7/31/14

ഒരു ഉപമയിലെങ്കിലും ഒന്ന് മറ്റൊന്നായെങ്കിലെന്ന്, എങ്കിലുമെല്ലാം നീ തന്നെയെന്ന് തോന്നാറുണ്ട്


വരൂ നമുക്ക് ചുള്ളിക്കമ്പുകളുരച്ച് തീപിടിപ്പിച്ചു രസിക്കാം
അല്ലെങ്കിൽ അസ്ഥികളിൽ തീസൂക്ഷിക്കാൻ കഴിയുന്ന ഒരു വിദ്യ കണ്ടെത്തണം,
മാംസത്തെയോ അതിന്റെ ആഗ്രഹങ്ങളെയോ അത്രയ്ക്ക് വിശ്വസിക്കാനാവില്ല.
അതത്രയ്ക്കു ലളിതമല്ല,
സമവാക്യങ്ങളിലൂടെ സംയുക്തങ്ങൾ രൂപപ്പെടുന്നുവെന്ന്
വെറുതേ സങ്കല്പിക്കാവുന്നതാണ്,
ലെസ്ബിയനാവുന്നതിൽ ഒരുപക്ഷെ, വെറും പ്രേമം മാത്രമല്ല,
അപ്പോൾ നീ വളരെ കംഫർട്ടബിൾ ആണ്, പക്ഷെ എന്റെ ഭാഷയിലെ ലിംഗവ്യത്യാസത്തെ
അതിനെക്കുറിച്ചോർക്കാതെ ഒരു കവിതപോലും എനിക്കെഴുതാൻ കഴിയില്ല,
ഒന്നിനെയും എനിക്ക് സ്നേഹിക്കാനാവില്ല, ഫക്കിങ്ങ് ബാഡ്.
തൊണ്ടയിൽനിന്ന്
ഒട്ടും ചോരചിന്താതെ കത്തി താഴ്ത്തുമ്പോൾ,
(If you want to kill with a sword and make sure not to spill blood,
Speak from the throat of a girl, huh!)
അഥവാ, അങ്ങനെയൊരു ഭീഷണി തോന്നിയാൽപ്പോലും
പക്ഷെ ഇതൊരു പൊതുതാല്പര്യ ഹർജിയാണ്
എല്ലാ ആൺകുട്ടികൾക്കും വേണ്ടി സമർപ്പിക്കപ്പെടുന്നത്-
പെൺകുട്ടികളുടെ വിവാഹപൂർവ്വങ്ങൾ വെളിപ്പെടണം-
ഇത് തീർച്ചയായും മറ്റൊന്നുപോലെയുമല്ല,
നായകൾക്ക് നിലാവത്തു തോന്നുന്നതുപോലെ
എത്ര സത്യസന്ധമായി ഓരിയിട്ട് ഓരിയിട്ട് ഓരിയിട്ട്
അവസാനിക്കുന്നതിന്റെ അവസാനിക്കുന്നതിന്റെ  അവസാനത്തെ രാവിൽ
ഇതു തന്നെ നമ്മുടെ ദിവസം, നാളത്തേക്ക് ഒന്നും കരുതാനില്ലാത്തപ്പോഴും
എന്തോ ബാക്കിയാവുന്നതുകൊണ്ട്,
കല്യാണം കഴിക്കണം എന്ന് വെറുതേ പറയരുത് നീ,
പഴയതുപോലെത്തന്നെയാണ്, എപ്പോഴും മതിവരാതെ,
തികച്ചും unsatiable ആണ്,
പുണ്ണുപിടിച്ചലയുന്ന നായയെപ്പോലെയാണ്
(Thirsty rabid dogs)
ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക്
പായുകയാണ്,
പെണ്ണ് ആർക്കും പിടിതരുന്നില്ല, ബഹുമാനപ്പെട്ട കോടതീ
വിഷയത്തിൽ ഒരു തീർപ്പുണ്ടാക്കിത്തരണം
അല്ലെങ്കിൽ ചില കെട്ടുതാലികളിൽ മരണം വരെ തൂങ്ങിമരിച്ചേക്കും ചിലർ,
ചിലപ്പോൾ ഞങ്ങളും, ഞാൻ, എന്നെക്കുറിച്ചുപറയുമ്പോൾ
അല്ലെങ്കിലും ഇങ്ങനെയാണ്
പുഴയിലെന്നെക്കാണുമ്പോഴൊക്കെയും
പുഴയിൽ വീണൊരെന്നെയോർത്ത് മുങ്ങിച്ചത്തേക്കുമോ ദൈവമേ
പുഴയിൽ നീ ചിന്നിച്ചിതറുമെങ്കിലോ കാറ്റേ
ഒരു മുഴുക്കവിതയല്ലെങ്കിൽ‌പ്പിന്നെ
ചിലവാക്കുകളാലിങ്ങനെ എന്തിനാണ് ദൈവമേ 
വെളിച്ചം വന്നും പോയുമിരിക്കുന്നത് ഈ ഭൂമിയിലിതെന്തേ
നാമുറങ്ങുമ്പോൾ നമ്മുടെ ഹൃദയങ്ങൾ പ്രാവുകളെപ്പോലെ ഉറങ്ങാതിരിക്കുന്നു?
സദാ ചിറകടിക്കുന്നു, തൂവലുകളാൽ പൊതിഞ്ഞ് പൊതിഞ്ഞൊരു കാറ്റിൽ, എങ്ങുനിന്നോ
പുൽനാമ്പുകൾ വയലിൻ ഫിഡിലുകളാവുന്ന മഴ പെയ്യുന്നുണ്ട്
ഉറച്ച പേശികളുള്ള ബലവാനുമൊരിക്കൽ, ഒരു ഉപമയിലെങ്കിലും
കല്ലിനും കരയാനറിയാമെന്ന് പുഴ പാടുന്നുണ്ട്.
ഒരിക്കലിതിങ്ങനെയാവാം, ഉറങ്ങുമ്പോൾ മരണപ്പെട്ട സർവ്വരുടെയും നിശ്വാസത്തിൽനിന്നും
അവർ കണ്ടുമുഴുമിക്കാത്ത കിനാവിൽനിന്നുമാവാം,
ദൈവം ഭൂമിയിലേക്ക് ഇറങ്ങിവന്നത്
വിശ്വസ്തരാവുകയും, ഉപേക്ഷിക്കപ്പെടുകയും ചെയ്തത്
എന്റെ ദൈവമേ എന്റെ ദൈവമേ, നീയും.

No comments: