6/9/14

ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് അഥവാ ഒന്നിനെക്കുറിച്ച് മറ്റൊന്നിൽനിന്ന്
ദാരിദ്ര്യത്തെക്കുറിച്ച്
കറുത്ത തൊലിയെക്കുറിച്ച്
ഡെനിം ജീൻസിനെക്കുറിച്ച്
കീറിത്തുന്നലിടുന്ന ഫാഷനെക്കുറിച്ച്
നരയുടെ സാധ്യതകളെക്കുറിച്ച്
മുടിവെട്ടാനോ കാശില്ലാത്തതിനെക്കുറിച്ച്
താടിരോമങ്ങൾ ചിലപ്പോൾ
സർക്കാർ സ്കൂളുകളിലെ അറ്റൻഡൻസുപോലെ
ഇതൊക്കെ
എപ്പോൾ വേണമെങ്കിലും
ബ്രേക്ക് ഡൌണാകാവുന്ന സ്റ്റേറ്റ് ബസിനെപ്പോലെ
എന്നാലും എത്ര കഷ്ടപ്പെട്ട് ഇതിലൊക്കെ
കയറിപ്പറ്റുന്നു  നമ്മൾ
അപ്പോഴും-
ഒന്നിനെക്കുറിച്ച് പറയാതെ
മറ്റൊന്നിലേക്ക് കടക്കാൻ കഴിയുന്നില്ലല്ലോ.
പരസ്പരം കൊന്നുതിന്നാനും മാത്രം
വിശന്നുവിശന്നു വേട്ടയ്ക്കിറങ്ങിയവരെക്കുറിച്ച്
ആണുങ്ങൾ ആണുങ്ങൾ തന്നെയെന്ന്
വീമ്പു പറയുന്നവരെക്കുറിച്ച്
അയാളും ഫാസിസ്റ്റാണെന്ന്
ചൂണ്ടുവിരലുകൾ പരസ്പരം
തലയറുത്ത് കോർക്കുന്നതിനാൽ
ഒരു പക്ഷെ വെൻട്രിലോക്ക്വിസ്റ്റുകളുടെ
സാധ്യതകൾ ഏറിവരികയാവാം.
എന്തായാലും
കലാപങ്ങളുണ്ടാവും
പലായനം ചെയ്യേണ്ടി വരും
ദാരിദ്ര്യത്തെക്കുറിച്ച്
പിന്നെയും കവിതകളെഴുതപ്പെടും.
ആദ്യമായി വാങ്ങിയ
കോട്ടൻ ജീൻസിന്റെ
ചന്തി കീറിയതിൽ
നിരാശതോന്നും
നരച്ചുതുളവീണ
ജട്ടിക്ക് അങ്ങനെ
ആഗോളവൽക്കരണത്തിന്റെ
അപായങ്ങളെ
ഓർമ്മിച്ചോർമ്മിച്ച്
ഫാഷൻ എന്നുപറഞ്ഞേക്കാൻ കഴിയാത്ത
അപമാനഭാരത്താൽ ചിലപ്പോൾ….
ഒന്നിനെക്കുറിച്ച് പറയാതെ
മറ്റൊന്നിലേക്ക് കടക്കാൻ കഴിയാത്തതിനാലാവും.
അപ്പോഴും
ഫാസിസ്റ്റുകൾക്കെതിരെ
നിങ്ങളുടെ കൈ ഉയരാത്തതെന്തെന്ന്
ഗുദം പൊത്തിനിന്നുകൊണ്ട്
അടിവസ്ത്രത്തെ എങ്ങനെയാണ്
ഒറ്റാനാവുക?

No comments: