11/7/13

സഫലമാകട്ടെ സർവ്വം



ധനുസ്സുന്നം കുതിക്കുമിടത്തേക്ക് ദ്യുതിയുദിക്കുന്നു നിത്യം
ഉരുകിവീഴും കേവലഹിമധാര ഉഷസ്സിന്നീറനാം തീനാളത്താൽ,
നിർമ്മലം ഈ നോവെഴും പിറവികളുരുകിവീഴുമീ ഇലത്താരകളെ
ആരാണുമായ്ച്ചതാരാണുവറ്റിച്ചതെൻ രാവിൻ കിനാക്കിണ്ണത്തിലെ പാൽനിലാവിനെ
എത്രവിരുദ്ധമാണീ ലോകത്തിൽ സർവ്വവും സഞ്ചിതം പ്രണയത്താൽ
മൂർത്തമീ തുടിപ്പുകൾ കളകൂജനങ്ങൾ സർവ്വം പ്രിയതരം
മൌനമേ നിൻ സംഗീതത്തിന്നകമ്പടി അറിയാഭാഷകളിൽ പ്രകൃതിപാടുമ്പോൾ
രാവുറങ്ങാത്ത സ്വപ്നങ്ങളേ നിങ്ങൾ മോഹിപ്പിച്ചെത്രകടലുപോലെ കണ്ണീരിനാൽ
മഴപോൽ ആർദ്രമായീ ജന്മങ്ങളെപ്പിന്നെയും മോഹിപ്പിച്ചൂ പൂവിടാൻ വസന്തങ്ങൾക്കായ്
ഇല്ല സങ്കല്പങ്ങൾക്കതിരില്ലാലോകത്തിൽ കേവലമായ് സ്പർശിക്കാൻ-
കൂടെയുണ്ടെന്നുമെല്ലെമിണ്ടാൻ മൌനമേ നീ നിറയുന്നിതെപ്പോഴും
ഭാഷയില്ലാഭാഷകളിൽനീ, ഈണമില്ലാത്തീണമായ് നീ ശ്രുതിചേരുന്നു മനസ്സാകെ
നിനക്കായ് നിറയുന്നു ദ്യുതിയായ് രാവിറങ്ങിപ്പോയ കടൽക്കരയിൽ
കാലത്തിനാലെത്രതിരകളാൽ തൊട്ടുതൊട്ടു മിഴികളാലെത്രമുത്തങ്ങൾനൽകി
മേഘങ്ങളോളം, തുടിക്കുമീ തിരകളോളം മഴകാത്തു വെയിലേറ്റു മണല്പരപ്പോളം-
നടന്നുനടന്നു കാതങ്ങൾ, ഹൃദയവേഗങ്ങൾ ഈ പ്രണയത്തിനാൽ കടൽക്കാറ്റുപോലെ
അലഞ്ഞലഞ്ഞുചേരുന്നിടത്ത് മഴപെയ്യുന്നെങ്കിൽ എന്റെ കാത്തിരിപ്പിന്റെ കണ്ണീരാണത്
കണ്ണീരാണ്, നീ കണ്ണോടുചേർക്കുക, നിന്നിൽ നിറയ്ക്കുക , സഫലമാകട്ടെ സർവ്വം.



2 comments:

Unknown said...

really touching one

Unknown said...
This comment has been removed by a blog administrator.