5/6/14

മുതലക്കുണ്ടിലെ ചന്ദ്രൻ

മുതലക്കുണ്ടിലെ ചന്ദ്രനും
വിജയനും
ഒരേ ക്യൂവിലുണ്ടായിരുന്നു
രണ്ടാളകലത്തിൽ.
പറഞ്ഞിട്ടെന്താ.

അന്നൊരു വൈകുന്നേരമായിരുന്നു,
സ്വകാര്യബസ്സുകൾ മിന്നൽ‌പ്പണിമുടക്കായിരുന്നു
ചന്ദ്രൻ മറ്റൊരാവശ്യത്തിനും വന്നതല്ല
മറ്റൊരാവശ്യവും ഇല്ലായിരുന്നു
പറഞ്ഞിട്ടെന്താ

ആവശ്യപ്പെടാതെ വന്നവന്റെ സ്നേഹം
ഇരുട്ടുപോലെനിറഞ്ഞുനിന്നു രാത്രിയിൽ,
എന്നാപ്പിന്നെ ഉറങ്ങിക്കോ എന്ന്
മെല്ലെ കാതിൽ പറഞ്ഞു,
ചുണ്ടുകളിലേക്കു ചുംബനം തന്നു,
തണുക്കുന്നു, എന്നാലോ,
ഈ മണ്ണിന്റെ തണുപ്പ് തന്നെ എന്റെ നെഞ്ചിനും.
പോട്ടെടാ, ഇനിയിപ്പോ പറഞ്ഞിട്ടെന്തിനാ.

തുമ്പിയെപ്പിടിക്കാനോടിയ കഥയോ
മാങ്ങയ്ക്കായി കല്ലെറിഞ്ഞതോ
സ്കൂളിലെ മണി നേരത്തേയടിച്ചതോ
ഒന്നുമാരുമോർക്കുന്നില്ല
അത്ര തമാശക്കാരനൊന്നുമല്ല,
വിജയൻ പണ്ടേ നല്ല കൂട്ടുകാരനുമല്ല,
എന്നിട്ടും എന്നിട്ടും
ഓ ഇനി പറഞ്ഞിട്ടെന്താ

ഓരോന്നിന് കുടിച്ചിട്ട് ഓഫായിക്കിടക്കാൻ കണ്ട സ്ഥലം,
അമ്പലമായാലും പള്ളിയായാലും മതേതരത്വമാണെല്ലാം.
ഇനിയിപ്പോ പറഞ്ഞിട്ടെന്താ

കപ്യാര് അതുതന്നെ പറഞ്ഞു, മുടിയാനായിട്ട്,
വിജയനും ചന്ദ്രനും പുണർന്നു പുണർന്ന്,
എന്നിട്ടും ചന്ദ്രനെ മോർച്ചറിയിലേക്കു കൊണ്ടുപോയി,
വിജയന് തോന്നി: ചന്ദ്രനെമ്മാതിരി മത്ത്
ഇനിയിപ്പോ പറഞ്ഞിട്ടെന്തിനാ.

മേഘങ്ങൾക്കിടയിലിരുന്നു നോക്കുന്നു,
മുതലക്കുണ്ടിലെ ചന്ദ്രൻ,
മേഘങ്ങളെ പുതച്ചു പുതച്ചു തണുത്ത കാറ്റത്ത്,
ഇടയ്ക്കിടെ പെയ്തുപെയ്ത്,
വഴിക്കുണ്ടുകളിൽ പഴയ പാട്ടും മൂളി
പള്ളിമുറ്റം കടക്കുമ്പോൾ
ഒരൊറ്റക്കുണ്ടിൽ കിടപ്പുണ്ട്,
ചന്ദ്രാ‍ാ, നിനക്കെമ്മാതിരി മത്ത്.

No comments: