8/12/14

ഓരോ കവിതയിൽനിന്നും ആളപായമില്ലാതെ രക്ഷപെടുന്നു


പൊട്ടിത്തകർന്നുതീരേണ്ടതാണ്
കാത്തിരിക്കൂയെന്ന് പറഞ്ഞതിനാൽ
കവിതയെഴുതിവെച്ചതാണ്
നീ വരുമ്പോൾ വായിക്കുവാൻ;
പേടി തോന്നുന്നു
വാക്കുകളിടയിൽ മൌനത്തിന്റെ കുഴിബോംബുകളിൽ‌പ്പെട്ട്
പിളർന്നുപോവുന്ന ഇലകളെപ്പോലെ
ഒരേസമയം മരത്തിനോടും കാറ്റിനോടും കേഴുകയാണ്,
എന്നെവിട്ടുപോകരുതേ, പിന്നെയെനിക്കാരാണ്,
ഒടുവിലീപ്പച്ചയാണ് ശേഷിക്കുന്നത്,
പഴുത്തിലകളെനോക്കി നിർദയം ചിരിക്കേണ്ടത്.

വായനയുടെ അടയാളമിട്ട ചൂണ്ടുവിരലിനുള്ളിൽനിന്ന്
എന്തോ ഉതിർന്നുപോവുന്നു, അത് നിശ്ചയമായും നിനക്കെഴുതിയ- പ്രേമലേഖനമായിരുന്നു
ചുണ്ടുകളിൽനിന്ന് അവസാനമിറങ്ങിപ്പോയ വാക്ക് അമ്മയെയാണ് തിരഞ്ഞത്
എനിക്കാരാണിനിയെന്നു നീ കരയുന്നു,
പക്ഷെ
നിന്നെ ഓർമ്മിക്കുവാൻ എനിക്ക് കഴിയുന്നില്ല.

ആരും ഇതിനെക്കുറിച്ച് മിണ്ടിപ്പോവരുത്.
പുസ്തകം വായിക്കുമ്പോളും
 (അത് വിശുദ്ധപുസ്തകം ആവണമെന്നില്ല, ആയാൽ നല്ലതാണ്)
പ്രിയപ്പെട്ടവളെ ഭോഗിക്കുമ്പോഴും
ഏകാന്തതയുടെ
വാതിലുകളടഞ്ഞു കിടപ്പുണ്ട്;
പൂർണ്ണ ആലിംഗനത്തിൽ
മുഴുകിക്കിടപ്പുണ്ട്,
മാറിടങ്ങൾ കാട്ടാതെ പുഴ കമിഴ്ന്നുകിടപ്പുണ്ട്-
മഴത്തുള്ളികളെ മേഘങ്ങൾ ഇറുക്കിപ്പിടിച്ചിട്ടുണ്ട്,
ആകാവുന്ന നേരത്തോളം
ഇനി ഒരു പുസ്തകവും വായിച്ചുതീർക്കാൻ കഴിയില്ലാ,
മലകളിലേക്കും മരങ്ങളിലേക്കും കടലിലേക്കും നോക്കരുത്
കാറ്റിനോടൊന്നും കമാന്നു മിണ്ടരുത്
നനഞ്ഞ ചിറകുകളുമായൊരു ചിത്രശലഭം
ഉറങ്ങുന്നുണ്ട്,

അതെ, ഞെട്ടരുത്, മെഴുകുതിരികൾ തെളിച്ച് പ്രാർത്ഥിച്ചു ശപിക്കരുത്
ദൈവമേ നീ ഇപ്പോൾ മാത്രം വായ തുറക്കരുത്
ആരും മിണ്ടരുത്.
ഇലകളിൽ കയറിപ്പറ്റി
മരണത്തിന്റെ പുഴകടന്ന ഉറുമ്പുകൾ
ഉറങ്ങാറില്ല,
ആരെങ്കിലും വിരലുകൾക്കിടയിൽ ഞെരിച്ചുകൊല്ലും വരെ,
ഇന്ന് രാത്രി മരണപ്പെട്ടവരെത്തിരഞ്ഞ്
അവരുടെ കണ്ണുകളിൽനിന്നിറങ്ങിപ്പോവാനായി
ഉറുമ്പുകൾ ഉറങ്ങാതെ ശരീരത്തിലലയുന്നു,
നീയില്ലാതെ എനിക്കുറങ്ങാൻ കഴിയില്ലെന്ന്
ഞാനുമവളും പരസ്പരം പുണരുന്നു;
ഉമ്മ.

ആരും മിണ്ടിപ്പോവരുത്.
അതെ പട്ടാളം വരുന്നുണ്ട്,
എല്ലാഭാഷകളിലും കവിത പലായനം ചെയ്യുന്നു,
കൊല്ലരുതേ, ഞങ്ങൾക്ക് ഏകാന്തത തരൂ
നിലവിളികളുടെ വാക്കുകൾ നിറച്ച്
കവികളോട് പ്രണയത്തെക്കുറിച്ചെഴുതരുതെന്ന് പറഞ്ഞോളൂ.
ഇതാണ് വ്യവസ്ഥയും നമ്മൾ തമ്മിലുള്ള ഉടമ്പടിയും:
പക്ഷെ,
ആകാശത്തിനും ആകാശമായ
ഇലയ്ക്കും ഇലയായ
മരത്തിനും മരമായ
നിന്നിലും നീയായ
വാക്കിനും വാക്കായ
മൌനമേ,
ആളപായമില്ലാതെ ശലഭങ്ങളെ പറത്തിവിടൂ

No comments: