11/9/13

പൂവിരിഞ്ഞകാലമരുതാത്തകാലം



ഒരുപൂവുവിരിഞ്ഞപോലെ
മദമോഹങ്ങൾക്കിനാവിൻ നിലാപ്പരപ്പിൽ
പിന്നെയേതോ സ്വരത്തിനാലതിൻവിരഹത്താൽ
നീറുമുൾത്തുടിപ്പുകളിൽ ചോരകിനിയുമ്പോൾ
പാവം ഹൃദയമേ, കടലെങ്ങനെ ശാന്തമാവേണ്ടൂ.
അറിയാതതിദൂരത്താൽ ഒരുവിരൽശലഭത്താലതിലോലമായ്
മെല്ലെ മെല്ലെ ചെറുസ്പർശമരുതാതെ,
കാറ്റിനാൽ നറുംഗന്ധത്തിനാൽ നിറത്തിനാൽ,
കിനാവിൻനൂലുകളാൽ കാനനസ്മൃതികളാൽ,
സ്വയം നഷ്ടമായങ്ങനെ
കാത്തുകാത്തെത്രനേരമീ പകലിരവുകളിൽ,
രാവുറക്കങ്ങളിൽ ഹിമപാതങ്ങളിൽ
മഴകാത്തേറെവെയിലേറ്റു
കടൽ പോലെത്രക്ഷുഭിതമായ് കാലം.
കാറ്റുപോലെല്ലാംനഷ്ടമായ് പായുന്നു,
കടൽപോലേതോ വ്യഥയാൽ തിരയുന്നു,
വെയിൽപോലെല്ലാം ഉരുകിവീഴുന്നുനിഴലായ്,
മറയാതെമഴയായ് നനഞ്ഞുതിരുന്നു,
പൂവേ നീ വിരിഞ്ഞിടത്തുമണമായ്, നിറമായ്,
പൂവ് മാത്രമാവാത്തതെന്തേ,
ശലഭവിരലാൽ തൊടാത്തതെന്തേ,
ഒരുപൂവ് വിരിഞ്ഞപോലെ പാവം ഹൃദയമേ,
നീ ചോരകിനിഞ്ഞുവാടുന്നതെന്തേ,
എല്ലാം കടലുപോലെ ഒഴുകിമായുന്നതെന്തേ
ശബ്ദങ്ങൾപോലെ സ്വയം അലിയുന്നതെന്തേ,
രാവിന്നിരുട്ടിൽ ആരുമറിയാതെപൊലിയുന്നതെന്തേ,
ഏറെനിറമാർന്ന കിനാക്കളേ, കാണാദൂരങ്ങളേ
ഈ മൊട്ടുകൾക്കുവിരിയാനെന്തേ
കാലമരുതാത്തകാലം മാത്രം കാത്തുവച്ചതെന്തേ,
ഒരു പകൽ പൊഴിയുമ്പോഴും,
ഒരുരാവിരുട്ടുമ്പോഴും,
ഒരുവെയിൽ പരന്നിടുമ്പോഴും,
മഴപെയ്തൊഴിയുമ്പോഴും,
പ്രണയത്താലീപ്പൂവു വിരിഞ്ഞകാലത്തിനുമാത്രം
മുറിപ്പാടുനൽകിനീ വ്യഥിതലോകമേ
മാപ്പുതരൂ, മാപ്പുതരൂ
കടലുപോലെ പിന്നെയും തിരികെവരാതിരിക്കൂ.

No comments: