5/10/14

ഉറമുറികൾ

 ഇന്നലെയാണ് ഈ ലോഡ്ജിൽ മുറിയെടുത്തത്,
കട്ടിലിനടിയിൽ നിന്നാണ് കിട്ടിയത്
ഉറ
അവളോ അവനോ നിർബന്ധിച്ചിരിക്കും അവനെ.

സംസാരിച്ചിരുന്നു ഏറെ നേരം,
ഒടുവിൽ അഷ്റഫ് വന്നു പറഞ്ഞു,
കൂട്ടുകാരൻ ഇന്നിവിടെ താമസിക്കുന്നെങ്കിൽ വേറെ മുറിയെടുക്കണം.
ഉറ വേണമെന്നു തോന്നിയില്ല
എങ്കിലും മുമ്പൊക്കെ തോന്നാറുണ്ടായിരുന്നു.

മ്ലേഛൻ എന്നാരെങ്കിലും വിളിക്കുന്നതിനെ ഞാൻ ഭയക്കുന്നു,
സദാചാരം കപടമാണെങ്കിലും ഞാനതിനെ സ്നേഹിക്കുന്നു,
രാഷ്ട്രപിതാവുപോലും ഈ സദാചാരം കപടമാണോ എന്നു പരീക്ഷിച്ചിരുന്നു,
പരീക്ഷണങ്ങളിൽ ഏർപ്പെടുമ്പോൾ ഉറ വേണമെന്നാണ് അവന്റെ പക്ഷം.

ഈ ലോഡ്ജിന്റെ ചുവരിൽ നിറയെ ചോരക്കറയാണ്,
കൊടി സുനിയും കിർമ്മാണി മനോജും ഇവിടെ താമസിച്ചിരുന്നോ,
ഇല്ല കുറേയേറെ കൊതുകുകളും അവയുടെ ഭോഗത്തിനു കുറേ വിഷണ്ണന്മാരും മാത്രം,
ശ്രദ്ധിക്കുക; അടിച്ചിട്ടും പിന്നെയും പലപ്രാവശ്യം ഈ കൊതുകകളെ-
അടിച്ചതായി കണ്ടതിനാൽ ഒരു ഇന്ത്യാവിഷൻ ശങ്ക എന്നിൽ ക്യാമറയുണർത്തി.
വിരിപ്പുകളിൽ മാഞ്ഞുപോയപോലെ കണ്ട കറകൾ,
തലയിണയുറകളിലെ നഖക്ഷതങ്ങൾ;
ഉറകളുടെ ഭൂതകാലം, സുഗന്ധപൂരിതമായ പായ്ക്കറ്റുകളിലായിരുന്നുവെന്നും
അവ ഓമനിക്കപ്പെട്ടത് ഉപേക്ഷിക്കപ്പെടാൻ ആയിരുന്നുവെന്നും അറിയുമ്പോൾ
ദൈവമേ, ദൈവത്തിനുള്ളത് ദൈവത്തിനു തന്നെ കൊടുക്കേണമേ.

അവളോ അവനോ അവരാരായിരുന്നു എന്നന്വേഷിക്കണം.
ഈ ഉറകളൂരിയെറിഞ്ഞാൽ മറക്കുന്ന ഓർമ്മകളെത്താങ്ങിപ്പിടിച്ച്
നാമീയാത്രകളൊക്കെച്ചെയ്യുന്നതെന്തിനെന്നുചോദിക്കണം.
മഴ, വെയിൽ, വസന്തം, എല്ലാമൊഴിഞ്ഞ്
ഉറ
ഇങ്ങനെ വിശ്രമിക്കുന്നു,
ഈ ലോകം ഒരു ഉറയാണ്
ഈ മുറി ഒരു ഉറയാണ്
ഈ കട്ടിലും പുതപ്പും
ഞാനും നീയും
സർവ്വത്ര ഉറകളാണ്, ഈ മുറി നിറയെ ഉറകൾ
മുറികളിൽനിന്നിഴയുന്ന ഓർമ്മകൾപോലും ഉറയാണ്.
ഈ പഴയ ഫാൻ എന്നെ ചുഴറ്റുമ്പോൾ ഈ കാറ്റുപോലും ഉറയാണ്,
അഷ്റഫ് പോയപ്പോൾ ഞാൻ അവനോട് പറഞ്ഞു
എനിക്ക് ഉറ വേണ്ട;
അവൻ നിർബന്ധിച്ചു, ഉറയില്ലാതെയായാൽ അവന് ഛർദ്ദിവരുമത്രെ.

No comments: