5/10/14

വാതിലുകൾ

അതുവഴിപോകുമ്പോഴൊക്കെയും വാതിലിലിങ്ങനെ നോക്കും,
എങ്ങനെനോക്കും എന്നുചോദിച്ചാലോ,
ഇങ്ങനെയിങ്ങനെ,
ആരായാലെന്താ, ഒന്നു പുറത്തുവന്നൂടേ.

വരുന്നതും പോന്നതുമൊന്നും പലപ്പോഴും ആരുമറിയാറില്ല,
എങ്കിലുമേതാണ്ടൊക്കെ കൃത്യസമയമാണ്.
സ്ഥിരമായി ഏറനാട് എക്സ്പ്രസിനു നെഞ്ചിടിക്കുന്നൊരു കമ്പിപ്പാലമുണ്ട്.
ഹോ അങ്ങനെയെന്തെല്ലാമെന്തെല്ലാം.
ആ വീട് റെയിൽ‌പ്പാളത്തിനടുത്തായതുകൊണ്ട് പ്രത്യേകിച്ചൊന്നുമില്ല,
ചാപ്റ്റർ കോളേജിലെപ്പിള്ളേർ അതുവഴിനടക്കുന്നതുകൊണ്ടൊന്നുമില്ല,
പുറത്തുവരൂ, എന്നാരും പറഞ്ഞിട്ടില്ല,
എന്നാലും,
ആരായാലെന്താ, ഒന്നു പുറത്തുവന്നൂടേ.

ഇടയ്ക്കിടെ ഇങ്ങനെ മഴപെയ്യാറുണ്ടല്ലോ,
കഴുകിയിട്ട തുണികളെ ഉണക്കാനിട്ടതൊക്കെ നനയുമോ എന്നുഭയന്നിട്ടെങ്കിലും,
കത്തുകളോ, പത്രമോ വന്നോ എന്നറിയാനെങ്കിലും
പാൽക്കാരനോ, ഒരു കല്യാണമറിയിക്കാനോ ആരെങ്കിലും,
സ്നേഹിതനോ, ബന്ധുവോ, വഴിപോക്കനോ,
ആരെല്ലാം, വരാം വരാതിരിക്കാം.
എന്നാലും വന്നില്ല, പുറത്തുവന്നില്ല.

വാതിലിലേക്കുനോക്കുമ്പോഴൊക്കെയും
നശിച്ച വൃക്ഷമേ, നീ വല്ലാതെ വളർന്നുവളർന്ന്, എനിക്കുനിന്നെക്കാണണ്ടാ.
ഗേറ്റിന്റെ തുരുമ്പുപോലെ പിന്നെയും പിന്നെയും പ്രാപിച്ചു പ്രാപിച്ച്, എന്തൊരുമുതുകഴപ്പാണിത്.
എന്റെ കണ്ണുകളെ ഇങ്ങനെ ചൂഴ്ന്നെടുത്ത് തെളിച്ചെടുക്കാൻ തോന്നുന്നു,
എന്തുകൊണ്ടാണാരെയും കാണാത്തത്.

ലെവൽക്രോസുകടന്നുപോണ ഓരോ ബസ്സിനും എന്തോ ഒളിഞ്ഞുസാധിച്ച സുഖമാണ്,
അപ്പോഴും ഞാനിങ്ങനെയിങ്ങനെയിങ്ങനെ
സോഡസർബത്ത് വിക്കുന്ന,
ജീവിതത്തിന്റെ വിരസതയെ കൊന്നച്ചാറാക്കിയടച്ചുവച്ച
വർക്കിയുടെ കടയുടെമുന്നിലിങ്ങനെ,
തുറക്കും, തുറക്കും എന്നു കാത്തുനിൽക്കാൻ,
തുടങ്ങിയിട്ടും കുറേക്കാലമായി
പക്ഷെ ഇതുവരെയും നേരിട്ടറിയാത്ത
വാതിലെന്നോട്,
ചുമ്മാ വന്നുമുട്ടാതെ എന്നു ദേഷ്യപ്പെട്ടേക്കുമോ
എന്നാലും ചുമ്മാ ഒന്നുമുട്ടിയാലോ
( മുട്ടുവിൻ എന്നേതവനാ പറഞ്ഞേ )

No comments: