5/24/14

അരക്ഷിതമായ കാല്പനികതകൾ

 കവിത വായിക്കുന്നവർ ഭയപ്പെടേണ്ട
ഞാൻ അവരോടുകൂടെയുണ്ട്.
അന്വേഷിക്കുന്നവർക്ക് കണ്ടെത്താനായി
ഞാൻ ലില്ലിപ്പൂക്കളുടെ കിഴങ്ങുകൾ കുഴിച്ചിടുന്നു.
പുഷ്പിക്കും വരേയ്ക്കും അവ തികച്ചും അപരിചിതരായിരിക്കും,
ചില പെൺകുട്ടികളെപ്പോലെ.
നായകളെപ്പോലെ കാവൽക്കാരനായിരിക്കാൻ ഞാനുണ്ട്,
എന്റെ ചങ്ങലയിൽ സന്തോഷിച്ച്
നിന്റെ വാക്കുകളുടെ എല്ലുകൾ ചവച്ച് ചവച്ച്
ഞാനെപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്.
കുഞ്ഞുകുഞ്ഞു സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും തോന്നലുകൾ മാത്രം,
അത്രമാത്രം ലളിതമായി തോന്നിയേക്കാവുന്നതെന്തും.
എങ്കിലും വല്ലാതെ സങ്കടം വരുന്നു,
നമ്മളെ പ്രേമത്തോടെ മെല്ലെ നനയ്ക്കുമെന്നാശിച്ച മഴ
കരയാനായി മാത്രം മരണവീടുകളന്വേഷിച്ചു നടക്കുന്നു.
കവിതയിലേക്കുപെട്ടുപോവാതിരിക്കാൻ മിണ്ടാതിരിക്കുന്നവർ.
മൌനത്തിന്റെ പൊരുളുകൾക്ക് സുഖപ്രസവം ആശിക്കുന്നു.
എന്റെ പൊരുളുകളല്ലെന്നു നിഘണ്ടു നിഷേധിച്ചിട്ടുണ്ട്.
മരണപ്പെട്ടുപോയവരുടെ കവിതകൾ
പഴയ വാക്കുകളുടെ ശവപ്പെട്ടിതുറക്കുന്നു.
വാക്കുകളുടെ ലിംഗം മാത്രമാലോചിച്ചപ്പോൾ
മരിച്ച വാക്കുകൾ ലിംഗം ഉപയോഗിക്കുന്നുണ്ടാവില്ല എന്നുതോന്നി.
വെറും കാല്പനികമായ അരക്ഷിതാവസ്ഥ മാത്രം തോന്നുന്നു.
രക്ഷിക്കാനാരെങ്കിലും വരുമെന്നതാണ് ഓരോ കാല്പനികതയെയും,
പിന്നെയും കാല്പനികമാക്കുന്നത്;
അങ്ങനെമാത്രമേ ഒരു കവിതയെഴുതിമുഴുമിപ്പിക്കാനാവൂ.
അപ്പോഴും ശരിക്കുള്ള കാല്പനികത ശവപ്പെട്ടിയിൽത്തന്നെയാവും,
ഉദ്ധരിച്ചുമറന്നുപോയ വാക്കുകളും അവയുടെ ലിംഗങ്ങളും.

No comments: