7/9/14

വേണ്ടാരുന്നു




ഏതുമരത്തിലാണ് ഭൂമി ഇങ്ങനെ കായ്ച്ചുനിൽക്കുന്നത്?
ഉഷ്ണനദികൾ പ്രവഹിച്ചെത്തുന്ന സമുദ്രത്തിനെ
ചർമ്മം കൊണ്ട് ഭംഗിയായി പൊതിഞ്ഞിരിക്കുന്നു.
മഞ്ഞ്, കാമുകനാണെന്ന് ആരും പറഞ്ഞില്ല,
പക്ഷെ രാത്രികളെയിങ്ങനെ പുണർന്നതിനാൽ
എങ്ങനെ തോന്നാതിരിക്കും.
ആകാശത്തിൽ തുഴയേണ്ടി വരുന്ന ഒരു മത്സ്യമാണ്-
 പക്ഷി എന്നത് ഒരുപാട് നോവിക്കുന്നു,
കാരണം  
ആകാശത്തെ ശ്വസിക്കാൻ കഴിയാതെ അതെങ്ങനെ പറക്കുന്നു
 എങ്ങനെ സങ്കല്പിക്കാനാവും?
മരത്തിലേക്ക് പോകാം, അത് പെയ്യുന്നുണ്ടാവും,
അമ്മ എന്നത് ഓർമ്മകളെന്ന് മരം മഴയോട്,
സന്തോഷമായിരിക്കൂ, പ്ലീസ്
(ഇനി നീ അങ്ങനെയെന്തെങ്കിലും പറഞ്ഞാൽ നിന്നെ ഞാൻ കൊല്ലും,
നീ എന്റെ ജീവനാണ്!)
ഭൂമിയുടെ മരമേ, നീ മറഞ്ഞിരിക്കാതെ, നിന്റെ ആകാശത്തിനിടയിൽ ഇലകൾ;
ഞങ്ങൾക്കത് ദൃശ്യമല്ല,
ഞങ്ങൾ തകർന്നു തകർന്നു പോവുന്നു,
എന്തിനാണ് ഇങ്ങനെയൊക്കെ?
ഒന്നും വേണ്ടാരുന്നു എന്ന് തോന്നുന്നുണ്ടോ?
പഴുത്ത് ഞെട്ടറ്റ് വീഴുമോ
ഒരു പക്ഷി കൊത്തിവിഴുങ്ങുമോ,
അതോ 
ഹവ്വ പറിച്ചു നൽകുമോ അവന്?
ദൈവമേ ഇത്തവണ ആരെയും ശപിക്കരുതേ.
(PS: Oh God, We are in Love)

No comments: