6/12/14

ശരിക്കും മോളുടെ മമ്മിയാണ്

 അന്യവീടുകളിലെ പൊരിച്ചമീൻ മണത്ത്
കുട്ടിക്കാലത്ത് കളിക്കാൻ പോയിരുന്നു,
കളിച്ചു പിന്നെ കുറേ നേരം കഴിയുമ്പോൾ
എന്തെങ്കിലും കഴിച്ചിട്ടുപോകാം എന്നവർ നിർബന്ധിക്കുമല്ലോ.
പക്ഷെ പെണ്ണിനെ കാണുമ്പോൾ
അന്നുതോന്നാത്തത് ഇപ്പോഴെല്ലാം തോന്നുന്നു.
ടെറസിൽ ഉണക്കാനിട്ടിരിക്കുന്ന അവളുടെ തുണികളെ
വാരിയെടുത്തുമ്മ വെക്കാൻ തോന്നുന്നു.
ക്രിക്കറ്റുകളിച്ച് വിയർപ്പൊപ്പുമ്പോൾ
അവളുടെ മണമുള്ള കാറ്റുവന്നുമ്മവെക്കുന്നു.
മഴ കാരണം കളിയുപേക്ഷിക്കുന്നു
എന്നു കൂട്ടുകാരന്റെ കമന്ററി കേൾക്കുന്നു.
ഹാ!
ഓടിപ്പോവുന്ന ഒരു മഴയാണ് പെണ്ണെന്ന്
അതോ ഓടിപ്പോവുന്ന ഒരു പെണ്ണാണ് മഴയെന്നാണോ
ആവോ, ഈ തോന്നലുകൾ തോന്നും മുമ്പേ-
ശരിക്കും എന്തായിരുന്നു എല്ലാമെല്ലാം.
കാലം കടന്നുപോവുമ്പോൾ
ആകസ്മികമായി തോന്നുന്ന ആക്രാന്തങ്ങളെ
ഒരു പക്ഷെ
പിന്നെയും പിന്തുടർന്നുപോവുമ്പോൾ
സന്തൂർ സോപ്പിന്റെ പരസ്യത്തിലെപ്പോലെ
ഒരു പെൺ കുട്ടി ഓടിവരുന്നു.

No comments: