9/10/14

അപായചിഹ്നങ്ങൾ (ഇരുപുറമെഴുതിയ കവിത)



നിന്നോട് പ്രിയേ
ഞാൻ മെല്ലെ മെല്ലെ
മഞ്ഞിൻ മുല്ലകൾ പോലെ നിറയും സുഗന്ധമായ്
നിലാവുതുന്നുന്ന നീളനുടുപ്പുകൾ
വാരിപ്പുതച്ചേറേക്കടലുകൾ നീന്തി
അകലെപ്പുഞ്ചിരിക്കുന്നൊരമ്പിളിക്കിനാവാണു ഞാൻ
നിന്നെ, ഓ! ഞാൻ
നിന്നെ പ്രേമിച്ച് പ്രേമിച്ച്
വഴികൾ നീണ്ടുപോയ്, കുറേ നടന്ന് നടന്ന്
പുഴകൾ കുറുകേ മെലിഞ്ഞ് മെലിഞ്ഞ്
കാടുകൾ പ്രിയതരം, കൊഴിയുമിലകളാൽ നൊന്ത് നൊന്ത്
അപ്പോഴും ഞാൻ,
വരണ്ട ഒരു പേന കൊണ്ട്
പച്ചിലകളുടെ ഹൃദയത്തിൽ
നീരുതിരയുന്ന നിശാശലഭം;
പ്രിയേ നിനക്കായ് കവിതകൾ,
നീ, വായിക്കുകിൽ
ആഗോളവൽക്കരണം പോലെ,
ആർക്കും സൌകര്യം പോലെ വായിക്കാം
സൌകര്യം പോലെ ഭയക്കാം
ആശ്ലേഷിച്ചുമ്മകൾകൊണ്ട് മൂടാം, അല്ലെങ്കിൽ
കോള പോലെ കുടിച്ചുപേക്ഷിച്ചേമ്പക്കം വിടാം വിഷം. 
ഞാൻ നിനക്കായ്,
വാക്കുകൾ വിട്ടു കവിതകളെഴുതിയെഴുതി
വാക്കുകൾകടന്നൊട്ടും നടക്കാത്ത വരികളെ
പാടിപ്പാടി നമുക്ക് പറത്തിവിടണം
അതിന് ആറന്മുളയിൽ വിമാനത്താവളം വേണം,
ശലഭങ്ങൾ വാക്കുകളിഷ്ടം പോലെ പറന്നിറങ്ങാൻ
കവിതകളായിരം വാക്കുകൾ വിട്ടുമുളയ്ക്കാൻ
പരിസ്ഥിതി നമുക്ക് സംരക്ഷിക്കണം
പശുക്കിടാവിന് പാലുനൽകണം
എൻഡോസൾഫാൻ നിരോധിക്കണം
പിന്നെ ഞാനും നീയും മഴകൾ നനയണം
മഴക്കാടുകളിൽ മേഘം പോലെയലയണം
പനിവന്നാലസിത്രോമൈസിൻ കഴിക്കണം
കഫത്തിൽ ചുവപ്പുകണ്ടാൽ ചോരതുപ്പണം,
വിപ്ലവം വരണം വരണം വന്നിരിക്കണം
വെടീയുണ്ടകൾക്ക് വിരിമാറ് കാട്ടാൻ പോരാട്ടം തുടരണം
ലെബാനനിലെക്കവികളും, പലസ്തീൻകാരും
വാക്കുകളാലും, കവിതയാലുമല്ലാതെയും
മുജാഹീദ്, മുജാഹീദാകണം നമുക്കിരുവർക്കും
പെണ്ണേ വരൂ
രാത്രികളിൽ നമുക്ക് പ്രണയിക്കാം
പേരാമ്പ്രയിലും പയ്യന്നൂരിലും
ഒരേപോലെ വിളക്കുകളണയുന്ന
ഹോസ്റ്റലിലെ ഒറ്റമുറികളിൽ
ജനാലയ്ക്കപ്പുറം നിശാശലഭങ്ങൾ
ചിറകനക്കി നിശ്വാസങ്ങൾതരും
നമ്മൾ പരസ്പരം ചുംബിക്കും
അപ്പോ തൃശൂർ വഴി മാവേലി എക്സ്പ്രസ് കടന്നുപോവും
സെക്ക്ന്റ് ഷോ കഴിഞ്ഞ് ജനങ്ങൾ
സിനിമാക്കാരെ ശപിച്ച് തിരിച്ചുനടക്കും
പൊടുന്നനെ കുറേ വാക്കുകൾ നിരന്നുനിൽക്കും
ലെബാനനിലെ ജിഹാദികളെപ്പോലെ മനുഷ്യബോംബുകളാവും
ഇതുവരെയെഴുതിയതെല്ലാം തീരട്ടെ തീരട്ടെ
കഥയില്ലാതെ കഥയും, കവിതയില്ലാത്ത കവിതയും
പ്രേമമില്ലാതെ പ്രേമവും,
(ആരോടുള്ള പ്രേമമാണു ഭായ്?)
നിങ്ങളെനിക്കെഴുതിയ കവിത തരൂ കവീ,
നിനക്കും നിന്റെ കാലത്തിനും
വരും കാലത്തെ കൊടുങ്കാറ്റുകൾക്ക്
നമ്മുടെ വൃക്ഷത്തലപ്പുകൾ പൂക്കളാൽ പരസ്പരം
സിനിമാപ്പാട്ടുകൾ പാടി പിന്നെയും പിന്നെയും
കുഞ്ഞുമ്മകൾ തരും ചിറകുവിരുത്തിപ്പറന്ന്
നീരുവറ്റാത്ത കാനനങ്ങൾ തിരഞ്ഞ്
നമുക്ക് പോവുക,
ആരാകിലെന്തു നീയും ഞാനും
നമുക്ക് ഈ കട്ടിലിൽ ഈ കുടുസുമുറിയിൽ
അരണ്ടവെളിച്ചത്തിലെ അരണമറവിയിൽ
പുളഞ്ഞുകൊണ്ടിരിക്കുന്ന ജനിതകഗോവണികളാൽ
വാക്കുകളേ, വല്ലതുമൊക്കെ നടക്കണം
ഈ രാത്രി വല്ലതുമൊക്കെ നടക്കണം.
………………………………………………………….
എക്കാലത്തേക്കുമുള്ള പ്രണയകവിത എനിക്കെഴുതിത്തരൂ
ഫ്ലാറ്റുകളിൽനിന്നും കാണുന്ന കടലിനെപ്പറ്റി
തെരുവുകളിൽ നാം കണ്ട യാചകരെപ്പറ്റി
നമ്മൾ വളർന്നുപേക്ഷിച്ച കുഞ്ഞുടുപ്പുകളെപ്പറ്റി
കേടായ ലാപ്ടോപ്പുകളെപ്പറ്റിയും
ഉപേക്ഷിച്ച സിം കാർഡുകളെപ്പറ്റിയും
നാടൻ പേരില്ലാത്ത IMFL കിനാക്കളെപ്പറ്റി
നമുക്കിഷ്ടമുള്ള സിനിമാപ്പാട്ടുകളെപ്പറ്റി
കേട്ട പ്രസംഗങ്ങളെപ്പറ്റി
എന്റെ ഉടലുനിനക്കുതരുന്ന SMS-കളെപ്പറ്റി
എന്നോട് ചേർന്ന് നടന്ന് നടന്ന്
പിന്നെയോട്ടോറിക്ഷയിൽ അടുത്തിരുന്ന് ചുംബിച്ചപ്പോൾ
നാണിച്ചോടിയകന്ന മരങ്ങളെയും, തീരെമൈൻഡില്ലാത്ത മനുഷ്യരെയും പറ്റി
നീയെന്റെ വിരലുകളെ ഞെരിച്ച് ഞെരിച്ച്
എഴുതുക വീണ്ടും
എന്റെ ചുണ്ടുകൾ നിനക്കു തരുന്ന പ്രണയത്തെപ്പറ്റി
എടാ ഞാൻ X എന്ന ആരുമില്ലാത്തവളാണോ
നിന്റെ കവിതയിൽ എന്റെ പേരു തന്നെയെഴുതണം ഇത്തവണ
നിന്റെ Y എന്നെ ഭ്രമിപ്പിക്കുന്നു
അതിനെ ഞാൻ ഉന്മത്തയായ് ചുംബിക്കുന്നു
എനിക്കുന്ന തരാവുന്ന, നിനക്കറിയാമോ,
ഈ നഗരത്തിലെ നിരത്തുകൾക്കെല്ലാമപ്പുറം
ഇരമ്പുന്ന കടലിന്റെ അടിത്തട്ടിൽ
ഒരു മരുഭൂമിയുണ്ട്,
അവിടെ ഒട്ടകങ്ങളുണ്ട്
കൂനുപിടിച്ച് നടക്കാനാവാതെ
അതിനെയും തെളിച്ച് തെളിച്ച്
രാജകുമാരാ, നീയൊരു കപ്പലോട്ടക്കാരനാവുക
എന്നിലേക്ക് നീ കയറിപ്പോവുക
നിനക്കായ് ഞാനെന്റെ തിരകളെ വിടർത്തിത്തരാം
നിന്റെ ചുംബനങ്ങളാൽ എനിക്ക്-
സുനാമികൾ വേണം,
കരകളെ വിഴുങ്ങാനുള്ള ഉഗ്രവിശപ്പുതോന്നുന്നു,
നീയെഴുതുക
നോക്കൂ ഈ നക്ഷത്രങ്ങളെ
നീയും ഞാനും തമ്മിൽ
ഇങ്ങനെയിരുട്ടിയിരുട്ടി നേരം മറന്നു മറന്ന്
ഇവളുമാർക്കൊന്നും നാണമില്ലേ നിന്നെപ്രേമിക്കാൻ
നിയെന്റേതാണ് കവീ, നീ, മലർന്നുകിടക്കുക
നിന്റെ പേനയുടെ തുമ്പത്ത്
ഞാനൊന്ന് ചുംബിക്കാം
നീ ഭ്രമിക്കുക
പിന്നെ കടലാസിന്റെ ചെവിയോട് പറയുക
നിന്റെയും എന്റെയും കാര്യത്തിൽ
ഇങ്ങനെയൊക്കെയാണ്, ഇങ്ങനെയൊക്കെയാണ്.

No comments: