7/21/14

ആരും വായിക്കാത്ത കത്തുകൾപ്രിയപ്പെട്ട അള്ളാ,
അങ്ങ് ആകാശങ്ങളിലിരിക്കുകയും എല്ലാം അറിയുകയും ചെയ്യുന്നുണ്ടാവും,
അവിടെത്തന്നെയിരിക്കാതെ ദൈവമേ ഞങ്ങളോടൊപ്പം കളിക്കാൻ വരൂ,
ഇരുട്ടുമുറികൾവിട്ട് ഈ മിന്നാമിന്നികൾ പകൽവെട്ടം കാണുന്നില്ല
മാന്തോപ്പുകൾ വിട്ട് ഞങ്ങളെങ്ങോട്ടുപോവാൻ ഈ തേൻ കിളികൾ?
കരയുന്നു പക്ഷെ കരയാൻ ഞങ്ങൾക്കിഷ്ടമല്ല.
ആരും കഥ പറയുന്നില്ല, സർവ്വം ശിഥിലം.
ഉറങ്ങാതെ ശാഠ്യം പിടിച്ചിട്ടും കാര്യമില്ല,
ആരും താരാട്ടു പാടുന്നില്ല, ലോഹഗർജ്ജനത്താൽ ചെകിടുകളടയുന്നു,
തിരഞ്ഞ് മടങ്ങുന്ന ഇരുളുരുകുന്ന കണ്ണുകൾ, വറ്റിയ കടലുകൾ.
അക്ഷരമാലകൾ മയ്യത്തിൽനിന്ന് ഇറങ്ങിപ്പോവുന്ന പേനുകളെപ്പോലെ,
തണുത്ത് തണുത്ത് പോവുന്നു, ഞങ്ങളുടെ ശരീരങ്ങൾ
ഞങ്ങളുടെ ചോരയിൽനിന്ന് അമിഞ്ഞമണം കിനിയുന്നു. 
ഇവിടെ വീടുകൾ വാതിലുകളടഞ്ഞ് അയൽ‌പ്പക്കങ്ങളിൽനിന്നാരും വരാതെ, 
ഇനിയാരൊക്കെ ഉണ്ടാവും ഞങ്ങളോട് കളിക്കാൻ എന്നറിയില്ല,
നീ വരുമോ ഞങ്ങളോടൊപ്പം കളിക്കാൻ,
അയ്യോ! വേണ്ട, ചിലപ്പോൾ ബോംബു വീണ് ഇനി നീയും!
വേണ്ട വേണ്ട, ഇപ്പോഴെങ്ങും വരണ്ടാ അള്ളാ..
എന്ന്,
ഗാസയിലെ കുഞ്ഞ്.


No comments: