7/1/14

സെല്ഫികളുടെ ലോകത്തിൽ മറ്റൊരാളുടെ ക്യാമറയാവുന്നതിനെക്കുറിച്ച്



ലോകത്തെ അങ്ങനെയങ്ങ് മറന്നുപോവുമോ എന്ന ഭയത്താലാണ്
ഉമ്മകളെക്കൊണ്ട് വഴികളെ അടയാളപ്പെടുത്തണം എന്ന് തോന്നിയത്;
മഴ നനഞ്ഞ് രണ്ടു പേർ സെക്കന്റ് ഷോ കഴിഞ്ഞ്
ബൈക്കിൽ പോകുന്നതാണോ
അതോ നനഞ്ഞ ഷർട്ട് കുടുക്കൂരി കാറ്റിൽപ്പറത്തി
നെഞ്ചിലേക്കുമ്മ ഉമ്മ എന്നു മഴയോട് കൊഞ്ചുന്നതാണോ?
വിയറ്റ്നാമിലെ യുദ്ധത്തിലെ ഫോട്ടോയോടും ഫോട്ടോഗ്രാഫറോടും ക്ഷമിക്കുക;
സെല്ഫികൾ മറ്റൊരാളുടെ ക്യാമറയെക്കുറിച്ച് വ്യാകുലപ്പെടുന്നില്ല.
പ്രപഞ്ചത്തിന്റെ അറ്റം വരേയ്ക്കും നടക്കാം,
ഇരുളും വെളിച്ചവും തമ്മിലെന്തോ നടക്കുന്നു,
അതിനേക്കാൾ സുന്ദരമാവുമോ നിലാവ്.
മഴയിലേക്കു വീണ നിലാവോ,
നിലാവിലേക്ക് വീണ മഴയോ.
ഒരു ഭൂഗോളത്തിലേക്ക്
ഉമ്മകളുടെ സാധ്യതകൾ നിർമ്മിക്കുന്നതിന്
പുഞ്ചിരി, മാടിനിൽപ്പ്, അടുത്തേക്ക് അടുത്തേക്ക്
കൈവിരലുകളിൽ കുരുങ്ങുന്ന വായുവിന്റെ പ്രതലത്തെ,
എങ്ങനെ ഭദ്രമായി ചീന്തിയെടുക്കാമെന്നൊരു തോന്നൽ,
ഒരുപക്ഷെ നനവിനപ്പുറം നീയാണെന്നതാണ്
ഓരോ മഴ നനയുമ്പോഴും തോന്നുക.
തോന്നലാണ് ഭൂമിയെ ഇങ്ങനെ കടലിൽ മുക്കിയിട്ടിരിക്കുന്നത്.
ഒരു പക്ഷെ ജലത്താൽ, അങ്ങനെയൊരു കണ്ണാടിയെങ്കിൽ
സർവ്വം ഇതിലേക്ക് വീണുകിടക്കുകയാണ്.
ഉമ്മകൾ കൊണ്ട് മറന്നുകിടക്കുകയാണ്.
തുണിയില്ലായ്മയുടെ സാധ്യതകൾക്കുപോലും തുണികളെ ഉപേക്ഷിക്കാനാവാത്തതു പോലെ.
പകർത്തിയൊഴുകുന്ന ഛായാമുഖത്തിൽ, മെല്ലെ നടത്തുന്ന
കുറുമ്പുള്ള വിരലുകളാണ്, മീനുകളെപ്പോലെ കൊത്തിനീങ്ങുന്നത്,
പറക്കാൻ പഠിക്കുന്ന പക്ഷികളെപ്പോലെ
മെല്ലെ മെല്ലെ ഭയന്ന് ഭയന്ന് ഉമ്മകൾ,
എപ്പോഴും മറന്നേക്കാവുന്ന ആകാശത്തെ ഭൂമിയെക്കൊണ്ട് അടയാളപ്പെടുത്തുന്നു.
ഒരു മുഴുത്ത പക്ഷിയാണെങ്കിൽ,
എപ്പോൾ നനയണമെന്നാലും ചിറകിൽ ഒരു ആകാശത്തെ നീർത്തിപ്പിടിക്കാനാവും;
അതുകൊണ്ട് പക്ഷികൾക്ക് പ്രപഞ്ചത്തെ എങ്ങനെയൊക്കെ കണ്ടു കൊതിച്ചാലും,
ഇല്ല, ആത്മഹത്യ ഒരു സാധ്യതയായി തോന്നുകയില്ല.
മുങ്ങിപ്പോവുന്ന ഓരോ ആകാശത്തിനും
ജലത്തിലേക്ക് കൈനീട്ടുന്ന ഓർമ്മയുണ്ട്,
ഉലഞ്ഞുലഞ്ഞ് താഴുന്ന ഉമ്മകളെ വാരി വാരിയെടുത്ത്
മതി മതി നിർത്തൂ എന്നു കെഞ്ചുവാൻ തോന്നുമ്പോഴും
മുങ്ങുകയാണ്, കണ്ണാടികളെ മുക്കിയിട്ട ഭൂമിയുടെ നനവുകളിൽ,
നനവു തോന്നുന്ന ഉമ്മകളുടെ ആകാശം
നെഞ്ചത്തു വീണു നോവിക്കുമ്പോഴും,
വിരലുകളാൽ മുടിപിടിച്ചുലച്ച് പെയ്യണം
ഇഷ്ടമാണിഷ്ടമാണെന്ന് മഴ
നനവിനപ്പുറം നീയാണെങ്കിൽ.




No comments: