5/28/14

വീണ്ടും ഉപന്യാസം എഴുതിയേക്കാമെന്നു തീരുമാനിക്കേണ്ടി വന്നു

മാറിക്കെട എന്നു നേർവഴിയോട്
നേരുപറഞ്ഞാലും മാറില്ല,
പിന്നെ കൂടെക്കെട എന്നായാലേ തരമുള്ളൂ.
അവളുടെ ഹൃദയത്തിലേക്കുള്ള വഴിയെപ്പറ്റി
ഗഹനവും ചിന്തോദ്ദീപകവുമായ ഉപന്യാസരചനയിലേർപ്പെടാൻ,
ഈ വൈകുന്നേരം,
ലെവൽക്രോസിനടുത്തുള്ള ഹോട്ടലിലെ
മുറിയിൽനിന്നുള്ള ജനാലക്കാഴ്ച്ചമതി.
കണ്ണാടിയിലിങ്ങനെ കണ്ടുനിൽക്കാൻ എന്തു രസമെന്ന കൌതുകം
എന്റെ നെറ്റിയിൽ അവൾ പൊട്ടുകുത്തി,
എന്റെ മോൾക്കിതേ കണ്ണും പുരികവും വേണമെന്നു വല്ലാതെകൊതിച്ചപ്പോൾ
ജീവിതം എത്ര ഹ്രസ്വവും വിരസവും ഭാവനായുക്തവുമെന്നുതോന്നി.
അവളുടെ കണ്ണിൽത്തന്നെ നോക്കിയിരുന്നാൽ,
കടൽ ചിലനേരം നൂലുകളാൽ
മേഘങ്ങളെ
പട്ടങ്ങളാക്കി ഉയരത്തിൽ
പറത്താറുണ്ടെന്നുതോന്നുന്നു.
പിന്നെയും അവളുടെ കണ്ണിലേക്കു നോക്കി
ഊറിയൂറിവരുന്ന ഒരരുവിയുടെ അലിവിനാൽ
ആത്മാർത്ഥമായ പ്രേമം തോന്നിപ്പോവുന്നു.
പക്ഷെ ഉപന്യാസം,എനിക്കെങ്ങും വയ്യ എന്നുപറഞ്ഞ്
കവിതയെഴുതാൻ തുടങ്ങി,
പ്രേമത്തിനിങ്ങനെയും മടുപ്പുതോന്നുമോയെന്ന്
ഉപന്യാസം വീണ്ടും തുടർന്നെഴുതിയേക്കാനിടയുണ്ട്.
ജീവിതം തന്നെയെഴുതുന്നതെന്തിനെന്നു ക്ഷോഭിച്ച്
ജീവിതമേ മാറിക്കിട എന്നു കവിത ആദ്യത്തെവരിയെഴുതി
എങ്കിൽ കൂടെക്കിട എന്നു ജീവിതം കവിതയോടെഴുതി,
ആദ്യത്തെ ദാമ്പത്യകലഹത്തിനു തുടക്കമായി,
അങ്ങനെ വീണ്ടും
ഉപന്യാസം എഴുതിയേക്കാമെന്നു തീരുമാനിക്കേണ്ടി വന്നു.

No comments: