5/9/14

പണ്ടാരോ പറഞ്ഞത്

പണ്ടാരോ പറഞ്ഞിട്ടുണ്ട്
ആകാശം നീലയിൽ നിന്നും ചുവപ്പിലേക്ക് വന്നുകഴിഞ്ഞ്
ഓരോ വൈകുന്നേരവും,
സ്ക്കൂളടച്ചും ഓഫീസടച്ചും
കടകളടച്ചും
സിനിമാശാലകളടച്ചും
പിന്നെ ആശുപത്രികളും അറവുശാലകളും മാത്രം തുറന്നിരിക്കുമ്പോൾ,
നഗരത്തിൽ റോഡുകൾ മുലകളെമറച്ച് ഉറങ്ങുന്നതും
എല്ലാരും തിരികെപ്പോകുന്നതും
ആകാശം ശരിക്കും കറുത്തുപോവുന്നതും രാത്രിയാവുന്നതും,
നമ്മൾ വീടുകളിൽ ഇങ്ങനെ മഴകാത്തിരിക്കുന്നതും,
( മുറ്റത്തെ മാവിൽനിന്നാണ് രാത്രി ചാടിവീഴുന്നതെന്നുതോന്നുന്നു,
പെട്ടെന്നു മഴപെയ്യുന്നു,
ചാടിവീണവൻ അവിടെത്തന്നെകിടക്കുന്നു,
അങ്ങനെത്തന്നെയവന് കിട്ടണം കിട്ടണം,
 രാത്രിക്ക് നാളെ പനിപിടിക്കാതിരിക്കട്ടെ, ഈ നശിച്ച മഴ!)
ഇനി നമുക്കോരോന്നൊഴിക്കാം , കാത്തിരിക്കാനൊന്നും വയ്യാ വയ്യ.

മഴ പെയ്യാനായി കുറേ മേഘങ്ങളുമായി ജാഥയായി വരുമ്പോൾ,
മഴയുടെ കൊടി കരിങ്കൊടി.
ഒലിക്കുന്ന ചോരയ്ക്കുനിറമില്ല,
അല്ലെങ്കിലും ചോപ്പ് അത്രയ്ക്ക് നല്ല നിറമല്ല,
ചെമ്പരത്തിപ്പൂവാണ് ആകാശത്തിന്റെ ഖൽബിലും പൊന്നേ.
ഓരോന്നൊഴിച്ചാലോ കാത്തിരിക്കാനൊന്നും വയ്യാ വയ്യ.

എനിക്ക് പ്രസവിച്ച ഒരുപൂച്ചയെവേണം,
അതിന്റെ കുഞ്ഞുങ്ങളെ അത് ഇരതേടാൻ പഠിപ്പിക്കുന്നതുകാണണം,
എനിക്കിനി പഠിക്കേണ്ടത് പൂച്ചയിൽനിന്നാണ്,
ഇരപിടിക്കാനൊക്കെ പോവാനുണ്ടെങ്കിലും ഇഷ്ടം പോലെ,
ഉണരും വരെ മനസ്സമാധാനത്തോടെ ഉറങ്ങാനാവണം.
എന്തായാലും ഓരോന്നൊഴിക്കാം നമുക്ക്.

പണ്ടാരോ പറഞ്ഞിട്ടുണ്ട്
പണ്ടാരോ പറഞ്ഞു എന്നു പറഞ്ഞാൽ ഈ പണ്ടാരോ ശരിക്കും ഒരു മഹാൻ തന്നെ
മറ്റാരോ ആ‍ണെന്നുതോന്നിയാലും അതും പണ്ടാരോ പറഞ്ഞതാണെന്നേ.
ഇനി ആരെന്നുശരിക്കോർമ്മയില്ലെങ്കിൽ അത് പണ്ടാരോ തന്നെപറയും.
ഓരോന്നൊഴിച്ചാലോ, കാത്തിരിക്കാനൊന്നും വയ്യാ വയ്യ.

പെൺകുട്ടികൾ മുറ്റമടിക്കുന്ന സീൻ ഇപ്പോഴില്ല,
കുളത്തിലോ, പുഴയിലോ പോയി ഒളിഞ്ഞുനോക്കിയിട്ടും കാര്യമില്ല,
അവളുടെ എ കാണാൻ എന്താണൊരു വഴി ശങ്കരാ,
എല്ലാരും ഫ്രണ്ട്സ് ആണ്, കാര്യമൊക്കെ ശരിയാണ്,
പഴയ പോലെ ചപ്പ്ലാച്ചിയാണിപ്പോഴും പ്രേമം.

പണ്ടൊക്കെ വേലികളുണ്ടായിരുന്നു,
വേലിക്കപ്പുറത്ത് ആരെല്ലാം ചൂളമടിച്ചു നടന്നിരുന്നു നട്ടുച്ചകളിൽ.
വേലി ഇടക്കെല്ലാം വിളവ് തിന്നിരുന്നു.
നെൽ‌പ്പാടങ്ങളും വരമ്പുകളുമുണ്ടായിരുന്നു,
കൊയ്തെടുക്കാനും, ഒരു മണിപോലും കൊടുക്കാതിരിക്കാനുമറിയാമായിരുന്നു.
ആമ്പലുപൊട്ടിച്ചുകൊടുത്തും ചാമ്പക്ക കൊടുത്തും
അത്യാവശ്യമൊക്കെ വളച്ചെടുക്കാമായിരുന്നു.
ഓ! ഓരോന്നോർക്കുന്നതിനെക്കാളും ഓരോന്നൊഴിക്കുന്നതാണു സുഖം സുഖം.

അവന്റെ നമ്പറിൽ ഒന്നു ട്രൈ ചെയ്യടേ,
എവിടെയെത്തി എന്നു ചോദിക്ക്,
കാത്തിരിക്കാനൊന്നും വയ്യ,
സംഗതി തീരാറായി,
പറഞ്ഞല്ലോ, എല്ലാർക്കും കഥകളുണ്ട്,
ഓരോന്നുകൂടി അടിച്ചോ.

എനിക്ക് പ്രസവിച്ച ഒരു പൂച്ചയെവേണം
ഓരോ പൂച്ചക്കുഞ്ഞിനെയും കടിച്ചെടുക്കണം,
അതിന്റെ രോമങ്ങളിൽക്കൂടി എന്റെ രോമങ്ങളെക്കടത്തിവിടണം,
ആഹാ! ഉമ്മകൾക്കെന്തിനാണീ നഖങ്ങൾ.
മറക്കണ്ടാ, ഇനി ഓരോന്നടിച്ചോ, ഓരോന്നുകൂടി

ഒരു കല്ലെടുത്താകാശത്തേക്കെറിഞ്ഞ് ഒരു ഹൈപ്പർബോളയെക്കാണണം.
പിന്നെ അതുവീണുപോയെടുത്തുചെന്നു കൂടെപ്പറന്ന ആ ഹൈപ്പർബോള ആരെണെന്നുചോദിക്കണം,
കള്ളം പറയല്ലേടീ നായിന്റെ മോളേ, എന്നുകൊലവിളിക്കണം,
തൽക്കാലം ഓരോന്നടിക്കണം, പക്ഷെ എനിക്കു പകരം ചോദിക്കണം.

ശലഭത്തിനോട് പറയണം,
ചിലപ്പോൾ നീ കാണുന്ന പൂന്തോട്ടം ഒരൊറ്റപ്പൂവാണെന്ന്.
ഓ, അവളുമാരോട് പോകാൻ പറ,
തുലയാൻ പറ,
മഴ പെയ്യുന്നുണ്ട്,
തണുപ്പുണ്ട്,
മുന്നിൽ ഇരിപ്പുണ്ട്, ഒഴിയാതെ,
ഓരോന്നുകൂടി ഒഴിക്കട്ടെ,
കാത്തിരിക്കാനൊന്നും വയ്യാ വയ്യ.

No comments: