10/5/14

ശൂന്യതയുടെ ഘടികാരസൂചികൾക്കിടയിലൂടെ അപായവേഗതയിലാണ്



നമ്മളോടൊപ്പം
ഓടിയ മരങ്ങൾ
വീടുകൾ
മലകൾ
പുഴകളെല്ലാം
തോറ്റ് പോയിരിക്കുന്നു
എന്തദ്ഭുതം
നമ്മൾ രക്ഷപ്പെട്ടിരിക്കുന്നു
എങ്കിലും തോറ്റവർ
സന്തുഷ്ടരാണ്
അവർ പിന്നെയും
ഓടിക്കൊണ്ടേയിരിക്കുന്നു
ഒരു പരാതിയുമില്ല.

എങ്കിലും
ഇരുചക്രങ്ങൾ
നമ്മൾ പായുന്നു-
ലോകങ്ങളെ പിന്തള്ളുന്നു.
വാക്കുകളെ പുകയ്ക്കുന്നു
പുറന്തള്ളുന്നു
ഓർമ്മകളെ
ഞെരിക്കുന്നു,
പാഞ്ഞുകയറുന്നു
ഉണക്കച്ചില്ലകൾ
കാണുന്നു
നീലച്ഛായം വിതറുന്ന
പച്ചമരങ്ങളുടെ
സങ്കല്പമലകൾ കാണുന്നു
പാഞ്ഞുകയറുന്നു
ചില പക്ഷികൾ
കൌതുകം കൊള്ളുന്നു

ഘടികാരസൂചികൾക്കിടയിൽ
ഭാരപ്പെടുന്നു
ഏകാന്തതയുടെ
കാറ്റ്….

മഞ്ഞ്
ഇറുകിപ്പരന്ന
മേടുകൾ

വെയിലിനെ
ക്കോരിവെച്ച
കാടിന്നകം

മഴയെ
മരിച്ചടക്കിയ
പുഴക്കണ്ണ്

ഇതിലൂടെ
ഇതിലൂടെ
പിന്തള്ളുന്നു
നമ്മൾ
വഴിതെറ്റിച്ച്
വരിതെറ്റിച്ച്
എന്തായാലും
അക്ഷരത്തെറ്റ് ഒരു തെറ്റല്ല.

No comments: