7/12/14

കണ്ണുകളിൽനിന്ന് ചുണ്ടുകളിലേക്ക് എഴുതുമ്പോഴാണ് കവിതയാവുന്നത്


കാഴ്ച്ചയുടെ വിരലുകളാൽ
ചുംബിച്ച് ചുംബിച്ച്
കണ്ണുകളുടെ തിരയിളക്കത്തിൽപ്പെട്ട്
വാക്കിൻ തോണികൾ മുങ്ങി മരണപ്പെടാതെ,
ചുണ്ടുകളിൽ ചുണ്ടുകളിൽ
കവിഞ്ഞ് കവിഞ്ഞ്....

(ഉമ്മകളാലാണ് കവിത തിരുത്തിയെഴുതപ്പെടുക)

സത്യമായും എനിക്ക് വേറെയും കാമുകിമാരുണ്ട്;
മൂന്നുപേർ.
അതിനാൽ നമ്മുടെ മോളുടെ പേര്
അരുവിയെന്നല്ല, ഫാത്തിമയെന്നാണ്,
നീ പിണങ്ങുന്നു!
ഒന്നാമത്തെ ഉറക്കത്തിലേക്ക് നമ്മൾ പെട്ടുപോവുന്നു;
രക്ഷപെടുന്നു, പിണങ്ങാൻ വയ്യ വയ്യ
ഹൃദയമേ, നോവുന്നു,
ഉമ്മകളാൽ കിനാവു പിന്നെയും 
 ഉറക്കത്തിൽനിന്നുലച്ചു പെയ്യുന്നു,
നനഞ്ഞൊട്ടുന്നു, നേർത്തവിരലാൽ കുരുക്കിട്ട ശ്വാസങ്ങൾ  
ഇടകലരുന്നു, പെയ്യുന്നു
ഉമ്മകൾ കൊണ്ട് നീയെന്നെ പൊത്തിപ്പിടിക്കുന്നു,
വിട്ടുപോവില്ല, ഇല്ല പോവില്ലെങ്ങും നിന്നെ വിട്ട്.
നമുക്ക് സ്വന്തമായൊരു വീട് വേണം
വീടിൻ മുറ്റത്ത് മാവ് വേണം
മാവിൽനിന്ന് നമ്മുടെ മകൾക്കൊപ്പം കളിക്കാൻ
അണ്ണാറക്കണ്ണന്മാർ വരും-
നമ്മുടെ മോൾ അരുവി, അല്ല ഫാത്തിമ!
രണ്ടാമത്തെ ഉറക്കത്തിലേക്ക് നിശ്ചയമായും അഭയാർത്ഥിയായെത്തുന്നതാണ്,
ഉമ്മകൾ
കടൽ കവിഞ്ഞ് ചുണ്ടുകളിലിറങ്ങി,
ഉപ്പ് രുചിക്കുന്ന വരികളെഴുതി,
പൊന്നേ, കരയാതെ, വിങ്ങാതെ.
നിന്റെ മുടിയിഴകളിലേക്ക് മുഖം പൊത്തിവെച്ച്
മൂന്നാമത്തെ ഉറക്കത്തിലേക്ക്.
കാട് വളർന്ന് വളർന്ന്
ഇലകൾക്കിടയിൽ പൂവുകൾ വിരിഞ്ഞ്
നമ്മൾ കിളികളെപ്പോൽ
നെഞ്ചിൽ ചൂട് നിറച്ച്
കണ്ണുകളിൽ പുലരിമഞ്ഞ് വന്നുമ്മ വെക്കുമ്പോൾ
ചിറകില്ലാത്ത മനുഷ്യരായ്,
നഗ്നരായ് പുണർന്ന്,
വിരലുകൾ കോർത്ത്;
കടലിറങ്ങിപ്പോവുകയാണ് നമ്മിൽനിന്നും,
നമ്മൾ തൂവലുകളെ ഓർത്തെടുക്കുകയാണ്,
ഉമ്മകളാൽ പെട്ടെന്ന് ഓർമ്മിക്കുകയാണ്,
മഴ, കാറ്റ്, രാത്രി, വെയിൽ ചിന്നും വെളിച്ചം,
പരിഭാഷയിൽ നഷ്ടമാവുന്ന കവിതകൾ,
ചുംബിച്ച് കൂടെ നിർത്തുന്നു,
ഇഷ്ടമാണെന്നിറുക്കെ പുണർന്ന് പുണർന്ന്.

No comments: