7/4/14

ഒരു പ്രണയകവിതയിലെ വരികൾ ഓർമ്മപ്പിശകോടെ എഴുതുമ്പോൾ



സത്യത്തിൽ ഒരു പ്രണയകവിതയുടെ ആദ്യത്തെ വരി ഇങ്ങനെയെഴുതണമെന്നാണാശ തോന്നുക:

രാത്രിയിൽ പാടുന്ന പക്ഷികളുടെ വിഷാദമേ
പൊയ്കയിൽനിന്ന് ചിറകടിച്ചു വരൂ
കനിവിൻ പൊയ്കകളിൽ മുങ്ങി
കനൽക്കാടുകൾ നനയ്ക്കൂ.

അരക്കെട്ട് ചിറകടിച്ചു പറക്കുന്ന പക്ഷിയാണ്;
കാട് കാട് കാട്
വൃക്ഷങ്ങൾ ഇലകളെ തല്ലിയൊതുക്കുകയും
വിങ്ങലുകളെ മറച്ചുവെക്കുകയും
പൂവുകളെ ശകാരിച്ച്
കുനിഞ്ഞുനിൽക്കുകയും ചെയ്യുന്നു.

പ്ലീസ് പ്ലീസ് എന്ന് നിന്നോട് ഫോണിൽ കെഞ്ചേണ്ടിവരും.
സന്തോഷമായിരിക്കൂ എന്ന് വിഷണ്ണമായി യാചിക്കേണ്ടിവരും.
മൌനത്താൽ അലോസരപ്പെടുമ്പോഴും മിന്നാമിന്നികൾ,
മരങ്ങൾ വിട്ടൊഴിഞ്ഞു പെയ്തിറങ്ങും.

അരയ്ക്കുതാഴേക്ക് രോമമില്ലാത്ത പക്ഷി
ആരെയോ ഓർത്ത് നെഞ്ചു തല്ലിക്കരയുന്നു.
രാത്രി ഇങ്ങനെയൊക്കെയാണ്;
എങ്കിലും പക്ഷിയായതുകൊണ്ട് മാത്രം പറക്കുന്നു.
ചിറകുകുഴയുമ്പോൾ ഒരു മരച്ചില്ല കാണാനായേക്കും.
ഇതുകൊണ്ടൊക്കെയാണ് എനിക്കും ഒരു പ്രണയമുണ്ടെന്ന് പറയാനാവുന്നത്.

ചുണ്ടുകൾ ആപ്പിളുകളെപ്പോലെയാണ്,
കടിച്ച് കടിച്ച് കടിച്ച്
നിന്നെ ഞാൻ കൊല്ലും കൊല്ലും.
എന്നിട്ടുമൊടുങ്ങാത്ത വിശപ്പിനെപ്പോലെ 
പക്ഷെ,
ഉമ്മകൾപൊതിഞ്ഞെടുത്ത് ദൂരെക്കളഞ്ഞാൽ 
നമുക്കെന്താണ് ഇത്രമാത്രം പറയാനുള്ളത്?
( P S: But I love You So Much)

No comments: