6/6/14

മുങ്ങിപ്പോയ നഗരം

ഇതെന്തുറക്കമാണ്,
എത്ര കുലുക്കിയിട്ടും കുലുങ്ങുന്നേയില്ലല്ലോ,
എത്ര വിളിച്ചിട്ടും വിളികേൾക്കുന്നില്ലല്ലോ
പെയ്യുവോ എന്നെത്ര മേഘങ്ങളോട് കെഞ്ചിവിളിച്ചു
ആ, എപ്പോഴോ പെയ്തുകാണും
ഉറക്കത്തിലായിരുന്നു.
ഓർമ്മകളുടെ നഗരം എന്നെല്ലാം പറയുമ്പോൾ
വിളപ്പിൽശാലപോലെ കുന്നുകൂടിയിട്ടുണ്ടാവുമല്ലേ.
ഉറക്കത്തിലും മിടിക്കുന്ന ഹൃദയത്തോട് തീർത്തും വായ്പുതോന്നുന്നു,
ഇങ്ങനെ മറിച്ചുകൊണ്ടിരിക്കാൻ മടുപ്പില്ലാത്തതിതെന്തുപുസ്തകമാണ്,
ഒന്നാം പേജിൽ അച്ഛനും അമ്മയും
ബന്ധുക്കളും അയൽ‌പ്പക്കക്കാരും അധ്യാപകരുമൊക്കെ
എഴുതിയിട്ടുണ്ടാവും,
ഗൊണം പിടിക്കാതെ കുഴിമടിയൻ, ഇങ്ങനെ വാളിയായി നടക്കണോൻ എന്നൊക്കെ.
രണ്ടാമത്തെ പേജുമുതുൽ അവൾക്കെഴുതിയ പ്രേമലേഖനങ്ങളായിരിക്കും.
എത്രകാത്തുനിന്നിട്ടും കാണാത്തവളെപ്പറ്റിയും, കണ്ടിട്ടും മിണ്ടാത്തവളെപ്പറ്റിയും,
ഒന്നു മൈൻഡുപോലും ചെയ്യാത്തവളെപ്പറ്റിയും
ഓർത്തോർത്തുപരീക്ഷയ്ക്കു പോയിട്ട്
തോറ്റിരിക്കുമ്പോൾ പോട്ടെടാന്നുപറയാതിരുന്ന,
ഒന്നു വെറുതെ ബസ്സ്റ്റോപ്പിൽ വെച്ചെങ്കിലും ചിരിക്കാതിരുന്ന
അവളുമാരോട് പോവാൻ പറ.
മൂന്നാമത്തെയും നാലാമത്തെയും പേജിൽ
എഴുതാമെന്നു കരുതിയ കഥകളോ നോവലുകളോ  ചില ഖണ്ഡികകൾക്കും അധ്യായങ്ങൾക്കുമിടയ്ക്ക്
പ്രേതമോ ഭൂതമോ ബാധിച്ച് താമസക്കാരൊഴിഞ്ഞുപോയ വാടകവീടുകളാവും.
അങ്ങനെയൊരു വീടിന്റെ പുരയിടത്തിൽ തന്നെ, ഒത്തവണ്ണത്തിലൊരുബലമുള്ള ചില്ലയോ
ഫ്യൂരിഡാന്റെ കുപ്പിയോ കണ്ടെത്തി,
കുറച്ചു കവിതകളെഴുതാമെന്നു കരുതി ഒഴിച്ചിട്ട പേജുകളിലെല്ലാം,
രാത്രി നന്നേ ഇരുട്ടുന്നതുവരെ ബീഡിവലിച്ചിരുന്നെഴുതിക്കൊണ്ടിരിക്കാം
എങ്ങനെയെങ്കിലും ഇതൊന്നെഴുതിത്തീർക്കണം.
എന്നിട്ടിന്നുതന്നെയെല്ലാം തീർക്കണം.
എങ്ങനെയൊക്കെയോ അപ്പോഴും ചന്ദ്രിക ഉറ്റുനോക്കുന്നത് കണ്ണിൽ‌പ്പെടും,
പൊലയാടിമോളെന്നുപല്ലിറുമ്മുമ്പോഴും
എങ്കിലും ചന്ദ്രികേ നമ്മൾ കാണും എന്നറിയാതെ ചൊല്ലിപ്പോവും,
ഇന്നു നാം കാണും കിനാക്കളെല്ലാം എന്നവരിയിലെത്തുമ്പോഴേക്കും,
ഒടുക്കത്തെ കഴപ്പുതീർക്കാൻ കറങ്ങിനടന്ന
 മ്യൂസിയവും പാർക്കും മൃഗശാലയും ശംഖുമുഖം ബീച്ചും ഓർമ്മവരും,
ഓർമ്മകളെല്ലാം കടലിനെപ്പോലെ ഇങ്ങുവാടാ പൊന്നുമോനേ എന്നുപറഞ്ഞു അലച്ചുവലിച്ചുകൊണ്ടുപോവും,
കാലുകളെ അവിടെത്തന്നെ ഉപേക്ഷിച്ചിട്ട് പ്രാണൻ ഓടിപ്പോരും,
കടലമ്മ കള്ളി എന്നു പിന്നെയും പിന്നെയും പ്രാകും,
റേഞ്ചില്ലെന്നോ റോമിങ്ങാണെന്നോ മറ്റവളുടെ വാക്കുമൊഴിയുന്ന ഫോണിനെ
ഭിത്തിയിലേക്കെറിഞ്ഞു തകർത്തുകളയും,
ഹോസ്റ്റലിൽ മുഖം പൊത്തിക്കിടന്നു കരയും, മൂഞ്ചിയ മുഖം കാണാൻ കണ്ണാടിയിൽ നോക്കും,
യൂണിവേഴ്സിറ്റിയിൽ സപ്ലിക്കുഫീസടക്കാനെടുത്ത
 ചെല്ലാനിൽത്തന്നെ വീണ്ടും കവിതയെഴുതിത്തുടങ്ങും.
സമയം ഏഴുമണി കഴിഞ്ഞിട്ടുണ്ടാവും
വീട്ടിലപ്പോ കുടുംബപ്രാർത്ഥന ചൊല്ലുകയാവും,

സിമ്മെടുത്ത് ജൂനിയറിന്റെ ഫോണിലിട്ട് വീട്ടിലേക്കു വിളിക്കാൻ തോന്നും,
എന്നോടാർക്കും ഇഷ്ടമില്ലെന്ന് പിന്നേം പിന്നേം ഉറപ്പാവും,
അമ്മച്ചിക്കു പ്രാന്താണെന്നും
പപ്പയ്ക്കു സംശയമാണെന്നും
അനിയൻ ഒരു പാരയാണെന്നും
പിന്നേം പിന്നേം പറഞ്ഞിട്ട്,
നന്തൻകോട്ടേക്ക് നടന്നുപോവും.
അപ്പോഴവൾ ഫോണിൽ വിളിച്ചുകാണുമെന്ന് വെറുതേ ആശിക്കും,
പിന്നെയും ചന്ദ്രിക നോക്കിനിക്കും,
കടൽ‌പ്പിന്നെയും പിന്നാലെ വന്നു കാലിൽ‌പ്പിടിച്ചു വലിക്കാൻ തുടങ്ങും,
കുതറിക്കൊണ്ട് ഞാൻ
ആകാശമേ നീ കോരിക്കൊണ്ടുപോവ്വോ ഈ കടലിനെ എന്നു വിളിച്ചുകൂവും,
ഭൂമിയോട് ഇതിനെയൊക്കെ ഒന്നു ചൊരിഞ്ഞുകളയ്യോ എന്ന് കേണുകേഴും,
രണ്ടു ദോശയും, ചമ്മന്തീം, പപ്പടോം, ഒരു ഗ്ലാസു കട്ടൻ ചായയും കഴിച്ച്
സീനിയർ തിരിച്ച് ഹോസ്റ്റലിലേക്കു നടക്കും,
സപ്ലിയുടെ ഫീസടച്ചില്ല, എന്നതിൽ കുറ്റബോധവും വെറും യാന്ത്രികതയും തോന്നും.
ഉറക്കത്തിലേക്കുള്ള നേത്രാവതി എക്സ്പ്രസ്സിൽ,
ആറ്റിങ്ങലിൽ നിന്നൊരുത്തികേറി,
ആലപ്പുഴവരെ എന്നെ നോക്കാതിരുന്ന് പിന്നെയും നിരാശപ്പെടുത്തി,
എറണാകുളത്തെപ്പോഴാ എത്തുക എന്നുപെട്ടെന്നൊരുചോദ്യത്തിലുടെ കണ്ണുചിമ്മി
രണ്ടു കാപ്പിക്ക് പറഞ്ഞിട്ട് ഈ ഐടി ഫീൽഡൊക്കെ മടുത്തുതുടങ്ങി എന്നു ഞാനും,
എങ്കിൽ‌പ്പിന്നെ എം ബി എ യ്ക്കുപോകരുതോ എന്നവളും,
എക്സ്പോർട്ടറായ പപ്പയ്ക്ക് ഞാൻ ബിസിനസ്സിൽ വരുന്നതിഷ്ടമല്ലെന്നും,
ഇടയ്ക്ക് ഒരമ്മച്ചി ഒഴിഞ്ഞുപോയപ്പോൾ സീറ്റുമാറിയിരുന്നും,
ഞങ്ങൾ ഹൃദയം പങ്കിട്ടുകൊണ്ടിരുന്നു,
എന്റെ ഹൃദയത്തിന് ഒരു ഡ്യൂപ്ലിക്കേറ്റില്ലാത്തതിനാൽ പേജുകളിളക്കി മാത്രം അവൾക്കുകൊടുത്തു.
അവളതുവായിച്ച് വായിച്ച് എന്നെ അഭിനന്ദിച്ചുകൊണ്ടേയിരുന്നു,
കവിതകളിഷ്ടമാണോ എന്നു ഞാൻ മെല്ലെ ചോദിച്ചു,
നിങ്ങളെഴുതുന്നതിഷ്ടമാണെന്ന് അവൾ പറഞ്ഞു.
എറണാകുളത്തെത്തിയതിൽ എഞ്ചിൻ ഡ്രൈവറോട് വല്ലാത്ത ദേഷ്യം തോന്നി,
അവളുടെ ഫോൺ നമ്പർ ചോദിക്കാമെന്നുവിചാരിച്ച് ഞാൻ കണ്ണുതുറന്നുനോക്കി,
ഓ, നശിച്ച ഹോസ്റ്റൽ മുറി പിന്നെയും,
എന്റെ ഹൃദയം നഷ്ടപ്പെട്ട പേജുകളെയോർത്ത് ദുഖിച്ചു,
സ്വപ്നത്തിൽ‌പ്പോലും ഇങ്ങനെയൊരബദ്ധം പറ്റരുതെന്നു താക്കീതുചെയ്തു
ശരി രാജാവേ എന്നു വിനീതപ്പെട്ടു,
ഇനിയും കവിതയെഴുതാമെന്നു തീരുമാനിച്ചു,
രാത്രി വല്ലാതെയിരുട്ടിയതായും,
ക്ലോക്ക് മിണ്ടാതെ കള്ളനെപ്പോലെയിരിക്കുന്നതായും കണ്ടെത്തി.
ഓ ചത്തു എന്നതു വല്ലാതെ കഷ്ടമായി
ചിലന്തിപിടിച്ച് ഭിത്തിയിലിങ്ങനെ
ഒട്ടിപ്പിടിച്ചിരിക്കലാണെന്ന് തോന്നിപ്പോയി.
എന്നിട്ടും ഈ മരച്ചില്ല വിട്ടെങ്ങും പോവാൻ തോന്നുന്നില്ല എന്നു വ്യാകുലപ്പെട്ടു.
ദൈവത്തിനോട് പിന്നെയും നീയാരാണെങ്കിലും ഇവിടെ വാ എന്നു ഭീഷണിമുഴക്കി.
ഇതുവരെ വന്നവരൊന്നും അത്ര നല്ലവരല്ലാത്തതിനാൽ
പേടിക്കേണ്ട എന്നൊരു ധൈര്യം തോന്നി.
ആ ധൈര്യത്തിൽ പിന്നെയും ഉറങ്ങിപ്പോയി.
അണ്ണാ, ഇതെന്തുറക്കമാണെന്നു പിന്നെയുമാ ജൂനിയർ തെണ്ടി വന്നുവിളിക്കുന്നു,
പോ മൈരേ എന്നു പാതിമൊഴിഞ്ഞിട്ട് എണീറ്റിട്ടെന്നാത്തിനാ എന്നു തെറിവിളിച്ചു.
മഴ പെയ്യുമ്പോ പറ, ഞാൻ വരാം എന്നു പറഞ്ഞതുകേട്ടവൻ ഭ്രമിച്ചുപോയി,
അണ്ണാ, ഇപ്പോ പെയ്യുമെന്നവൻ ജനാലയ്ക്കു നോക്കി പറഞ്ഞു,
എന്നാപ്പിന്നെ വെയിലിനോടൊന്നു കുളിച്ചേച്ചു വരാൻ പറ,
അവളോടിന്നുതന്നെ എല്ലാം പറയണം.
അവളു സമ്മതിച്ചില്ലേലോ,
അവളോട് പോവാൻ പറ,
കണ്ണുതിരുമ്മിയെഴുന്നേറ്റപ്പോ, എല്ലാരും പോയിക്കഴിഞ്ഞു,
9 മണികഴിഞ്ഞിരുന്നു,
വെയിൽ ഇപ്പോഴേ ഒരമ്മച്ചിയായിക്കഴിഞ്ഞു,
ഞാനിപ്പോഴും യുവാവാണല്ലോ എന്നൊരു മമ്മൂട്ടിത്തം എന്നിലുദിച്ചു
ടാപ്പിനുകീഴേക്കുതലകൊണ്ടുവെച്ചു,
മഴ ഇല്ലെങ്കിൽ പോവാൻ പറ,
തോർത്തുമുക്കി മുഖം തുടച്ചു,
വെയിൽ‌പ്പേണ്ണേ നീ ആരെ വേണേലും കെട്ട്
മുണ്ടൂരിയെറിഞ്ഞു,
പാന്റും,ഒരു ഷർട്ടുമിട്ടു, മുടി ചീകിവെച്ചു,
കണ്ണാടിയോട് കാണുന്നതൊന്നും മിണ്ടിപ്പോവരുതെന്ന് പറഞ്ഞു,
മൊത്തത്തിൽ ഒരു മനസമാധാനം തോന്നി
ഇറങ്ങിനടന്നു,
നഗരം പിന്നെയും പഴയതുപോലെ,
റോഡുകൾ വണ്ടികളെക്കൊണ്ട് വീങ്ങിയിരിക്കുന്നു,
ആളുകൾ ഉടലുകളെയോർത്ത് പായുന്നു,
കാത്തുനിന്നാലോ എന്നു വിചാരിച്ചു,
പിന്നെ, നടന്നേക്കാമെന്ന് നിശ്ചയിച്ചു,
ഇന്നു തന്നെ തിരികെപ്പോണമെന്ന് തീരുമാനിച്ചു,
ആഞ്ഞുനടക്കുമ്പോഴും ഒന്നുണർന്നെന്നോട് പറയൂ,
ഇതെന്തുറക്കമാണ്, ഇതെത്രനാളാണിങ്ങനെ
പെരുകിപ്പെരുകിപ്പോകുന്ന വിചാരങ്ങളുമായ് നടക്കുന്നു,
നീയോ നഗരമേ, ഞാനിപ്പോഴെത്തി ഓ...
ഒരോട്ടോറിക്ഷ മുന്നിൽ കുത്തിനിർത്തുന്നു. അതിനുപിന്നാലെ ഏതോ വണ്ടികൾ
കുറേ ആളുകൾ പാഞ്ഞുവരുന്നു.
പുഴുപിടിച്ച നാവ് വിഷം നിറഞ്ഞ വായിൽനിന്നും പുറത്തുചാടുന്നു,
ഭാഷകൾക്ക് ഒരുപോലെ നേരുതോന്നുന്നു,
എല്ലാം നുണകളാണെന്ന് മാനത്തൂന്ന് പൊഴിയുന്നു,
കുടയില്ലാത്തതാണ്, നേരം തെറ്റിയതാണ്, വേനലാണ്
മഴയത്തെങ്ങനെ ബ്രേക്കുകിട്ടും, സിഗ്നൽ തെറ്റിച്ചതാവും
എന്നെല്ലാം,
എന്നെ കുലുക്കി വിളിക്കുന്നു,
ഒട്ടും കുലുങ്ങുന്നില്ല,
ഞാനൊന്നും കേൾക്കുന്നില്ല,
ഇവിടെത്തന്നെ കിടന്നുറങ്ങണം എന്ന് ഞാൻ മനസ്സിൽ പറയുന്നു,
ബ്രേക്ക് പൊട്ടിയെന്നോ, കുറുകെ നടന്നെന്നോ ആരോ വിശദീകരിക്കുന്നു,
ഇതെന്താണെന്റെ നഗരമേ, നമ്മൾ തമ്മിൽ,
എനിക്കു തരാത്ത മുലയുണ്ടോ നിന്റെ മാറിൽ.
ഓ! പുറത്തുണ്ട് എല്ലാവരും, കണ്ണാടിവാതിലുകൾക്കപ്പുറം,
പപ്പയും, മമ്മയും, മമ്മ കരഞ്ഞുകൊണ്ടിരിക്കുന്നു,
അനിയൻ അന്ധാളിച്ചുനിൽക്കുന്നു,
ഒന്നുമില്ലെന്ന് ഡ്യൂട്ടി നഴ്സ് ചൂടാവുന്നു,
എന്നെയെല്ലാരും അലിവോടെ നോക്കുന്നു,
ഞാൻ എന്റെ ഹൃദയത്തിലെ ആളൊഴിഞ്ഞ വീട്ടിൽ നിൽക്കുന്നു,
ആ മരച്ചോട്ടിൽനിന്നുമെല്ലെ നടക്കുന്നു,
ഒഴിഞ്ഞ പേജുകളിൽ കവിതയില്ലെന്നുതോന്നുന്നു,
ചുമ്മാതെ കിടന്നുറങ്ങാനും എനിക്ക് തോന്നുന്നു,
നേത്രാവതി എക്സ്പ്രസ് നിർത്തിയിട്ടെന്നുതോന്നുന്നു,
യൂണിവേഴ്സിറ്റികൾക്ക് തീപിടിച്ചെന്നുതോന്നുന്നു,
എന്റെ നഗരം സുനാമിയിലേക്കുമുങ്ങിപ്പോയി,
ഞാൻ മെല്ലെ ഉറക്കത്തിൽ
ഉമ്മകൾ കിട്ടുന്ന അമ്മത്താരാട്ടുകളിൽ
ചാഞ്ചക്കമാടുന്നു.

No comments: