4/30/14

ആൺകുട്ടിയുടെ കവിത

പെണ്ണുലകമേ,
നീ നഗരത്തിന്റെ വിരൽത്തുമ്പിലൊരുകടൽ,
ഭാഷകൾ നൊന്തുപെറ്റ നിന്റെ ഗർഭപാത്രങ്ങൾ.
പാവം, ആൺകുട്ടികളുടെ ആകാശമേ,
നാം ചുമ്മാ കടലുകണ്ടിരിക്കുന്നു.
കണ്ടുകണ്ടങ്ങിരിക്കുന്നു,
അവൾ പിന്നെയും കണ്ടില്ലെന്നു നടിക്കുന്നു.
ഒന്നുറക്കെ കരഞ്ഞുതീർക്കാനാവാതെ
മേഘങ്ങൾ നമ്മിൽ ഗതികെട്ടലയുന്നു.
പൂക്കൾ തരും മരങ്ങൾ ദൃഡമായ കഴുത്ത് കാട്ടുന്നു,
തൂങ്ങിമരിക്കൂ, വരൂ ആകാശമേ, പ്രേമരോഗീ
എന്നിലേക്കു നിന്റെ നീലയുടുപ്പുകളുലച്ചുതൂങ്ങൂ
നിന്റെ പ്രാണനെ നിഴലുപോലെ വലിച്ചെറിയൂ കഴിയുമെങ്കിൽ.
താഴോട്ടു താഴോട്ടുമ്മകളാൽ നിന്റെ ചക്രവാളങ്ങൾ ചുണ്ടുകൂർപ്പിക്കുമ്പോൾ
പതച്ച് പതച്ച്, ആണുങ്ങളെല്ലാം വെറുതേ പതയ്ക്കുന്നു
കടൽ ഒലിച്ചുപോവുന്നു,
നമ്മിൽ വെയിലേറ്റ നനവുകളിലുപ്പുനിറയുന്നു.
തുറിച്ചുനോക്കാതെ കാമമേ, നീലാകാശമേ
നിന്നുചിരിക്കാതെ വന്നുമഴയാൽ, വഷളത്തമേ
കേറിപ്പിടിക്കാതെ കാറ്റേ, മദർഫക്കറേ
സീരിയസാണോ, നീ പ്രിപ്പയേർഡാണോ
അല്ലെങ്കിൽ
നിനക്കില്ലാത്ത കുളികളാൽ കടലുകണ്ടുപനിക്കാതിരിക്കൂ
ഓ! ആകാശമേ, ചുമ്മാ എഴുതാതിരിക്കൂ
പുറന്താളുമറിച്ചുകളയുന്ന ഇവളുടെ പ്രണയത്തിന്റെ കടലിൽ.

No comments: