5/22/14

എതിർദിശകൾ

 ചുവരിലെ ക്ലോക്കിന്റെ എതിർദിശയിലാണ് കാറ്റ്
അതുകൊണ്ട് ഫാൻ ഒരു പാടു പ്രതീക്ഷകളുമായി കറങ്ങിക്കൊണ്ടിരിക്കുന്നു.
സമയത്തെ പറത്തിവിടാൻ ശ്രമിച്ചിട്ട് ഹയ്യോ! വീഴാതെ മച്ചിൽത്തന്നെ തൂങ്ങുന്നു തലകീഴായ്.
വല്ല വിധേനയും പിടിച്ചുനിൽക്കുകയാണ്.
ആകാശത്തിലെ മഹാനായ കാറ്റോ
മുള്ളൻ പന്നികളെപ്പോലെ മഴകളാൽ കൂർത്തിറങ്ങി നോവിക്കുന്നു.
ശ്വാസം മുട്ടുന്നമ്മേ, കിണറ്റിൻ കരയിലൊരുകുഞ്ഞുബാലനെ അമ്മ
തലവഴിയെ വെള്ളമൊഴിച്ചു കുളിപ്പിക്കുന്നു.
കഴുകിക്കളയാവുന്ന ഒരു ദിവസത്തിന്റെ സകലയോർമ്മകളുമായ് -
എന്തു പഠിക്കുന്നു ജീവിതത്തിൽനിന്നു, ഹാ കൊല്ലപ്പരീക്ഷകൾ കടന്നുപോയിരിക്കുന്നു.
നമ്മൾ ജയിച്ചതായി ആനന്ദിക്കുന്നു, പിന്നെയും വാക്കുകളുടെ അടിമകളായ് നിലവിളിക്കുന്നു
കരുണയ്ക്കായ് യാചിക്കുന്നു, ഹോ ഉഗ്രൻ പ്രസംഗം എന്നു കയ്യടിച്ചു വോട്ടുകുത്തുന്നു.
അല്ലെങ്കിലും പ്രിയപ്പെട്ടവളേ, ഇടുപ്പെല്ലുകൾ വിടർത്തിയ അകലങ്ങളിൽ നിന്ന് നമ്മൾ കരഞ്ഞുകൊണ്ടു ജനിച്ചപ്പോഴും,
നമ്മുടെ തൊലികൾ ലോകത്തെ ആദ്യമായ് സ്പർശിച്ചപ്പോഴും
പൊന്തിവന്ന ചൂടുകുരുക്കൾ, പിന്നെയും എത്ര ബാലാരിഷ്ടതകൾ,
നമ്മുടെ പ്രണയങ്ങൾ, അതിൻ പരാജയങ്ങൾ,
പശു എപ്പോഴും അയവിറക്കിക്കൊണ്ട് രുചിയില്ലാതാവട്ടെ എന്ന് നമ്മെ ശപിച്ചിരിക്കുന്നു,
നമ്മുടെ ഓർമ്മകളെ എല്ലാവരും ശപിക്കുന്നു.
നമ്മുടെ വിപ്ലവങ്ങളെ മൂക്കുകയറിട്ടുനിർത്തി തൊഴുത്തുകളിൽ പോറ്റുന്നു,
കറന്നെടുക്കുന്നു, ചെനപിടിക്കാതെ അറവുകാരനു നൽകുന്നു,
നമ്മുടെ അരിവാളുകൾ പുല്ലരിഞ്ഞ് പശുക്കൾക്ക് നൽകുന്നു.
പിളർന്നുപോവുന്നു കാറ്റിന്റെ ഇരുപാളികൾ
നമ്മുടെ വീട്ടിലേക്ക് കാറ്റ് സഞ്ചരിക്കുന്നില്ല
നമ്മുടെ കൂ‍ട്ടുകാരും പരിചയക്കാരും തിരക്കുകളുണ്ടെന്നുപറഞ്ഞ് രക്ഷപെടുന്നു,
ജീവിതത്തെ പ്രാക്ടിക്കലായിക്കാണൂ എന്ന് ഉപദേശിക്കുന്നു
എന്നോട് തടവറയുടെ നിഴൽ പിന്നിലുണ്ടെന്നും
വിയർപ്പിനൊപ്പം ചോരയും ചിന്താനുണ്ടാവുമെന്നും ഒരു ചരിത്രകാരൻ വന്നുപറയുന്നു.
ചരിത്രം കണ്ണടകൾ കൊണ്ട് വായിക്കേണ്ടതാണെന്നും
ഓരോ കണ്ണുകൾക്കും വ്യത്യസ്തമായി കാണാൻ കഴിയുമെന്നും,
പരിഭ്രമവും വിദ്വേഷവും തോന്നിയേക്കാമെന്നും
എന്നാൽ നീ കരുതും പോലെ
കവിതയെഴുതി ലോകത്തെ മാറ്റാനാവില്ലെന്നും
കവിത കുളിമുറികളിലെ സ്വയം ഭോഗമായെന്നും
ആരും കുളിസീൻ കാണാൻ മെനക്കെടാറില്ലെന്നും
അയ്യോ! എനിക്കുമാത്രം വെളിപാടുകൾ തോന്നുന്നു.
ഞാൻ കവിയല്ല, കാമുകനാണെന്നു ബോധ്യമാവുന്നു
അതുകൊണ്ട് ചിലപ്പോൾ സ്വപ്നങ്ങൾ കണ്ടുറങ്ങാൻ കഴിഞ്ഞേക്കും,
പക്ഷെ ഇതു രണ്ടുമല്ലാത്ത
വെറും ചരിത്രം മാത്രം വായിക്കുന്നവരെയോർത്ത്
എനിക്ക് ദു:ഖം തോന്നുന്നു,
എനിക്ക് ദു:ഖം തോന്നുന്നു.

No comments: