതെന്ന് അവൾ ചോദിക്കുന്നു.
ഡബിൾ ലൈൻ നോട്ട് ബുക്കിൽ
വരികൾ മുട്ടിക്കാതെയെഴുതുമെന്നു ഞാൻ മറുപടിപറയുന്നു.
ചോദ്യങ്ങൾ അല്ലെങ്കിലും ഭാരം തൂങ്ങി വല്ലാതെ കുനിഞ്ഞുപോയവയാണ്.
വാക്കുകളിൽനിന്നും അക്ഷരങ്ങളെ ഇളക്കിയെടുത്ത്
കാറാണെന്നും ജീപ്പാണെന്നും പാവകളാണെന്നും വിചാരിച്ച് തട്ടിക്കളിക്കുന്നു.
ചെകുത്താന്റെ പൂന്തോട്ടത്തിൽ കളിക്കാൻ ഈശോ പോയിട്ടുണ്ടെന്ന് ഒരു കഥ കേൾക്കുന്നു
അന്നവിടെ ഒരു മരം മാത്രം പൂത്തുലഞ്ഞുവെന്നും കേട്ടു.
ദൈവത്തിന്റെ കണ്ണിൽ നമ്മളെല്ലാം കുട്ടികളാണ്
അപ്പോ കുട്ടികളെന്തു ചെയ്താലും അതിൽ പാപമില്ല,
അല്ലെങ്കിലും എല്ലാം കഴിഞ്ഞിട്ട് കിടന്നുറങ്ങാൻ നല്ല രസമാണ്
അറിയാതെ ഉറങ്ങിപ്പോവും.
കവിതയിലേക്കു തിരിച്ചുവരാം, എടീ
സെല്ലോട്ടേപ്പിട്ട് ഒട്ടിച്ച റെയ്നോൾഡ് പേന തന്ന
അന്നുമുതലാണ് ഞാൻ കവിതയെഴുതിത്തുടങ്ങിയത്,
ഇപ്പോഴാരും റീഫില്ലറുകൾ വാങ്ങാറില്ല,
എഴുതിത്തീർന്നപേനകളെ വലിച്ചെറിഞ്ഞുകളയുന്നു.
എന്റെ ആകാശത്തിൽ ഒരു മഞ്ഞുതുള്ളി നീറിപ്പുകഞ്ഞുതീപിടിക്കുന്നു.
ഹൃദയത്തിൽ കര പിളർന്നുണ്ടായ ഭൂഖണ്ഡങ്ങൾക്കിടയിൽ
കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മമാരുടെ കടൽ കാണുന്നു.
ഞാനൊരു പരാജയപ്പെട്ട വായനക്കാരൻ തന്നെയെന്ന് പിന്നെയും പിന്നെയും പറയുന്നു.
ഞാനിപ്പോൾ പണം കൊടുത്ത് പുസ്തകങ്ങൾ സ്വന്തമാക്കുന്നു.
ഞാൻ വേശ്യാലയങ്ങൾ സന്ദർശിക്കുന്നത് നിർത്തിയിരിക്കുന്നു.
ലൈബ്രററികളിൽ പോവുന്നതും മുഷിഞ്ഞ പുസ്തകങ്ങളോട് -
ആർത്തികാണിക്കുന്നതും എന്റെ സദാചാരം വിലക്കുന്നു.
നീ നിനക്കുവേണ്ടാത്ത ഒരുടുപ്പ് എനിക്കുതരൂ
ഞാൻ സുന്ദരനായില്ലെങ്കിലും എന്റെ നാണം മറഞ്ഞുകിട്ടുമല്ലോ.
ഈ നേരേച്ചൊവ്വേ എന്നു പറഞ്ഞാൽ ശരിക്കും വളഞ്ഞവഴിയാണ്;
വഴികളിൽ കുറച്ചുമരങ്ങൾ വേണമെന്നേയുള്ളൂ.
പ്രേമം മരങ്ങളിൽത്തന്നെ ചുറ്റിപ്പിടിച്ചു നിൽക്കുന്നു,
അതിന്റെ നാരുകളിൽ തന്നെ ലോകത്തെ ഉടുത്തുനിൽക്കുന്നു
ഈ ഉടുപ്പുകളിൽ നമ്മൾ സുന്ദരന്മാരാവുന്നു.

No comments: