9/1/14

നിലാവുനനയുന്ന തലക്കുടകൾ



ഓളങ്ങളെ ഉടുത്തുവെച്ച സാരി ഇല്ലായിരുന്നു
പഴമുണ്ട് മുറുക്കനെയുടുത്ത് അമ്മച്ചി
വാതിൽ‌പ്പടിമേൽ മുറം പിടിച്ചിരുന്ന്
ഉണക്കമീനിന്റെ തലയും വാലും പിച്ചുകയായിരുന്നു;
കഞ്ഞിക്ക് ചമ്മന്തിക്കൊപ്പം വറുത്തെടുക്കാൻ
മുളകുപുരട്ടിയെടുക്കുന്നുണ്ട്,
അപ്പൻ തലക്കുടയും ചൂടി കൊതുമ്പുവള്ളത്തിൽ
നിലാവുനനഞ്ഞ് മൌനിയാവുന്നു-


ഒരുപാട്ടും മൂളിമുഴുമിക്കാതെ മീനുകൾ
ഓളങ്ങളിലിങ്ങനെ
നീന്തുകയായിരുന്നു.
നിലാവിലേക്ക് നീന്തിക്കയറുന്ന മീനുകളേ,
പിടച്ച് പിടച്ച് മരിക്കുമ്പോഴും
നിങ്ങടെ ജലജീവിതത്തെക്കുറിച്ച്
ഞങ്ങടെ ചരിത്രം ഒന്നും പറയുന്നില്ലല്ലോ;
എപ്പോൾ പിടിച്ചിട്ട വാക്കാണെന്നോ
എപ്പോൾ എഴുതിയ കവിതയാണെന്നോ
എത്ര നൊന്തിരുന്നു ഒരു കവിതയാവും മുമ്പേയെന്നോ,
അതിനും മുമ്പേ
രോഷത്താൽ ഒരു മുഴുത്ത തെറിയായിരുന്നതിനെക്കുറിച്ചോ
അതിനും മുമ്പേ
നിരാശ പൂണ്ട
വെറും വാക്കുകളായിരുന്നതിനെക്കുറിച്ചോ
 ഒന്നുമറിയില്ലല്ലോ.

ആഴങ്ങളിൽനിന്ന് ആഴങ്ങളിലേക്ക്
എടുത്തുചാടുകയാണ് കവിത-
അത്രമേൽ ദുർബലമാണ് ഒഴുക്കിൻ ചില്ലകൾ
നമുക്കിടയിൽ
മരണത്തിന്റെ ഓർമ്മയാണ് ഒഴുകിപ്പോവുന്നത്,
ഓർമ്മ നിലച്ചുപോവുമ്പോൾ നമ്മൾ നിലാവിൽ നനയുന്നു.

അത്രമേൽ വിങ്ങിപ്പോയതിനാൽ
ഒന്നുപൊട്ടിത്തെറിച്ചേക്കാം ചിലവാക്കുകൾ,
തീർത്തും ഭാരമില്ലാതെ
ചത്തുമലച്ചു പൊങ്ങിവന്നേക്കാം,

എങ്കിലും
ജീവിക്കുമ്പോഴെല്ലാം
ആഴങ്ങളിൽനിന്ന് ആഴങ്ങളിലേക്ക്
കൂപ്പുകുത്തുകയാണ്
വി

അപ്പൻ
കഞ്ഞി വേണ്ടെന്നു പറഞ്ഞ്
ഉറങ്ങുന്നു,
നിലാവിൽ നനഞ്ഞ മീനുകൾ
കണ്ണുകളടയ്ക്കാതെ ഉറങ്ങുന്നു.
തീർത്തും ഭാരമില്ലാതെ
ഉറങ്ങുന്നു.

No comments: