9/15/14

യാത്രക്കാരുടെ അശ്രദ്ധകൾ
സ്വന്തം ജീവിതത്തിൽനിന്ന് പിൻവാങ്ങുമ്പോഴാണ്
തീവണ്ടിസമയങ്ങളച്ചടിച്ച പുസ്തകം വായിച്ചുറങ്ങിപ്പോവുന്നത്;
ജയന്തിജനതയോ, കുർളയോ, കൊച്ചുവേളിയോ വന്നേക്കാം
ജൂണിൽ പെയ്യാതിരുന്ന മഴകളുടെ ആകാശം,
സെപ്റ്റംബറിൽ വന്ന് വിഷാദപൂർവ്വം
ഇന്നലെ എപ്പോഴാണമ്മേ മഴ പെയ്തതെന്ന് ചോദിക്കുമ്പോഴാണ്;
അപ്പോഴാണ്
അവരുടെ ആകാശങ്ങളിലേക്ക്
തൂവലുകളാലിറുക്കിപ്പിടിച്ചിട്ടും
ഓർമ്മകളിൽനിന്ന് പറന്നുപോയ പക്ഷികൾ പോലെയും
ഇരുൾപൊഴിച്ചിട്ട  മരങ്ങളുടെ ഇലപ്പച്ച,
മഴത്തണുപ്പ്, ജീവന്റെ കുതറിയോട്ടങ്ങൾ എല്ലാം
ശ്വാസത്തിന്റെ തീവണ്ടിയിറക്കങ്ങളിൽനിന്നും
അകലേക്ക് അകലേക്ക് കൂവിയാർത്തുപോവുന്ന
നിലവിളി,
അപ്പോൾമാത്രമാണ്
സ്വന്തം ജീവിതം ഏതുമഴയോടൊപ്പം പെയ്തൊഴിഞ്ഞ
നനവോ കിനാവോ ആണെന്ന് ഓർമ്മവരാതെ,
പൂക്കളിലകൾ വള്ളികൾ മരങ്ങൾ
പക്ഷികൾ അവയുടെ ആകാശം,
അരുവി, മഴ, എന്നൊക്കെ വിരലുകൾ കൊണ്ടു പരതിനോക്കി,
പ്രപഞ്ചത്തെ ഇങ്ങനെ കൈവിട്ടുകളഞ്ഞേക്കുക.


No comments: