7/17/14

മരത്തൊലി


യ്യാ വയ്യാ എന്ന് അമ്മവിരലുകൾ നനഞ്ഞു നീറുന്നുണ്ട്
വെച്ചുണ്ടാക്കാൻ പിന്നെയാരാണ്, എന്നുമിങ്ങനെ ഈശോയേ...
ആ കറുത്ത ചുരിദാർ കണ്ടോ അതു ഞാൻ മേടിക്കും-
എന്ന് പട്ടണത്തിൽനിന്ന് ബസ്സിലെ കമ്പിയിൽ തൂങ്ങിയൊരു അനിയത്തിക്കണ്ണ് വിടപറയുന്നുണ്ട്
നിലാ‍വിൽ നക്ഷത്രങ്ങൾ തിരഞ്ഞു പോവുന്ന നോട്ടങ്ങളായ് വെയിലാറുന്ന പകൽ
ക്ഷീണത്താൽ ഒന്നു കൺപോള അടച്ചുപോവുന്നുണ്ട്,
കൂടണയേണ്ട ചിറകുകൾക്ക് ക്ഷീണിക്കാനാവില്ല

സ്വബോധമാണ് നമ്മുടെ ശത്രു,
വെളിച്ചം കെട്ടുപോവട്ടെ.

കുഴിനഖമുള്ള കൈകളിലാണ് ചുംബിക്കേണ്ടത്
ആണിപ്പാടുള്ള കൈകളിലല്ല;
മരമാണുപോലും അമ്മമരത്തൊലി
മഴയാണോ തേനാണോ
കണ്ണീരാണെന്നാരോടാണ് പറയുക?


അല്ലെങ്കിലും അങ്ങാടിക്കുരുവിയോട് ടെലിഫോൺ പോസ്റ്റിൽ കൂടുവെക്കാനാരുപറഞ്ഞു
രാത്രിയിൽ ഒറ്റയ്ക്കുപോവാൻ പെണ്ണിനോടാരു പറഞ്ഞു
ബാക്കിയായ ഇറച്ചിയിൽ മുളകുപുരട്ടി
വിശന്നാൽ പൊരിച്ചു തിന്നുതീർത്തേനെ.

അമ്മേ, ഒരു മോൻ കള്ളം പറയാനായി വീട്ടിലേക്ക് ഫോൺ വിളിക്കുന്നുണ്ടാവും
ഇതുവരെയെഴുതിയതെല്ലാം ഒരു സ്ത്രീയെയും സ്നേഹിക്കാത്ത മനുഷ്യനെക്കുറിച്ചാണ്
കാണാതെ ചൊല്ലാൻ കഴിയും വീണ്ടുമെത്ര തവണ വേണമെങ്കിലും ….
പക്ഷെ സ്ത്രീയെക്കുറിച്ചു മാത്രമാണെഴുതിയതെന്ന് വാ‍യിച്ചുതീർക്കുമ്പോൾ തോന്നുന്നു.
ഛർദ്ദിയും തലചുറ്റലും തോന്നുന്നുവെങ്കിൽ
ഈ ലോകത്തിന്റെ പോക്കിൽ,എങ്ങും പോയി ശീലമില്ലാത്തതുകൊണ്ടാണ്;
പൊയ്ക്കോട്ടെ, ലോകം എങ്ങോട്ടെങ്കിലും പൊയ്ക്കോട്ടെ,
ശീലമാവാത്തത് കൊണ്ടാണ്, സാരമില്ല.

No comments: