8/8/14

ഒടുവിൽ മീനുകൾക്കാവും നമ്മോട് പ്രണയത്തെക്കുറിച്ചേറെപ്പറയാനുണ്ടാവുക



കടലിൽ വെച്ച്
ആദ്യമായ്
ഉമ്മ (ഉമ്മ തന്നെയാണ്) നൽകിയ മീനിന്
വിശന്നിട്ടുണ്ടാവും;
പിന്നീടാണ്
മീനുകൾ മീനുകൾ മീനുകൾ
ഒരൊത്തിരി മീനുകൾ
എക്കോസിസ്റ്റത്തിലെ നിലവിളികൾ മുഴുവനും
ദയ എന്നത് ഒടുവിലെത്തിയ മീനിന്റെ പേരാണ്.

ഉമ്മ,

ആദ്യത്തെ മീനിന്റെ ഉമ്മയാണ്
ഏറ്റവും സർഗാത്മകമായ വിശപ്പാണ്
ഇറച്ചിയിൽനിന്നും അസ്ഥിയിലേക്ക് ഊർന്നിറങ്ങുമ്പോഴും
കടലിൽനിന്നുള്ള നിലവിളികളിലേക്ക് ഉമ്മ,
ദയ തോന്നുന്നുണ്ട്, ഒടുവിൽ.
കടലിനെക്കുറിച്ച്


-----ഒരു മീനിന്റെ പൂഞ്ചിറകിനടിയിൽ അതനുഭവിക്കുന്ന
ശാന്തിയുടെ ഒരു തിരയനക്കമില്ലായ്മയാണ്


 ഓർമ്മയുടെ ഒരു അക്ഷരവിടവിട്ട്
നമ്മൾ മരണമൊഴിയായി പറഞ്ഞേക്കാനിടയുള്ളത്,
(കാട് വളർത്തിയ വേരുകളിൽനിന്നും ശിഖരങ്ങളിലേക്ക് കുത്തനെയൊഴുകുന്ന ഒരു പുഴയാണ്,
നിന്നെക്കാണുവാൻ ദൂരങ്ങൾ താണ്ടാൻ എനിക്ക് തുണ,
പക്ഷെ എന്തിനാണ് നീ നനഞ്ഞു നനഞ്ഞു നിലവിളിക്കുന്നത് കരിങ്കടലേ)


ഉപേക്ഷിക്കപ്പെട്ട ഒരു കാൽപ്പാട്,
കടൽത്തീരത്ത് നിന്നും ജലത്തിലേക്ക് ഗമിച്ചതിനാൽ,
കാത്തിരിക്കൂ എന്ന് ചിറകിൻ വിരലുചൂണ്ടി
ആകാശത്തിലേക്ക് ഒരു പക്ഷിയെപ്പോലെ തൂവലെറിഞ്ഞു പറക്കുന്നുണ്ട്---

എന്തൊരു തണുപ്പാണെന്ന് കെട്ടിപ്പുണർന്നു പറയുമ്പോഴും,
മീനുകൾ കടലിൽനിന്നു നിലവിളിക്കുന്നുണ്ടാവും,
അവരുടെ ഉമ്മകളിലേക്കുണരാതെ താണു താണു പോവുമ്പോൾ,
 പുണരുന്ന പ്രണയത്തോടെ, ഒറ്റയ്ക്ക് നടക്കുന്നുണ്ടാവും ജലത്തിനുമീതേ
തീരത്തുനിന്നും കടലിലേക്കിറങ്ങിയ കാൽ‌പ്പാടുകൾ.

അതുകണ്ടുഭയന്നിട്ടാവും പക്ഷികൾ കടലിനുമീതേ പറക്കുന്നത്,
മീനുകൾ കണ്ണുനിറച്ചും കടലുമാത്രമുള്ള, വെറും കടല്‍ജീവികള്‍

No comments: