6/5/14

വെറുതേ കവിതയെഴുതിക്കൊണ്ടിരിക്കാൻ കഴിയുന്നില്ലെനിക്ക്

 വെറുതെ കവിതയെഴുതിക്കൊണ്ടിരിക്കാൻ കഴിയുന്നില്ലെനിക്ക്
അപ്പോൾ ഇത്ര നാളുമെഴുതിയതെന്തിന്
എന്ന ചോദ്യമാണു സഹിക്കാൻ കഴിയാത്തത്.
പ്രേമിച്ചുനടന്നിട്ടും ഒന്നു ഭോഗിക്കാൻ കഴിയാഞ്ഞതുപോലെ.
ഭോഗിച്ചവന്റെ ഗർഭത്തിന് കുഞ്ഞുടുപ്പുമായ്
 കാണാൻ പോവാഞ്ഞതുപോലെ.
ഹോ മണ്ടിപ്പെണ്ണുങ്ങൾക്കൊരു ക്ഷാമവുമില്ലല്ലോ.
കവിത വായിച്ചു വായിച്ചിരുന്ന ഒരു രാത്രിയിൽ
ഒറ്റപ്പെട്ടവന്റെ വേദനകളെ
അവളുടെ കറുത്ത തൊലിയോട് ചേർത്തുവെച്ചപ്പോൾ
ഇതാണു ചുംബനം എന്നു തോന്നിയതോ.
അതോ
വെറുതേ അതു താനല്ലയോ ഇത് എന്ന ആശങ്കയ്ക്ക്
വെറുതെ സാദൃശ്യത്താൽ സ്മൃതി ഭ്രാന്തി സന്ദേഹങ്ങൾ
അയ്യോ ആകെ കഷ്ടം എന്നു തോന്നിയതിനാലും
ശരിക്കുമൊരു ശ്ലഥകാകളി ബാധിച്ചതുപോലെ
ഒരു നിശ്ചയവുമില്ലാതെയാവുന്നു.
വൃത്തം കുറേ വാക്കുകളെയും വളച്ചുകൊണ്ടന്നേരം തന്നെ കടന്നുവന്നു
അന്യപെണ്ണുങ്ങളെപ്പോലെ അവരാകെ തരിച്ചുനിന്നു,
ആകെ അനാശാസ്യമാണിവിടെ എന്ന് സർവ്വരും പഴിപറയുന്നു
എങ്കിലും വെറുതേ കവിതയെഴുതിക്കൊണ്ടിരിക്കാൻ തോന്നുന്നില്ലെനിക്ക്.
അതിനാൽ എല്ലാരാത്രിയിലും ഞങ്ങളൊരുമിച്ചു കിടക്കും
തുണികൾ മറന്നുപോയ അവൾക്ക് ഞാനെന്റെ കുപ്പായം നൽകും
അതിനുശേഷം എന്റെ കുപ്പായവുമിട്ട് അവൾ നടന്നുപോവും.

No comments: