6/1/14

ഐഡിയലിസത്തിൽനിന്ന് രക്ഷപേടേണ്ടതെങ്ങനെ

ഒരു നോവൽ
ആദിമദ്യാന്തം
നോവൽ തന്നെയായിരിക്കുന്നതാണ് പ്രശ്നം.
ഇടയ്ക്കിടയ്ക്ക് അത് ചെറുകഥയായും
കവിതയായും
കറുത്ത മൌനമായും
പനിപിടിച്ച് കിടന്നുറങ്ങുകയും ചെയ്യണം.
മനുഷ്യനെന്തുവില
എന്നാലോചിക്കുമ്പോഴെല്ലാം
അല്പം മനുഷ്യത്വം തോന്നുന്നതിൽ ലജ്ജിക്കണം.
അതുപോലെ
നീണ്ട് നീണ്ട് കിടക്കുന്ന ജീവിതത്തിലെ
ജീവനെന്ന സങ്കല്പം
എത്ര ഹ്രസ്വം വെറും ഐഡിയലിസം.
ഉദാഹരണത്തിന് മഹാന്മാർ
ഗോഡ്സെയെക്കുറിച്ച്
ആവട്ടെ-
കാമുകനാണെന്നിരിക്കട്ടെ-
അയാൾ കവിതയെഴുതുന്നു എന്നുമായിരിക്കട്ടെ
അപ്പോൾ
ഗാന്ധിജി ഒരു ശല്യം നിറഞ്ഞ
ഓർമ്മയായി വന്നേക്കാം.
സ്വസ്ഥമായൊന്നുപ്രേമിക്കുമ്പോഴേക്കും
ഏറ്റം ദരിദ്രനും ആലംബഹീനനുമായ വ്യക്തിക്ക്
ഈ ലൈംഗികതകൊണ്ട് എന്താണ് പ്രയോജനം എന്ന കുറ്റബോധം തോന്നും.
തോക്കിലിനിയും വെടിയുണ്ട ബാക്കിയുണ്ടോ എന്നു നോക്കുമ്പോൾ
ഗാന്ധിജി ഒരു കള്ളച്ചിരിയുമായി ഓടിക്കളയും.
ഇനി ഈ കഴപ്പുതോന്നാത്ത കാമുകനാണെന്നിരിക്കട്ടെ
അയാൾക്ക് മറ്റെന്തെങ്കിലും വ്യായാമം വേണം
വഴികണ്ടുപിടിക്കൂ
ഒളിച്ചിരിക്കുന്നതു കണ്ടുപിടിക്കൂ
എന്നൊക്കെ
അയാൾ ബാലരമ വായിച്ച് ആശങ്കപ്പെടും.
ചാരും മജുംദാർ ഗാന്ധിജിയുടെ മടിയിൽ വീണു പൊട്ടിക്കരയും.
ഏതായാലും പരീക്ഷണത്തിനുള്ള ഒരവസരം കൊടുത്തേക്കാം.
ചിലപ്പോൾ ചിത്രവരയിലാവും ശോഭിക്കുക
ചോരയും ഒരു ചായമാവും
ചങ്കുകണ്ടാൽ ചെമ്പരത്തിപ്പൂവു പോലെ തോന്നും.
എന്തെങ്കിലും കഴിച്ചാലോ
വിശപ്പു തീർന്നുപോവും
രുചി അടങ്ങിക്കിട്ടും
ഉറക്കം വരും.
ഉറങ്ങുന്ന രാജ്യത്തിൽ വെടിയുണ്ടകൾ ആവശ്യമില്ല.
നാളെ പത്രം വരും
ചാനലുകളിൽ വാർത്തയുണ്ടാവും
അത് കണ്ട് നമുക്ക് എന്തെങ്കിലുമൊക്കെ തോന്നും.
ദേഷ്യമോ, അഭിമാനമോ സ്നേഹമോ
ആർക്കറിയാം.
പറഞ്ഞ് പറഞ്ഞ്
അർത്ഥം നഷ്ടപ്പെട്ടു-
മഹാപുരാണം-
നോക്കുന്നവർക്കൊക്കെ സർവ്വത്ര വിരക്തി.
എന്നാപ്പിന്നെ
തൂങ്ങിച്ചത്തേക്കാം
കഥയും കവിതയുമൊക്കെയാൽ
അവസാനിപ്പിക്കണമല്ലോ.
എത്ര സുവിശേഷം പ്രസംഗിച്ചിട്ടും കാര്യമില്ല.
ഉയർത്തെഴുന്നേറ്റാൽ മാത്രമേ ക്രിസ്തുവാകൂ.
നോവൽ തന്നെയായിരിക്കുന്നതാണ് പ്രശ്നം.
പല്ലും നഖവും ഉപയോഗിച്ചുപ്രേമിക്കണം-
വെറുതേ ഉമ്മ വെച്ചുകൊണ്ടിരുന്നാൽ‌പ്പോരാ.

No comments: