6/20/14

ആകുലതകളെ ഒരു നേരമ്പോക്കായിക്കാണാമെങ്കിൽ ചരിത്രം ഒരു പൈങ്കിളി നോവലായും വായിക്കാനാവും



മെലിഞ്ഞ് മെലിഞ്ഞ്
തിളങ്ങുന്ന കണ്ണുകളുള്ള
പെണ്ണേ
നിന്റെ ബാർകോഡിൽ
രഹസ്യമാക്കിവെച്ചത് സർവ്വം
ഇന്ന് വെളിപ്പെടും.

ചുംബനത്തിൽ നിന്ന്
അറുത്തുമാറ്റപ്പെടുന ചുണ്ടുകൾക്ക്
ഉറ്റവരെ നഷ്ടപ്പെട്ടുവോ എന്നൊരു വിലാപം
തൊണ്ടയിൽക്കുരുങ്ങും.

എങ്കിലും
ചങ്ങലയോടൊപ്പം കൂടെ നടത്തുന്ന ആകാംക്ഷകളേ
അരുമപ്പട്ടികൾക്ക് വിധിച്ചിട്ടുള്ളൂ.
എന്തിനു പറയുന്നു.
പെണ്ണിനെക്കുറിച്ചെന്തറിയുന്നു.
അവളിതു തെരഞ്ഞെടുത്തതാണ്, ഇഷ്ടത്തോടെ
അതേയതെ
തീർച്ചയായും പെണ്ണിനെയല്ല
പ്രസ്ഥാനത്തെയും വ്യവസ്ഥിതിയെയുമാണ് എതിർക്കേണ്ടത്.
കാരണം കെട്ടിയിറങ്ങിപ്പോയവൾക്ക്
നിങ്ങളുടെ ജനാധിപത്യത്തോട് പുച്ഛമാണ്.

നിന്റെ അടിവയറ്റിൽ ഉമ്മകൾ കൊണ്ട് വോട്ടുകുത്തുമ്പോഴും
നിന്റെ ബാർകോഡിലെ വരകൾ കണ്ടുന്മാദം തോന്നുമ്പോഴും
ഒരു പക്ഷെ ഏറ്റവും കൂടുതലാഗ്രഹിച്ച
അധികാരക്കൈമാറ്റത്തിന്
എത്ര 31 ദിനങ്ങളിലൊരിക്കൽ
ചോരയൊഴുകിയെങ്കിലും
(അതൊഴിവാക്കാമായിരുന്നില്ല,
ആരു ഭരിച്ചാലും രാജ്യത്ത്
കലാപങ്ങളുണ്ടാവുമെന്ന് അരാഷ്ട്രീയ ബുദ്ധിജീവികൾ)
പെണ്ണേ,
നമുക്ക് ചരിത്രം എങ്ങനെ മാപ്പുനൽകാതിരിക്കും?



No comments: