5/3/14

യൂസർ ദിനങ്ങൾ

ആർത്തവരക്തമൊലിപ്പിച്ചുനിൽക്കുന്ന
മെയ്മാസത്തെ മരങ്ങൾക്കിടയിലൂടെ
നമ്മൾ നടന്നുകൊണ്ടേയിരുന്നു.
പൊടിമണ്ണടർന്നവഴികളിൽ
വേനലുരുകി ചുംബിച്ചു ചുംബിച്ച്
ആർത്തിയോടെയും അതിദാഹത്തോടെയും
വിരലുകൾ ആരും കാണാതെ
പരസ്പരം കോർത്തുപിടിച്ച്.
എനിക്കു നിന്നെ ഭോഗിക്കണം
എന്നുച്ചക്കാറ്റു വല്ലാതെ ഉഷ്ണിച്ചു.
യൂസർ പിന്നെയും പിന്നെയും
പ്രണയത്തിനെന്തർത്ഥമെന്നു വ്യാകുലപ്പെട്ടു.
അവസാനിച്ചുകൊണ്ടിരിക്കുന്ന സമയത്തിലും,
നിഴലുകൾ പെരുകിപ്പെരുകി
നിശ്ചയമായും രാത്രിയാവും വരെ മഴപെയ്തതിട്ടില്ല,
ഘടികാരങ്ങൾ നിശബ്ദമായി എണ്ണിത്തീർന്നു,
വാലിഡിറ്റി തീർന്ന ടോക്ക്ടൈമുകൾ, ഹാ!
നിലച്ചിരിക്കുന്നു.
പള്ളികളിലെ അവസാനത്തെ പ്രാർത്ഥനപോലെ
സമാധാനമായി ഭവനങ്ങളിലേക്ക് പോവുക,
വഴികൾ അവിടേക്കുചെന്നവസാനിക്കട്ടെ.

No comments: